കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തിൽ ഇരട്ടി മധുരവുമായി മുംബൈ നാടകവേദി

മുംബൈ- കേരള സംഗീത നാടക അക്കാദമി, പ്രവാസി അമേച്വര്‍ നാടക മത്സരത്തിൽ ഏറ്റവും നല്ല നാടകത്തിനുള്ള ദേശീയ പുരസ്ക്കാരം, ന്യൂ ബോംബെ കേരളീയ സമാജം അവതരിപ്പിച്ച ബോംബെ സ്കെച്ചസ് നേടി.

മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്ക്കാരവും ബോംബെ സ്കെച്ചസിലെ വൈശാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണുപ്രിയ നേടിയതോടെ മുംബൈ നാടകവേദിക്ക് ഇരട്ടി മധുരമായി.

മുംബൈ, ഡല്‍ഹി, കല്‍ക്കട്ട, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന മേഖലാതല മത്സരത്തില്‍ 18 നാടകങ്ങളില്‍ നിന്നാണ് വിധി നിര്‍ണ്ണയം നടത്തിയത്.

ജൂറി അംഗങ്ങള്‍ ആയ ഗോപാല്‍ജി, വിനോദ്കുമാര്‍, രത്നാകരന്‍ കോഴിക്കോട് എന്നിവര്‍ ആയിരുന്നു വിധികര്‍ത്താക്കള്‍.

പ്രശാന്ത് നാരായണൻ ആണ് ബോംബെ സ്കെച്ചസ് എന്ന നാടകത്തിന്‍റെ സംവിധായകന്‍.

ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ നാടകത്തിൽ അഭിനേതാക്കളെ ഒരു മാസത്തോളം നീണ്ട ചിട്ടയായ പരിശീലനത്തിലൂടെ പാകപ്പെടുത്തിയെടുത്താണ് നാടകത്തിനു സജ്ജരാക്കിയത്.

കേളി രാമചന്ദ്രനാണ് നാടകത്തിന്റെ രചന നിർവ്വഹിച്ചത്. ശിവാനന്ദൻ, വിഷ്ണുപ്രസാദ് എന്നിവർ അസ്സിസ്റ്റന്റ് സംവിധായകരായിരുന്നു.

സനേഷ് പ്രകാശ വിന്യാസവും, ഫ്രാൻസിസ് ചിറയത്ത്, ഷിനോജ് അശോകൻ എന്നിവർ ചേർന്ന് സീനോഗ്രാഫിയും ഹെൻസൺ ആന്റോ, സത്യജിത്,മിഥുൻ എന്നിവര്‍ സംഗീതവും മുരുകന്‍ പാപ്പനം കോട് മേക്ക് അപ്പും നിര്‍വഹിച്ചു.

നടീനടന്മാരായി നിഖില്‍,വിഷ്ണുപ്രിയ ശരത് ശിവാനന്ദൻ, ഷിജിൻ, യദുകൃഷ്ണൻ, പി ആർ സഞ്ജയ്, ധന്യ രമേശൻ, ശരത് പ്രേമരാജൻ, സുനീപ് കുളക്കുഴി, ക്രിസ്റ്റിന വർഗീസ്, വിൻസി ജീമോൻ, വിദ്യാ രാകേഷ്, കരന്‍ രാകേഷ്, രമണി അമ്മ, ലതാ രമേശൻ, ശ്രീരാജ് രാജൻ വാരിയർ, രമ്യ രമേശൻ, കാവ്യാ ജയപ്രകാശ് തുടങ്ങി പതിനേഴോളം അഭിനേതാക്കൾ ചേർന്നായിരുന്നു ബോംബെ സ്കെച്ചസ് അരങ്ങിലെത്തിച്ചത്.

മികച്ച നടനുള്ള പുരസ്ക്കാരം ഡല്‍ഹി ജനസംസ്കൃതിയുടെ ഗായത്രിയും ജമീലയും എന്ന നാടകത്തിലെ ഷിബു രാഘവനും, മികച്ച പ്രവാസി സംവിധായകനായി ഡല്‍ഹിയിലെ വൃക്ഷ് ദി തിയ്യേറ്റര്‍ അവതരിപ്പിച്ച ‘അശാന്തം അഷ്ട്ട ബന്ധ’ ത്തിന്റെ സംവിധായകന്‍ ആയ അജിത്‌ ജി മണിയനും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച പ്രവാസി നാടക രചയിതാക്കള്‍ക്കുള്ള പുരസ്ക്കാരം ചെന്നൈ മക്തൂബ് തിയ്യേറ്ററിന്റെ തൂമതി പൂവിന്റെ രചയിതാവ് ജോഫിന്‍ മണിമലയും ഡല്‍ഹി ജന സംസ്ക്രിതിയുടെ ഗായത്രിയും ജമീലയും എന്ന നാടകത്തിന്‍റെ അനില്‍ പ്രഭാകറും പങ്കിട്ടു.

കെഎസ്എന്‍എ അഖിലേന്ത്യാ പ്രവാസി നാടക മത്സര ചരിത്രത്തിൽ ആദ്യമായാണ് പശ്ചിമമേഖലയിൽ നിന്നുമുള്ള നാടകം അഖിലേന്ത്യ തലത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്.

2016 ൽ ഖാർഘർ സമാജത്തന്റെ ‘മദ്ധ്യ ധരണ്യാഴി ചുവക്കുന്നത്’ എന്ന നാടകവും 2013ൽ വിളപ്പിൽ വിഷന്റെ ‘കഥാപാത്രങ്ങളും പങ്കെടുത്തവരും’ എന്ന നാടകവും മികച്ച രണ്ടാമത്തെ നാടകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ മികച്ച അഭിനേത്രിക്കു പുറമെ, കഴിഞ്ഞ വർഷം ശ്രീജിത്ത് മോഹൻ (പൻവേൽ സമാജത്തിന്റെ ഇഡിയറ്റ് എന്ന നാടകത്തിലൂടെ) മികച്ച നടനും 2013ൽ മധു വിളപ്പിൽ മികച്ച രചയിതാവിനുമുള്ള അവാർഡും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel