ലക്ഷങ്ങളുടെ കടക്കെണിയില്‍ വലയുമ്പോള്‍ വെറും 2000 രൂപ കൊണ്ട് എന്ത് ചെയ്യാനാണ്! പണം തിരികെ നല്‍കാം പകരം ദയാവധത്തിന് അനുവാദം നല്‍കിയാല്‍ മതിയെന്ന ആവശ്യവുമായി ഒരു കര്‍ഷകന്‍.

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും ലഭിച്ച 2000 രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് തിരികെ നല്‍കിയാണ് കര്‍ഷകന്റെ പ്രതിഷേധം.

പകരം തനിക്ക് ദയാവധം അനുവദിക്കണം എന്നാണ് മുഖ്യമന്ത്രി ആദിത്യനാഥിന് അയച്ച കത്തില്‍ ആഗ്രയില്‍ ഉരുളക്കിഴങ്ങ് കൃഷി ഉപജീവനമാക്കിയ പ്രതീപ് ശര്‍മ ആവശ്യപ്പെട്ടത്.

35 ലക്ഷത്തോളം രൂപ കടബാധ്യതയുള്ള തന്നെ മുഖ്യമന്ത്രിക്ക് സഹായിക്കുവാന്‍ ക‍ഴിയുന്നില്ലെങ്കില്‍, ദയാവധത്തിന് അനുവദിക്കണമെന്നാണ് മുപ്പത്തിയൊന്‍പതുകാരനായ പ്രദീപ് ശര്‍മയുടെ ആവശ്യം.

2016 ല്‍ കൃഷിയിലുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തോട് സഹായം ചോദിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിനോടും 2018 ഡിസംബറില്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെയും കണ്ട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് കര്‍ഷകന്‍ പറയുന്നത്.

കടക്കെണിയിലായിരുന്ന ഒരു ബന്ധു 2015ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിചപ്പോ‍ഴും കര്‍ഷകര്‍ നേരിടുന്ന കടക്കെണിയുടെ പ്രശ്‌നം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ വേണ്ട സഹായം ലഭിച്ചിരുന്നില്ല.

ഇതിനു മുന്‍പ് മഹാരാഷ്ട്രയിലെ ഒരു ഉള്ളി കര്‍ഷകന്‍ തനിക്ക് ‍ഉള്ളി വിറ്റു കിട്ടിയ പണം പ്രധാനമന്ത്രിയ്ക്ക് അയച്ചുകൊടുത്തിരുന്നു. 750 കിലോ വിറ്റപ്പോള്‍ വെറും 1064 രൂപയാണ് കര്‍ഷകന് ലഭിച്ചത്.

ഉള്ളി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയിലുള്ള പ്രതിഷേധം അറിയിച്ചു കൊണ്ട് ഒരു കര്‍ഷകന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് ആറു രൂപ അയച്ച് നല്‍കിയിരുന്നു.

കര്‍ഷക വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളും രാജ്യവ്യാപകമാവുകയാണ്.