സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആവോളം ‘കൈകാര്യം’ ചെയ്തു; സോണിയ ഗാന്ധിയെ ‘മദാമ്മ’ എന്ന് വിശേഷിപ്പിച്ചത് ആ യുദ്ധത്തിനിടെ; ആന്റണിയെ ‘മുക്കാലിയില്‍ കെട്ടി’ അടിക്കണമെന്ന ആവശ്യവും മുരളിയുടെ വക; വടകരയില്‍ കുറി വീണ മുരളീധരന്‍ ഇങ്ങനെയൊക്കെയാണ്

തിരുവനന്തപുരം: കിട്ടിയ അവസരങ്ങളിലെല്ലാം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആവോളം ‘കൈകാര്യം’ ചെയ്ത ചരിത്രമുള്ള കെ മുരളീധരനാണ് ഒടുവില്‍ വടകരയില്‍ കുറി വീണത്.

സംസ്ഥാനമന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ റെക്കൊഡിന് ഉടമയുമാണ് അദ്ദേഹം. ചുരുങ്ങിയ കാലയളവില്‍ മൂന്ന് പാര്‍ടികളുടെ അധ്യക്ഷനുമായി.

ലോക്‌സഭയിലേക്ക് ആറുവട്ടം മത്സരിച്ചു. മൂന്നു തവണ തോറ്റു. 1996ല്‍ കോഴിക്കോട് എംപി വീരേന്ദ്രകുമാറിനോടും 98ല്‍ തൃശൂരില്‍ വി വി രാഘവനോടുമാണ് തോറ്റത്. 2004ല്‍ കെപിസിസി പ്രസിഡന്റ് ആയിരിക്കെയാണ് രാജിവച്ച് എകെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായത്.

യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്ന വടക്കാഞ്ചേരിയില്‍ അന്നത്തെ എംഎല്‍എ വി ബലറാമിനെ രാജിവയ്പിച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കി. സിപിഐഎമ്മിലെ എസി മൊയ്തീനോട് സുന്ദരമായി തോറ്റു. മന്ത്രിസ്ഥാനം രാജിവച്ച മുരളീധരനും അച്ഛന്‍ കെ കരുണാകരനും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ ‘അലുമിനിയം പട്ടേല്‍’ സോണിയ ഗാന്ധിയെ ‘മദാമ്മ’ എന്നൊക്കെ വിശേഷിപ്പിച്ചത് ഈ യുദ്ധത്തിനിടെയാണ്. അതിനുമുമ്പ് എ കെ ആന്റണിയെ ‘മുക്കാലിയില്‍ കെട്ടി’ അടിക്കണമെന്ന ആവശ്യവും മുരളിയുടെ വകയായി കാണാം.

2004ലെ തോല്‍വിയെത്തുടര്‍ന്ന് ഡിഐസി രൂപീകരിച്ചപ്പോള്‍ അതിന്റെ അധ്യക്ഷപദവി വഹിച്ചതും മുരളിയായിരുന്നു. ഡിഐസി എന്‍സിപിയില്‍ ലയിച്ചപ്പോള്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റായി. 2006ല്‍ ഡിഐസി സ്ഥാനാര്‍ഥിയായി കൊടുവള്ളിയില്‍നിന്ന് നിയമസഭയിലേക്കും 2009ല്‍ വയനാട്ടില്‍നിന്ന് ലോക്‌സഭയിലേക്കും ജനവിധി തേടിയെങ്കിലും നിലം തൊട്ടില്ല.

നിരന്തരമുള്ള തോല്‍വിയും കോണ്‍ഗ്രസിന്റെ വേട്ടയാടലിലും സഹികെട്ട് ഒടുവില്‍ കോണ്‍ഗ്രസില്‍ അഭയം തേടി. 2011ല്‍ വട്ടിയൂര്‍ക്കാവില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 2016ലും വിജയം ആവര്‍ത്തിച്ചു. 1989ല്‍ ആന്റണിയും കെ കരുണാകരനും കടുത്ത ഗ്രൂപ്പ് വൈരികളായിരിക്കെയാണ് കോഴിക്കോട്ട് മുരളീധരന്‍ സ്ഥാനാര്‍ഥിയായത്.

കെ കരുണാകരന്‍ മൂത്രം ഒഴിക്കാന്‍പോയ തക്കംനോക്കി എ കെ ആന്റണി മുരളിയുടെ പേര് പറയുകയായിരുന്നുവെന്നത് ഇപ്പോഴും പ്രചാരമുള്ള വാമൊഴിയാണ്.

2011ല്‍ മന്ത്രിസഭയില്‍ കയറിപ്പറ്റാന്‍ ആവതും നോക്കിയെങ്കിലും ഉമ്മന്‍ചാണ്ടി അടുപ്പിച്ചില്ല. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രി ആവശ്യത്തെ ‘ആക്രാന്തം’ എന്നാണ് മുരളീധരന്‍ അന്ന് വിമര്‍ശിച്ചത്. വട്ടിയൂര്‍ക്കാവില്‍ അടുത്ത തവണ എന്താവും സ്ഥിതിയെന്ന് മുരളിക്ക് നന്നായി അറിയാം. അതിനാലാണ് ലോക്‌സഭയിലേക്ക് ചാടിവീണത്. വയനാട് സീറ്റിനായി തന്ത്രം മെനഞ്ഞെങ്കിലും ഫലിച്ചില്ല.

എംഎല്‍എമാരെ ലോക്‌സഭാ സ്ഥാനാര്‍ഥികളാക്കിയത് എല്‍ഡിഎഫിന്റെ ഗതികേടുകൊണ്ടാണെന്ന് ഏതാനും ദിവസംമുമ്പ് കെ മുരളീധരന്‍ നടത്തിയ പരിഹാസം. ആ കെ മുരളീധരന്റെ പ്രസംഗം ഇപ്പോള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here