മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ തള്ളി ആര്‍എസ്എസ്; ശബരിമല മുഖ്യപ്രചാരണ വിഷയമാക്കാന്‍ തീരുമാനം

കൊച്ചി: ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ആര്‍എസ്എസിന്റെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്നതുള്‍പ്പടെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ തള്ളാനാണ് ആര്‍എസ്എസിന്റെ നിര്‍ദേശം. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല തന്നെ മുഖ്യ പ്രചാരണ വിഷയമാക്കി നിലനിര്‍ത്താന്‍ പരിവാര്‍ ബൈഠക്കില്‍ ധാരണയായി.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നതില്‍ ആര്‍എസ്എസ് അതൃപ്തി രേഖപ്പെടുത്തി. പ്രത്യേകിച്ച് പത്തനംതിട്ട സീറ്റിന്റെ കാര്യത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെയാണ് നിശ്ചയിച്ചിരുന്നത്. പിന്നെന്തിന് ശ്രീധരന്‍ പിള്ളയുടെ പേര് വലിച്ചിഴച്ചുവെന്ന് ആര്‍എസ്എസ് നേതൃത്വം ചോദിച്ചു.

മറ്റ് സീറ്റുകളില്‍ മത്സരിക്കുന്നവരുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നതിലും യോഗത്തില്‍ അസംതൃപ്തി പ്രകടമായി.കൂടാതെ പ്രവര്‍ത്തകരുടെ നവ മാധ്യമ മേഖലയിലെ തെറ്റായ ഇടപെടലിലും ശക്തമായ വിമര്‍ശനം ഉയര്‍ന്നു. ‘കം ബാക്ക് കെ എസ് ,ഗോ ബാക്ക് പി എസ് ‘ എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിനാണ് വിമര്‍ശനത്തിന് കാരണമായത്.

പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള വേണ്ട സുരേന്ദ്രന്‍ വരട്ടെ എന്ന ക്യാമ്പയിനില്‍ സജീവ പ്രവര്‍ത്തകരും പങ്കാളിയായതാണ് ആര്‍എസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്മാറണമെന്നും ആര്‍എസ്എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി, വിഎച്ച്പി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News