പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഗൃഹാതുരത്വവുമായി പി രാജീവ് കളമശ്ശേരി പോളിടെക്‌നിക്ക് ക്യാമ്പസില്‍ വോട്ടഭ്യര്‍ത്ഥനയുമായി എത്തി.

തങ്ങളുടെ വഴികാട്ടിയും നേതാവുമായ രാജീവിന് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.

പി രാജീവ് എന്ന പൊതുപ്രവര്‍ത്തകനെയും സംഘാടകനെയും വാഗ്മിയെയും രൂപപ്പെടുത്തിയ അതേ ക്യാമ്പസിലേയ്ക്ക് രാജീവ് വീണ്ടുമെത്തി.

മൂന്ന് പതിറ്റാണ്ടു മുന്‍പ് വിദ്യാര്‍ത്ഥി സമരം മുന്നില്‍ നിന്ന് നയിക്കുകയും യൂണിയന്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത കളമശ്ശേരി പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വീണ്ടും സ്ഥാനാര്‍ത്ഥിയായി രാജീവ് എത്തിയത്.

വാദ്യമേളങ്ങളോടെയും മുദ്രാവാക്യം വിളികളോടെയും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ നേതാവിനെ വരവേറ്റു. തുടര്‍ന്ന് ചുരുങ്ങിയ വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥന.പ്രിന്‍സിപ്പലിനെ കണ്ട ശേഷം തന്റെ പഴയ ക്ലാസ് മുറിയിലേയ്ക്ക്. തന്നിലെ പൊതു പ്രവര്‍ത്തകനെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കാണ് ഈ ക്യാമ്പസിനുള്ളതെന്ന് രാജീവ് പറഞ്ഞു.

പഴയ വിദ്യാര്‍ത്ഥി നേതാവിനൊപ്പം സെല്‍ഫി എടുക്കാനുള്ള തിരക്കായിരുന്നു പിന്നീട്.തൊട്ടടുത്തുള്ള ഐടിഐയിലും സെന്റ് പോള്‍സ് കോളേജിലും രാജീവ് സന്ദര്‍ശനം നടത്തി.

സെന്റ് പോള്‍സില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ സതീര്‍ത്ഥ്യരായിരുന്നവര്‍ രാജീവിനെ കാണാനെത്തിയിരുന്നു. ഇവിടെ നിന്നും ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് രാജീവ് മടങ്ങിയത്.