കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ അതിനെ പിന്തുണക്കുന്നതില്‍ കോണ്‍ഗ്രസ് എംപിമാരെക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷ എം പിമാരെയായിരിക്കുമെന്ന് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്.

കാക്കനാട് ഇൻഫോപാർക്കിലെ ജീവനക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം മണ്ഡലത്തെ സംബന്ധിക്കുന്ന മുഴുവൻ സംശയങ്ങൾക്കും പി രാജീവ് മറുപടി നൽകി.

നരേന്ദ്ര മോഡി സർക്കാരിൻ്റെ വികലമായ നയങ്ങൾ മൂലം ഏറ്റവുമധികം തൊഴിൽ നഷ്ടം നേരിടുന്ന യുവതയ്ക്ക് മുന്നിലാണ് പി. രാജീവ് എത്തിയത്.

ചാറ്റ് വിത്ത് രാജീവ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇൻഫോ പാർക്കിലെ ടെക്കികൾ എത്തിയത് വൈവിധ്യങ്ങളായ ചോദ്യങ്ങളുമായായിരുന്നു.

ചിലർക്ക് രാജീവിൻ്റെ ജൈവ കൃഷിയെ കുറിച്ചാണ് അറിയേണ്ടിയിരുന്നത് എന്നാൽ മറ്റു ചിലർക്ക് സംശയം ഇന്ത്യയുടെ ഭാവിയെ കുറിച്ചായിരുന്നു.

സമഗ്രവും സൂക്ഷ്മവുമായ വിശകലനത്തിലൂടെയാണ് രാജീവ് ഓരോ ചോദ്യത്തിനും ഉത്തരം നൽകിയത്. എറണാകുളം നേരിടുന്ന ഓരോ പ്രശ്നത്തിനും കൃത്യമായ പരിഹാരം രാജീവിൻ്റെ ഉത്തരത്തിൽ ഉണ്ടായിരുന്നു.

കയ്യടികളോടെയാണ് ഇൻഫോ പാർക്കിലെ ടെക്കികൾ രാജീവിൻ്റെ വാക്കുകളെ സ്വീകരിച്ചത്. വോട്ട് ചോദിച്ചെത്തിയ സ്ഥാനാർത്ഥിയെ സെൽഫിക്ക് കൂടി പോസ് ചെയ്യിപ്പിച്ച ശേഷമാണ് ടെക്കികൾ പറഞ്ഞയച്ചത്.