പിഎന്‍ബി വായ്പാ തട്ടിപ്പ്: രാജ്യം വിട്ട വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി . മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് ബ്രിട്ടന്‍റെ നടപടി. നീരവിനെ ഇന്ന് ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും.

കോടികള്‍ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട നീരവിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടിയുടെ ബാങ്ക് വായ്പ്പയെടുത്ത്  തിരിച്ചടച്ചില്ലെന്ന കേസാണ് നീരവിന്‍റെ പേരിലുള്ളത്.

നേരത്തെ ലണ്ടനില്‍ നിന്നുള്ള നീരവിന്‍റെ ദൃശ്യങ്ങള്‍ ഒരു പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമം പുറത്തു വിട്ടിരുന്നു.  നീരവിനെതിരെ ക‍ഴിഞ്ഞ ദിവസം വെസ്റ്റ് മിനിസ്റ്റര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.  നീരവിനെ എന്നാവും ഇന്ത്യയ്ക്ക്  കെെമാറുകയെന്ന് വ്യക്തമല്ല.

കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി 2018 ജനുവരി ആദ്യ ആഴ്ചയിലാണ് നീരവ് മോദി ഇന്ത്യയില്‍നിന്നു മുങ്ങിയത്. മുംബൈയില്‍നിന്നു യുഎഇയിലേക്കു പോയ മോദി, അവിടെനിന്നു ഹോങ്കോംഗിലേക്കും പിന്നീട് ലണ്ടനിലേക്കും കടക്കുകയായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് നീരവ് മോദി മുങ്ങിയത്. നീരവിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡില്‍ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു.

തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. മോദിക്കെതിരായ പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസുകളില്‍ സിബിഐ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here