വടകരയില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ വഴി മുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വീണ്ടും പാളി

വടകരയില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ വഴി മുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വീണ്ടും പാളി.വടകരയില്‍ മത്സരിക്കണമെന്ന ഹൈക്കമാന്റ് ആവശ്യം മുല്ലപ്പളി തള്ളി. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിറുത്തരുതെന്നാവശ്യപ്പെട്ട് മലബാറിലെ യുഡിഎഫ് നേതാക്കള്‍ ഹൈക്കമാന്റിനെ സമീപിച്ചു.

വയനാട് വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല ദില്ലി ചര്‍ച്ചകളില്‍ ഇറങ്ങിപ്പോയി.ടി.സിദ്ധിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന എ ഗ്രൂപ്പിന്റെ നിര്‍ബന്ധത്തിന് ഐ ഗ്രൂപ്പ് വഴങ്ങി.സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നും ഇല്ല.

ആറ്റിങ്ങല്‍,ആലപ്പുഴ,വടകര,വയനാട് സീറ്റുകളിലെ ചര്‍ച്ച നാടകിയ സംഭവികാസങ്ങള്‍ക്കാണ് ദില്ലിയില്‍ ഇടയാക്കിയത്.രാവിലെ 9 മണിയോടെ മുല്ലപ്പള്ളിയുടെ വസതിയില്‍ രമേശ് ചെന്നിത്തല എത്തി ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും വയനാട് സീറ്റില്‍ സിദ്ധിക്കല്ലാതെ മറ്റൊരാളുടെ പേര് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ദില്ലിയിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി മുല്ലപ്പള്ളിയുടെ വസതിയിലേയ്ക്ക് എത്താതെ മാറി നിന്നു.

ഏറെ നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷം എത്തിയ ഉമ്മന്‍ചാണ്ടി നേതാക്കള്‍ക്ക് നേരെ പൊട്ടിത്തെറിച്ചു. എ ഗ്രൂപ്പിന് വയനാട് വേണം. അനുനയ നീക്കങ്ങള്‍ പാളിയതോടെ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.മണിക്കൂറുകള്‍ക്കുളില്‍ കേരളത്തിലേയ്ക്ക് മടങ്ങുകയും ചെയ്തു.

പിന്നീട് എ.ഐ.സിസി ആസ്ഥാനത്ത് എത്തിയ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കി ലിസ്റ്റ് തയ്യാറാക്കി. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്,ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍,വയനാട് ടി സിദ്ധിക്ക്, വടകര പ്രവീണ്‍ കുമാര്‍ എന്നിവരുടെ പേരിന് പ്രാമുഖ്യം നല്‍കുന്ന ലിസ്റ്റ് മുല്ലപ്പള്ളി, മുകള്‍ വാസ്‌നിക്കിന് കൈമാറി.

ഇതറിഞ്ഞ് മലബാര്‍ മേഖലയിലെ നേതാക്കള്‍ വടകരയിലെ ദുര്‍ബല സ്ഥാനാര്‍ത്ഥിക്കെതിരെ ഹൈക്കമാന്റിന് പരാതിയുമായി രംഗത്ത് എത്തി. ഫാക്‌സ് മുഖേനയും മറ്റും സന്ദേശങ്ങള്‍ നല്‍കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും മുല്ലപ്പളി മത്സരിക്കണമെന്നാവശ്യപ്പെട്ടു.

വി.എം.സുധീരനും മുല്ലപ്പള്ളിയെ വിളിച്ച് മത്സരിക്കണമെന്നും ബാക്കിയെല്ലാ സ്ഥാനാര്‍ത്ഥികളും ദുര്‍ബലരാണന്നും വ്യക്തമാക്കി. പക്ഷെ കെ.പി.സിസി അദ്ധ്യക്ഷന്‍ വഴങ്ങിയില്ല. മുകള്‍ വാസ്‌നിക് ഫോണില്‍ മുല്ലപ്പള്ളിയെ ബന്ധപ്പെട്ട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുല്ലപ്പള്ളി അത് തള്ളി.വടകരയില്‍ മത്സരിക്കാനില്ല. ഇതോടെ വെട്ടിലായ ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തീരുമാനം വീണ്ടും നീറുത്തി വച്ചു. ഇന്നും പുറത്തിറങ്ങുമെന്ന പ്രതീക്ഷിച്ചിരുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും വൈകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here