ബിജെപിയില്‍ പൊട്ടിത്തെറി; സ്ഥാനാർത്ഥി പട്ടിക നാളെ; ശ്രീധരൻ പിള്ളയ്ക്ക് ഒരിടത്തും സീറ്റില്ലെന്നു സൂചന

പൊട്ടിത്തെറിയുടെ സാദ്ധ്യതകൾ സജീവമായിരിക്കെ ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. പത്തനംതിട്ടയ്ക്കായി ചരട് വലി നടത്തിയ ശ്രീധരൻ പിള്ളയ്ക്ക് ഒരിടത്തും സീറ്റില്ല. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മത്സരിക്കും. ചോദിച്ച സീറ്റ് ലഭിക്കാത്തതിനാൽ പല പ്രമുഖ നേതാക്കളും മത്സരിക്കില്ല. തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി നിർണയ വിവാദങ്ങൾ ബിജെപിക്ക് തിരിച്ചടിയാകും

ആർഎസ്എസും ദേശീയ നേതൃത്വവും ഒരു പോലെ കയ്യൊഴിഞ്ഞതോടെ
പത്തനംതിട്ടയിൽ മത്സരിക്കാനുള്ള പി എസ് ശ്രീധരൻ പിള്ളയുടെ മോഹത്തിന് അന്ത്യമായി. എൻ എസ് എസ് പിന്തുണയുണ്ടെന്ന ശ്രീധരൻ പിള്ളയുടെ അവകാശവാദം ആർഎസ്എസ് വിലയ്‌ക്കെടുത്തില്ല. ഇതോടെയാണ് കെ സുരേന്ദ്രന് നറുക്ക് വീണത്.

സംസ്ഥാന അധ്യക്ഷന് ഒരിടത്തും സീറ്റ് നൽകാതെയാകും പ്രഖ്യാപനം. പത്തനംതിട്ട കിട്ടില്ലെന്ന് ഉറപ്പായതോടെ സുരേന്ദ്രനെ വെട്ടാൻ ശ്രീധരൻ പിള്ള അൽഫോൻസ് കണ്ണന്താനത്തെ പിന്തുണച്ചെങ്കിലും ആ നീക്കവും പാളി. എറണാകുളത്താകും കണ്ണന്താനം മത്സരിക്കുക. പാലക്കാട് മാത്രമേ മത്സരിക്കൂ എന്ന ശോഭ സുരേന്ദ്രന്റെ പിടിവാശിയും വിലപ്പോയില്ല. ആറ്റിങ്ങലിൽ മത്സരിക്കാനാണ് നിർദേശം.

പി കെ കൃഷ്ണദാസും എം ടി രമേശും പട്ടികയിൽ ഇല്ല. നാളെ മറ്റ് സംസ്ഥാനങ്ങളിലെ പട്ടികയ്‌ക്കൊപ്പം കേരളത്തിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഗ്രൂപ്പ് താല്പര്യവും വ്യക്തി താല്പര്യവും പരിഗണിച്ച് പട്ടിക സങ്കീർണമാക്കിയത് ശ്രീധരൻ പിള്ളയാണെന്ന വിമർശനം ശക്തമാണ്. ഇത് ആർ എസ് എസ് അതൃപ്തിക്കും കാരണമായിട്ടുണ്ട്.

തുടർച്ചയായുണ്ടാകുന്ന വീഴ്ചകൾ ശ്രീധരൻ പിള്ളയുടെ പടിയിറക്കത്തിനും വഴിയൊരുക്കിയേക്കാം. ഇഷ്ട സീറ്റ് നൽകാത്തതിലെ അമർഷവും നേതാക്കൾ അടക്കി വയ്ക്കില്ലെന്ന് ഉറപ്പാണ്. സ്ഥാനാർത്ഥി നിർണയ വിവാദങ്ങൾ അണികളിൽ അമർഷത്തിനും നിരാശയ്ക്കും കാരണമായിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും നിഴലിക്കുമെന്ന് ബിജെപി വിലയിരുത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here