സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപി പൊട്ടിത്തെറിയിലേക്ക്; മത്സരിക്കാന്‍ വിമുഖതയറിയിച്ച് കണ്ണന്താനം

സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറിക്ക് കളം ഒരുങ്ങുന്നു. പട്ടികയിൽ വീണ്ടും മാറ്റങ്ങൾ.

കെ സുരേന്ദ്രൻ ആറ്റിങ്ങൽ, അൽഫോൻസ് കണ്ണന്താനം കൊല്ലം, ടോം വടക്കൻ എറണാകുളം എന്നിവർ പരിഗണനയിൽ.

സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച പട്ടികയിൽ കെ സുരേന്ദ്രനും കണ്ണന്താനവും കടുത്ത അതൃപ്തിയിലാണ്. തന്റെ അതൃപ്തി കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ് ബിജെപി. സീറ്റിനായി രംഗത്തുണ്ടായിരുന്ന കെ സുരേന്ദ്രൻ അൽഫോൺസ് കണ്ണന്താനം എന്നിവരെ യഥാക്രമം ആറ്റിങ്ങൽ, കൊല്ലം എന്നീ മണ്ഡലങ്ങളിലേക്ക് പരിഗണിച്ചതോടെ പാർട്ടിയിൽ പോര് മുറുകി.

പത്തനംതിട്ടയ്ക്ക് പിന്നാലെ തൃശ്ശൂർ മണ്ഡലവും കിട്ടില്ലെന്നായതോടെ കെ സുരേന്ദ്രന്റെ പ്രതിഷേധം കടുത്തു. രണ്ടിൽ ഏതെങ്കിലും ഒരു സീറ്റ് കിട്ടിയില്ലെങ്കിൽ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്.

പത്തനംതിട്ട ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് അൽഫോൺസ് കണ്ണന്താനവും നിലപാടെടുത്തു. പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പിടി മുറുക്കി.

സീറ്റിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഇല്ല. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആരും പ്രതിഷേധിക്കില്ലെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.

തൃശൂർ സീറ്റിന്റെ കാര്യത്തിൽ തുഷാർ – അമിത് ഷാ കൂടി കാഴ്ചയ്ക്ക് ശേഷമേ തീരുമാനമുണ്ടാകൂ. ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരും സ്ഥാനാർത്ഥികൾ ആകില്ല.

ഇഷ്ട സീറ്റ് ലഭിക്കാത്തത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ശോഭ സുരേന്ദ്രനും എം ടി രമേശും മത്സരിക്കാത്തത്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തെ തുടർന്ന് പാർലമെന്ററി ബോർഡ് നാളെയെ ചേരൂ. യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here