കുടിനീരിനായി യുവതയുടെ കാവല്‍; കൊടുംവേനലില്‍ ഡിവൈഎഫ്‌ഐ ചെയ്യുന്നത്

തെരെഞ്ഞെടുപ്പ് ചൂടിലാണ് എല്ലാവരും. മീനച്ചൂടില്‍ വരളുകയാണ് വയനാട്. തെരെഞ്ഞെടുപ്പ് തിരക്കുകളില്‍ സാമൂഹ്യപ്രവര്‍ത്തനം മാറ്റിവെക്കുന്നില്ല വയനാട്ടിലെ യുവത.

ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കുടിനീരിനായി ഒത്തുകൂടുകയാണവര്‍. അരുവികളിലും പുഴകളിലുമെല്ലാം ചെറുതടയണകളും മറ്റും നിര്‍മ്മിച്ച് വേനലിനെ നേരിടുന്ന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും ആരംഭിച്ചു. കുടിനീരിനായി യുവതയുടെ കാവല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഷങ്ങളായി ഡിവൈഎഫ്‌ഐ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ജില്ലാകമ്മറ്റി തീരുമാനപ്രകാരം മേഖലകമ്മറ്റികള്‍ മുന്‍കൈയ്യെടുത്താണ് തടയണകളുടെ നിര്‍മ്മാണം. കഴിഞ്ഞദിവസം മാത്രം വിവിധയിടങ്ങളില്‍ നൂറോളം തടയണകള്‍ നിര്‍മ്മിച്ചു.

പ്രളയകാലത്ത് നിറഞ്ഞ പുഴകളെല്ലാം വറ്റി വരണ്ടതോടെ വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്.

പുഴകളില്‍ ഒഴുകിയെത്തുന്ന വെള്ളം ചെറുതടയണകള്‍ നിര്‍മ്മിച്ച് തടഞ്ഞുനിര്‍ത്തി അതത് പ്രദേശങ്ങളില്‍ കുളിര്‍മയേകാനാണ് ഡിവൈഎഫ്‌ഐ ശ്രമം. കൃഷിക്കും കുടിവെള്ള ആവശ്യത്തിനുമെല്ലാം ഉപകാരപ്പെടുന്ന വിധത്തിലാണ് തടയണകളുടെ നിര്‍മ്മാണം.

ഓരോ പ്രദേശത്തിനും അനുയോജ്യമായ വിധത്തിലാണ് ഇവ നിര്‍മ്മിക്കുന്നത്. ജലസംരക്ഷണത്തിനായി പൊതു ഐക്യം ശക്തിപ്പെടുത്തുകയാണ് ഡിവൈഎഫ്‌ഐ ലക്ഷ്യം. പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം വൈത്തിരി പുഴയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ നിര്‍വഹിച്ചു.

ജില്ലാ സെക്രട്ടറി കെ റഫീക്ക്, പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്, എം വിജേഷ് , ദേശീയ വനിതാ ക്രിക്കറ്റ് താരം സജ്‌ന സജീവന്‍ തുടങ്ങിയവര്‍ ഇവിടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

നൂറുകണക്കിന് യുവതിയുവാക്കള്‍ ജില്ലയിലാകെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി പങ്കെടുത്താണ് നൂറോളം തടയണകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here