മുംബൈ നടപ്പാല ദുരന്തം; ജനരോഷത്തിനൊടുവിൽ നടപടിയുമായി നഗരസഭ; നഗരസഭയിൽ പെടാത്ത മേൽപ്പാലങ്ങളുടെ കാര്യത്തിൽ അനശ്ചിതത്വം

മുംബൈ: സി.എസ്.ടി. യിൽ പോയ വാരം നടന്ന നടപ്പാല ദുരന്തത്തിൽ 6 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മുംബൈ നഗരം മുപ്പതിലധികം പേരുടെ ജീവനെടുത്ത മൂന്ന് മേൽപ്പാല ദുരന്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

അപകടങ്ങൾ വരുമ്പോൾ മാത്രം നടപടികൾ കൈക്കൊള്ളുന്ന അധികൃതർ പലപ്പോഴും പരസ്പരം പഴി ചാരിയാണ് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നത്. മാധ്യമങ്ങൾ കൂടാതെ സോഷ്യൽ മീഡിയയിലൂടെയും ഇതിനെതിരെ ജനരോഷം ശക്തമായതോടെയാണ് ബി എം സി തുടർ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നഗരസഭയുടെ കീഴിൽ നടപ്പാലങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് തന്നെ രൂപവത്കരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബി എം സി.

എന്നാൽ മുംബൈ നഗരസഭയുടെ പരിധിയിൽ പെടാത്ത പഴക്കം ചെന്ന മേൽപ്പാലങ്ങളുടേ ബലം പരിശോധിക്കുവാനും പുതുക്കി പണിയാനുമുള്ള ആവശ്യവും ശക്തമായിരിക്കയാണ്.

പൻവേൽ റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിന്റെ ബലം പരിശോധിക്കാനുള്ള നടപടികൾക്കായി പ്രദേശവാസികളുടെ ആവശ്യങ്ങൾ ഇനിയും പരിഗണിച്ചിട്ടില്ല.

ദിവസേന ലക്ഷക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന താക്കുർളി റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിന്റെ അവസ്ഥയും മോശമാണെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.

ജോലി സംബന്ധമായ യാത്രകൾക്കായി റയിൽവേ മാർഗ്ഗം പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗം താക്കുർളി നിവാസികളും. കഴിഞ്ഞ കാലങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ വികസനത്തിന്റെ ഭാഗമായി ജനസാന്ദ്രതയിൽ വൻതോതിലുള്ള വർദ്ധനയാണ് ഈ പ്രദേശത്ത് ഉണ്ടായിട്ടുള്ളത്.

റയിൽവേ പ്ലാറ്റ് ഫോമിന്റെ കല്യാൺ ഭാഗത്ത് പുതിയ മേൽപ്പാലം പ്രവർത്തന സജ്ജമായെങ്കിലും ഭൂരിഭാഗം യാത്രക്കാരും ആശ്രയിക്കുന്നത് മറുഭാഗത്തുള്ള പഴക്കം ചെന്ന മേൽപ്പാലം തന്നെയാണ്. അപകടാവസ്ഥയിൽ തുടരുന്ന പാലത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചത് മൂലം വലിയ അപകട സാദ്ധ്യതയാണ് നിലവിലുള്ളത് .

പാലത്തിന്റെ ബലം പരിശോധിച്ച് അറ്റകുറ്റപണികൾക്കോ, പുനർ നിർമ്മാണത്തിനോ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് ആവശ്യം ഉന്നയിച്ചുള്ള നിവേദനമാണ് താക്കുർളി നിവാസികൾക്ക് വേണ്ടി ജനശക്തി ആർട്സ്, നൽകിയിരിക്കുന്നത് . പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും ഒപ്പു ശേഖരണവും നടത്തിയിരുന്നു.

സുരക്ഷാ നടപടികൾ മുംബൈ നഗരസഭയിൽ മാത്രമായി ഒതുങ്ങുമ്പോൾ ഉപ നഗരങ്ങളിലെ മേൽപ്പാലങ്ങളുടെ ദയനീയാവസ്ഥക്ക് മഴക്കാലത്തിന് മുൻപേ പരിഹാരം കാണണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുന്നോട്ട് വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News