ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് കെവി തോമസ്

ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് കെവി തോമസ്. നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച് കെ വി തോമസിന്റെ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് കണ്‍വെന്‍ഷനില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലൂടെ തെളിയുന്നത്.

ഉദ്ഘാടകനായി രമേശ് ചെന്നിത്തലയെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം തുടരുന്നതിനാല്‍ കെ മുരളീധരനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. എറണാകുളത്ത് നടന്ന ഹൈബി ഈഡന്റ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ യുഡിഎഫിലെ ഒട്ടുമിക്ക നേതാക്കള്‍ പങ്കെടുത്തെങ്കിലും കെവി തോമസ് പങ്കെടുത്തില്ല.

നിരവധി തവണ എറണാകുളം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത തന്നെ ഇക്കുറി മാറ്റിയതിനുള്ള പ്രതിഷേധമാണ് കെ വി തോമസിന്റെ അസാന്നിധ്യം വ്യക്തമാക്കുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് നേതൃത്വം ഇത്തവണ കെവി തോമസിന് സീറ്റു നിഷേധിച്ചത്.

ഹൈബി ഈഡന് പിന്തുണ നല്‍കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചെങ്കിലും കണ്‍വെന്‍ഷനില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നത് കോണ്‍ഗ്രസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയെയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മുന്‍പ് തീരുമാനിച്ചിരുന്നതെങ്കിലും ദില്ലിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ മുരളീധരനെ ഉദ്ഘാടകനാക്കുകയായിരുന്നു.

ഇതിനിടെ ദില്ലിയില്‍ നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് അതൃപ്തിയോടെ കൊച്ചിയില്‍ എത്തിയ ചെന്നിത്തല കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പൊന്നാനിയിലേക്ക് തിരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാനും ചെന്നിത്തല തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News