തമ്മിലടിയിൽ വഴിമുട്ടി നിൽക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നിർണയത്തിൽ അതൃപ്തിയുമായി ആർഎസ്എസ്. പത്തനംതിട്ട സീറ്റിൽ നിന്ന് ശ്രീധരൻ പിള്ളയെ ഒഴിവാക്കാൻ കേന്ദ്ര നേതൃത്വത്തിന് സമ്മർദ്ധം.

പത്തനംതിട്ട കിട്ടില്ലെന്ന് ഉറപ്പായാൽ അൽഫോൺസ് കണ്ണന്താനത്തെ ഇറക്കി കെ സുരേന്ദ്രനെ വെട്ടാനാണ് പി എസ് ശ്രീധരൻ പിള്ളയുടെ നീക്കം.

സ്ഥാനാർത്ഥി പട്ടികവരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴും ആഭ്യന്തര കലഹങ്ങളെ തുടർന്ന് കുഴഞ്ഞു മറിയുകയാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക.

യാതൊരു ഗൃഹപാഠവും ചെയ്യാതെ ദില്ലിയിലെത്തി പട്ടികയിൽ വെട്ടലും തിരുത്തലും നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ സമീപനത്തിൽ കടുത്ത അതൃപ്തിയിലാണ് ആർഎസ്എസ്.

അതൃപ്തി ബിജെപി ദേശീയ നേതൃത്വത്തെ ആർഎസ്എസ് ബോധ്യപ്പെടുത്തി. പത്തനംതിട്ടയെ ചൊല്ലിയാണ് വൻ കലഹം.

സീറ്റിന് പിഎസ് ശ്രീധരൻപിള്ളയ്ക്ക് മുൻതൂക്കമുണ്ടെങ്കിലും കെ സുരേന്ദ്രനെ പരിഗണിക്കണമെന്ന മുറവിളി ശക്തമാണ്.

ആർഎസ്എസിനും ഇതേ നിലപാടാണ്. പത്തനംതിട്ട കിട്ടില്ലെന്ന് ഉറപ്പായാൽ അൽഫോൺസ് കണ്ണന്താനത്തെ ഇറക്കി കെ സുരേന്ദ്രനെ വെട്ടാനാണ് പി എസ് ശ്രീധരൻ പിള്ളയുടെ നീക്കം.

കണ്ണന്താനവും സീറ്റിന് വേണ്ടി ദേശീയ നേതൃത്വത്തിൽ ശക്തമായ സമ്മർദ്ധം ചെലുത്തുന്നുണ്ട്. നിലവിൽ അൽഫോൺസ് കണ്ണന്താനവും, കെ സുരേന്ദ്രനും യഥാക്രമം കൊല്ലം, ആറ്റിങ്ങല്‍, എന്നീ മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കപ്പെടുന്നത്.

ഇഷ്ട സീറ്റില്ലെങ്കിൽ മത്സരിക്കുന്നില്ലെന്ന നേതാക്കളുടെ പിടിവാശിയും സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാക്കുന്നു. അട്ടിമറികൾ ഉണ്ടായാലേ പത്തനംതിട്ടയിലും കെ സുരേന്ദ്രനും, ശോഭാ സുരേന്ദ്രൻ പാലക്കാടും മത്സരിക്കാൻ ഇടയുള്ളൂ.

സ്ഥാനർത്ഥികളെ നിശ്ചയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അധ്യക്ഷൻ അമിത് ഷാ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്ന യോഗം പുരോഗമിക്കുകയാണ്. യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും.