സമരപോരാട്ടങ്ങളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന എറണാകുളം മഹാരാജാസ് കോളേജില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് ഊഷ്മള സ്വീകരണം. അഭിമന്യുവിന്റെ രക്തം വീണ മണ്ണില്‍ പഴയ വിദ്യാര്‍ത്ഥി നേതാവെത്തിയപ്പോള്‍ ഹാരമണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. യുവവോട്ടര്‍മാരെയും അധ്യാപകരെയും ജീവനക്കാരെയും നേരില്‍ കണ്ട് പി രാജീവ് പിന്തുണ തേടി.

നഗരത്തിലെ ചുവപ്പുകോട്ടയായ മഹാരാജാസ് കലാലയത്തില്‍ പഴയ വിദ്യാര്‍ത്ഥി നേതാവ് സ്ഥാനാര്‍ത്ഥിയായി കയറിച്ചെന്നപ്പോള്‍ സ്‌നേഹോഷ്മളമായ സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. മതഭ്രാന്തന്മാരാല്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ രക്തം വീണ മണ്ണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകളുമായും അവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കലാലയത്തിലൂടെ പ്രചരണം നടത്തി. യുവവോട്ടര്‍മാരായ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും പി രാജീവ് നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥിയായിക്കെ തന്നെ മഹാരാജാസ് എന്നും തനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിരുന്നതെന്ന് പി രാജീവ്.

പി രാജീവ് ലോക്‌സഭയിലെത്തിയാല്‍ അത് നാടിന് ഏറെ പ്രയോജനകരമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ വിവിധ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യവസായ മേഖലകളും സന്ദര്‍ശിച്ച പി രാജീവിന്റെ ആദ്യഘട്ട പ്രചരണം പൂര്‍ത്തിയായി.