അന്തരിച്ച് 21 വർഷമായിട്ടും ഇ എം എസിനെ ഓർമിക്കാതെ കേരളം ഒരു ദിവസംപോലും കടന്നുപോകുന്നില്ല; അത്രമാത്രം ശക്തമാണ് ആ സ്വാധീനം

21 വർഷമായി ഇ എം എസ് നമ്മളോടൊപ്പമില്ല. പക്ഷേ, ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇ എം എസിനെ ഓർമിക്കാതെ കേരളം ഒരു ദിവസംപോലും കടന്നുപോകുന്നില്ല.

അത്രമാത്രം ശക്തമാണ് അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തനമണ്ഡലവും സംവാദ ഇടപെടലുകളും. ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് അഥവാ ശിൽപ്പി എന്ന വിശേഷണം വെറുതെ ലഭിച്ചതല്ല.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ അദ്ദേഹം അഖിലേന്ത്യാതലത്തിൽ പാർടിയുടെ വളർച്ചയ്ക്ക് അതുല്യ സംഭാവന ചെയ്ത മഹാനായ നേതാവാണ്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെതന്നെ സമുന്നത നേതാക്കളിലൊരാൾ.

ഇ എം എസും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരും നാടിന് എന്തു സംഭാവന ചെയ്തു എന്ന് ഓർക്കേണ്ടതാണ്.

അനാചാരങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും നാടിനെ മോചിപ്പിക്കാനും ജാതി ‐ ജന്മി ‐ നാടുവാഴിത്തവ്യവസ്ഥയ്ക്ക് ആഘാത മേൽപ്പിക്കാനും വലിയതോതിൽ കഴിഞ്ഞുവെന്നതാണ് ആദ്യത്തെ കാര്യം.

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും ജന്മി‐നാടുവാഴിത്തത്തിന്റെയും കൊടിയ ക്രൂരതകൾ നടമാടിയ കാലത്താണ് പൊതുപ്രവർത്തനം ഇ എം എസ്തുടങ്ങിയത്. ജാതി‐ജന്മി‐നാടുവാഴിത്ത വ്യവസ്ഥിതി എന്ന് ഇ എം എസ് തന്നെ വിശദീകരിച്ച കാലഘട്ടത്തിൽ അതിനെതിരായ രാഷ്ട്രീയ ആഭിമുഖ്യമാണ് അദ്ദേഹത്തിലെ രാഷ്ട്രീയപ്രതിഭയെ രൂപപ്പെടുത്തിയത്.

സവർണജാതിയുടെയും ജന്മി‐പ്രഭുത്വത്തിന്റെയും അവകാശാധികാരങ്ങളോടെയാണ് പിറന്നതെങ്കിലും, താൻ ജനിച്ച വർഗത്തിന്റെ കൊടിയ ചൂഷണങ്ങൾക്കും സ്വസമുദായത്തിലെ അനാചാരങ്ങൾക്കുമെതിരെ പോരാടി നിസ്വവർഗത്തിനായി സ്വയം അർപ്പിക്കുകയും ചെയ്തു.

അക്കാലത്തെ നമ്പൂതിരി ഇല്ലങ്ങൾ സമ്പത്തിന്റെയും പ്രതാപത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. അതൊന്നും അദ്ദേഹത്തെ ആകർഷിച്ചില്ല.

അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും കാട് മൂടിക്കിടന്ന ഇല്ലത്തുനിന്നാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ വിശാല വഴിയിലേക്ക് എത്തിയത്.

ജ്യേഷ്ഠപുത്രൻമാത്രം സ്വജാതിയിൽ നിന്ന് വിവാഹംചെയ്യുകയും അനുജന്മാരെല്ലാം കോവിലുകളിൽ കൂട്ടിയിരുപ്പോ നായരമ്പലവാസി സ്ത്രീകളുമായി സംബന്ധമോ നടത്തുക എന്നതായിരുന്നു പതിവ്.

ഇത് അവസാനിപ്പിച്ചാലേ നമ്പൂതിരി സമുദായത്തിലെ പെൺകുട്ടികളെ വിവാഹം കഴിച്ചുകൊടുക്കാനുള്ള ബുദ്ധിമുട്ട് തീരുകയുള്ളൂ.

ഇംഗ്ലീഷ് മ്ലേച്ഛഭാഷയാണെന്നും അത് പഠിക്കുന്നത് പാപമാണെന്നും അതുപോലെതന്നെ അനുജന്മാർ സ്വജാതി വിവാഹം ചെയ്യുന്നതും വിധവാ വിവാഹവും കുടുംബത്തെയും നമ്പൂതിരിക്കുള്ള മാന്യതയെയും നശിപ്പിക്കുമെന്നായിരുന്നു പരമ്പരാഗത വാദഗതി.

ഇതിനെ തകർത്ത് ആ സമുദായത്തിൽ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കൊണ്ടുവന്നു. അതിന് നേതൃത്വം നൽകിയവരിൽ പ്രമുഖനാണ് ഇ എം എസ്.

നമ്പൂതിരി സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസവും വേഷപരിഷ്കാരവും ഘോഷ ബഹിഷ്കരണവും വന്നു. പൊതുസ്കൂളിലും കോളേജിലും നമ്പൂതിരി സ്ത്രീകൾ പഠിക്കുന്നതിനുള്ള സമുദായവിലക്ക് ഇല്ലാതാക്കി. വെറും സമുദായപരിഷ്കാരത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധിപ്പിച്ചു.

അതുവഴി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ശക്തമാക്കുന്ന പ്രവർത്തനത്തിന് ഇ എം എസ് നേതൃത്വം നൽകി. ഇതിലൂടെയെല്ലാം കോൺഗ്രസിനെയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയെയും ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വലിയ ബഹുജനസംഘടനകളാക്കി വളർത്തിക്കൊണ്ടുവന്നു.

ഇതിലൂടെ തെളിയുന്ന ഒരു വസ്തുത നവോത്ഥാനപ്രസ്ഥാനം നാടിനെ മുന്നോട്ട് നയിക്കുന്ന രാഷ്ട്രീയ ഊർജപ്രവാഹമായി മാറും എന്നതാണ്.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യൻകാളി, വൈക്കം മൗലവി, ചാവറ അച്ചൻ, പൊയ്കയിൽ യോഹന്നാൻ തുടങ്ങിയവരെല്ലാം നേതൃത്വം നൽകിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ തകർന്നടിയാതെ നവോത്ഥാനത്തെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കാൻ ഇ എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരും പുരോഗമന ശക്തികളും നാടിന് നൽകിയ സംഭാവന വലുതാണ്.

അതിലൂടെയാണ് ആത്മാഭിമാനമുള്ള സമൂഹമായി കേരളീയർ ഇന്നും ശിരസ്സുയർത്തി നിൽക്കുന്നത്. കോളേജ് വിദ്യാഭ്യാസം മതിയാക്കി 1932ൽ കോഴിക്കോട് ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച ഇ എം എസ് കോഴിക്കോട് സബ്ജയിലിൽ എത്തിയപ്പോൾ സ്വീകരിച്ചത് പി കൃഷ്ണപിള്ളയാണ്.

മരണംവരെ നീണ്ട അസാധാരണമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. കോഴിക്കോട് സബ് ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കും അവിടെനിന്ന് വെല്ലൂർ ജയിലിലേക്കും ഇ എം എസിനെ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽവച്ചാണ് എ കെ ജിയെ കണ്ടുമുട്ടിയത്.

ദേശീയപ്രസ്ഥാനത്തിന്റെ നേതാവായി മാറിയ അദ്ദേഹത്തെ കെപിസിസിയുടെ സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുത്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ ദേശീയനേതാക്കളിലൊരാളായി.

1937ൽ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിൽ ഇ എം എസ് അംഗമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.

മാർക്സിസത്തെ പ്രയോഗവുമായി ബന്ധിപ്പിക്കുന്നതിൽ ഇ എം എസ് നൽകിയ സംഭാവന താരതമ്യമില്ലാത്തതാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് ചേരിയുടെയും തകർച്ചയെ തുടർന്ന് സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രചാരം കൊടുങ്കാറ്റായി വീശി.

ശത്രുവർഗത്തിന്റെ പ്രചാരണത്തിൽ കുടുങ്ങി ലോകത്തിലെ പല കമ്യൂണിസ്റ്റ് പാർടികളും പേരും കൊടിയും ഉപേക്ഷിച്ചു. അന്ന് സിപിഐ എമ്മിനെ പിരിച്ചുവിടാൻ മനോരമ ഉപദേശിച്ച് മുഖപ്രസംഗംവരെ എഴുതി.

എന്നാൽ, പ്രയോഗത്തിലെ പാളിച്ചയാണ് സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സോഷ്യലിസത്തിന് സംഭവിച്ചത്. സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും പരാജയമായി കാണേണ്ടതില്ലെന്നും ഇ എം എസ് വ്യക്തമാക്കി.

സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും പ്രസക്തി അടിവരയിട്ട് അന്ന് സിപിഐ എം സ്വരൂപിച്ച സൈദ്ധാന്തികനിലപാടിന് ഇ എം എസിന്റെ സംഭാവന വലുതാണ്.

ദേശീയ‐അന്തർദേശീയ പ്രശ്നങ്ങളെ വിലയിരുത്തുന്നതിൽ ഇ എം എസ് പുലർത്തിയ പാടവം അനിതരസാധാരണമാണ്.

ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രണ്ട് മന്ത്രിസഭകളെ നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ കമ്യൂണിസ്റ്റ് പാർടി എങ്ങനെ ഭരണത്തിൽ പ്രവർത്തിക്കണമെന്ന് മുൻ അനുഭവം ഉണ്ടായിരുന്നില്ല.

ഈ വിഷമകരമായ അവസ്ഥയിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരിനെ നയിക്കുന്നതിൽ അന്യാദൃശമായ പാടവം കാണിച്ചു. കേരളത്തിലെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്കാരങ്ങൾക്ക് ഈ കാലയളവ് സാക്ഷ്യംവഹിച്ചു.

മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നയുടൻ ഭൂമിയിൽനിന്ന് മണ്ണിന്റെ മക്കളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അദ്ദേഹം ഒപ്പുവച്ചത്. കേരളത്തിൽ ജന്മിത്തം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്കരണ നടപടികൾ നടപ്പാക്കുന്നതിനും ഇ എം എസ് സർക്കാരിന് കഴിഞ്ഞു.

ജീവിതകാലമത്രയും മണ്ണിൽ പണിയെടുത്തിട്ടും ആറടിമണ്ണുപോലും സ്വന്തമെന്ന് പറയാനില്ലാത്ത ദയനീയാവസ്ഥയിൽ കഴിഞ്ഞിരുന്ന മണ്ണിന്റെ മക്കൾക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നൽകിയെന്നതാണ് ഇ എം എസ് സർക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വ പൂർണവുമായ നടപടി.

ആധുനിക കേരളത്തിന്റെ ശിൽപ്പിയായ ഇ എം എസിന്റെ സ്മരണയോടുള്ള ആദരവ്- എന്നത്- പ്രളയാനന്തര പുതുകേരളത്തിന് യത്നിക്കുന്ന എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്തുക എന്നതാണ്. അതിനുള്ള അവസരമായിക്കൂടി ലോക‌്സഭാ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണം.

സംഘപരിവാറിന്റെ വർഗീയരാഷ്ട്രീയത്തിന് ഒത്താശചെയ്യുന്ന രാഷ്ട്രീയശക്തിയാണ് യുഡിഎഫ്. ബിജെപിയുടെയും കോൺഗ്രസിന്റെയും മുന്നണികളെ ഒറ്റപ്പെടുത്തി എൽഡിഎഫിന്റെ വിജയം ഉറപ്പാക്കണം. അതിന് കരുത്തുപകരാൻ ഇ എം എസിന്റെ ധീരസ്മരണ ഉപകരിക്കും

ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണത്തിന് വേണ്ടിയുള്ള ഇടപെടൽ, ന്യൂനപക്ഷങ്ങൾക്ക് എതിരായുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റൽ തുടങ്ങി നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി.

ഭൂപരിഷ്കരണരംഗത്ത് ഉൾപ്പെടെ രണ്ടാം ഇ എം എസ് സർക്കാർ വരുത്തിയ മാറ്റം സംസ്ഥാന വികസന ചരിത്രത്തിലെ സുപ്രധാന ഏടാണ്. കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പിൽക്കാല സർക്കാരുകൾക്കും ഇ എം എസിന്റെ ചിന്ത വഴികാട്ടി.

ജനകീയാസൂത്രണമുൾപ്പെടെയുള്ള ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ സഖാവിന്റെ ഇടപെടൽ വളരെ ഉപകരിച്ചു. കേരളത്തിന്റെ ഭാവി വികസന സാധ്യതകളെ രൂപപ്പെടുത്തിയ അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം.

കലയും സാഹിത്യവും വരേണ്യവർഗത്തിന്റെ കൈയിൽ അമർന്നിരുന്ന കാലത്ത് അത് തൊഴിലാളി വർഗത്തിന്റെ വിമോചനപോരാട്ടത്തിനുള്ള ഊർജസ്രോതസ്സാക്കി മാറ്റുന്നതിനുള്ള ഇടപെടൽ അദ്ദേഹം നടത്തി. ആ പ്രവർത്തനം പിൽക്കാലത്തും തുടർന്നു.

ബിജെപി നോതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ പുറത്താക്കാനുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിലാണ് ഇക്കുറി ഇ എം എസ് സ്മൃതി പുതുക്കുന്നത്.

വാജ്പേയിയുടെ നേതൃത്വത്തിലെ കേന്ദ്രത്തിലെ ബിജെപി സർക്കാർ ലോക്സഭാ തെരഞ്ഞെടുപ്പ് നേരിട്ട അവസരത്തിലാണ് 21 വർഷം മുമ്പ് ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞത്.

അന്ത്യദിനത്തിൽ ഇ എം എസ് ദേശാഭിമാനിക്ക് എഴുതിയ ലേഖനം കേന്ദ്രത്തിലെ ബിജെപി ഭരണവും ഹിന്ദുത്വരാഷ്ട്രീയവും രാജ്യത്തെ എത്രമാത്രം അഗാധമായ വിപത്തിൽ കൊണ്ടുചെന്ന് എത്തിക്കും എന്നതായിരുന്നു. ഈ മുന്നറിയിപ്പിന് ഇന്ന് പലമടങ്ങ് പ്രസക്തിയുണ്ട്.

ആർഎസ്എസ് നയിക്കുന്ന ബിജെപിയുടെ മോഡിഭരണം അഞ്ച് ആണ്ടിനുള്ളിൽ ഇന്ത്യയെ സാമ്പത്തികമായി തകർക്കുകയും പണിയെടുക്കുന്നവരെ പാപ്പരാക്കുകയും ചെയ്തെന്ന് മാത്രമല്ല, ഫെഡറലിസത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മുമ്പൊരുകാലത്തുമുണ്ടാകാത്തത്ര ആഘാതമേൽപ്പിച്ചിരിക്കുകയുമാണ്.

അതുകൊണ്ട് ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയും പകരം മതനിരപേക്ഷ സർക്കാരിനെ കൊണ്ടുവരികയും വേണം. അതിന് പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ കരുത്ത് വർധിപ്പിക്കണം.

കേരളത്തിൽ എൽഡിഎഫിന്റെ സ്ഥാനാർഥികളെ പാർലമെന്റിൽ എത്തിക്കുന്നതിലൂടെമാത്രമേ ഈ ദേശീയ കടമ നിർവഹിക്കാനാകൂ.

ആധുനിക കേരളത്തിന്റെ ശിൽപ്പിയായ ഇ എം എസിന്റെ സ്മരണയോടുള്ള ആദരവ് എന്നത് പ്രളയാനന്തര പുതുകേരളത്തിന് യത്നിക്കുന്ന എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്തുക എന്നതാണ്. അതിനുള്ള അവസരമായിക്കൂടി ലോക്സഭാ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണം.

സംഘപരിവാറിന്റെ വർഗീയരാഷ്ട്രീയത്തിന് ഒത്താശചെയ്യുന്ന രാഷ്ട്രീയശക്തിയാണ് യുഡിഎഫ്. ബിജെപിയുടെയും കോൺഗ്രസിന്റെയും മുന്നണികളെ ഒറ്റപ്പെടുത്തി എൽഡിഎഫിന്റെ വിജയം ഉറപ്പാക്കണം. അതിന് കരുത്തുപകരാൻ ഇ എം എസിന്റെ ധീരസ്മരണ ഉപകരിക്കും. ഇതിഹാസനായകന്റെ സ്മരണയ്ക്ക് പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here