ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകും. കായികതാരം തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാവണമെന്ന കായികമന്ത്രി ഇ.പി. ജയരാജന്റെ നിര്‍ദേശമാണ് മേഴ്‌സിക്കുട്ടന് സാധ്യത തെളിഞ്ഞത്.നിലവിലെ പ്രസിഡന്റ് ടി പി ദാസന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മേഴ്‌സിക്കുട്ടനെ ഈ സ്ഥാനത്തേക്ക് തീരുമാനിച്ചിരിക്കുന്നത്.

വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുപ്പിലൂടെയാണ് അംഗങ്ങളെ തീരുമാനിക്കുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഏപ്രില്‍ ആദ്യവാരമാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റായി ഒ.കെ. ബിനീഷിനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

അതുപോലെതന്നെ കായികതാരങ്ങളായ കെ.എം. ബീനാമോള്‍, ഐ.എം. വിജയന്‍, വോളിബോള്‍ താരം കപില്‍ദേവ്, ബോക്‌സിങ്ങ് താരം കെ സി ലേഖ , കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍കുമാര്‍, എസ്. രാജീവ്, എന്നിവരെയും സ്റ്റാന്‍ഡിങ് കൗണ്‍സിലിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിലൂടെയാണ് ഇവരെല്ലാം ഭാരവാഹികളാകേണ്ടത്.