ഇന്ന് എകെജി ദിനം; സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 42 വര്‍ഷം

ഇന്ന് എകെജി ദിനം. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 42 വര്‍ഷമാകുന്നു. 73–ാംവയസ്സില്‍ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്ന തലമുറയ്ക്ക് മറക്കാനാകില്ല.
കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണക്കുറിപ്പ്

പാവങ്ങളുടെ പടത്തലവന്‍, മികച്ച പാര്‍ലമെന്റേറിയന്‍, കര്‍ഷകപ്രസ്ഥാനത്തിന്റെ അമരക്കാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് എ കെ ജി. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 42 വര്‍ഷമാകുന്നു.

73–ാംവയസ്സില്‍ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്ന തലമുറയ്ക്ക്അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല. അത്രമാത്രം ആവേശദായകമായിരുന്നു ആ സമരജീവിതം. മാതൃരാജ്യത്തെ കൊളോണിയല്‍ നുകത്തില്‍നിന്ന് മോചിപ്പിക്കുന്നതിനും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനുംവേണ്ടി വിശ്രമരഹിതമായി പോരാടിയ ജീവിതമായിരുന്നു എ കെ ജിയുടേത്.

ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറകള്‍ക്കുള്ളിലായിരുന്നു. 20 തവണ തടവറയില്‍ അടയ്ക്കപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ടതായിരുന്നു ജയില്‍വാസം.

ഭരണഘടന പഠിക്കുന്ന നിയമവിദ്യാര്‍ഥികള്‍ പലവട്ടം ഉരുവിടുന്ന വിധിപ്പേരാണ് എ കെ ഗോപാലനും സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നതും. മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ആദ്യത്തെ വിധിയാണ് 1950 ല്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ എ കെ ജി ഏകാന്തത്തടവിലായിരുന്നു. അകത്ത് നിരാഹാരവും പുറത്ത് സമരവും നടന്നതിനാല്‍ 1947 ഒക്ടോബര്‍ 12ന് എ കെ ജിയെ മോചിപ്പിച്ചു. എന്നാല്‍, ഡിസംബര്‍ 17ന് കരുതല്‍ തടങ്കല്‍ നിയമം അനുസരിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ദേശാഭിമാനി ഫണ്ട് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പൊലീസുകാരോട് പ്രതികരിച്ചതിനാണ് തടവിലാക്കിയത്.

വെല്ലൂര്‍, രാജമുന്ദ്രി, കോയമ്പത്തൂര്‍, കടലൂര്‍ എന്നിങ്ങനെ ജയിലുകള്‍ മാറിമാറി രണ്ടുവര്‍ഷം. ഇതിനിടെ കരുതല്‍ തടങ്കല്‍ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. കേസിന്റെ വിചാരണയ്ക്കായി എ കെ ജിയെ ഡല്‍ഹിക്ക് കൊണ്ടുപോയി.

സുപ്രീംകോടതിയില്‍ എ കെ ജിക്കുവേണ്ടി വാദിച്ചത് ബാരിസ്റ്റര്‍ എം കെ നമ്പ്യാര്‍. ആറുദിവസം കേസ് വാദിച്ചു. കേസ് തള്ളപ്പെട്ടെങ്കിലും അതിലെ വിധിന്യായം സുപ്രധാനമായി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ന്യായാധിപന്മാരടങ്ങുന്ന ബെഞ്ചിലെ ഓരോരുത്തരും വെവ്വേറെ വിധിയെഴുതി.

കരുതല്‍തടങ്കല്‍ നിയമത്തിന്റെ സാധുതയാണ് വിലയിരുത്തിയത്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വിധി സഹായകമാണെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പോള്‍ കേസ് വാദിച്ചത് എ കെ ജിതന്നെയായിരുന്നു. മോചനവിധി ലഭിക്കുകയുംചെയ്തു. അങ്ങനെയാണ് നാലുവര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ എ കെ ജി പുറംലോകത്ത് എത്തുന്നത്.
താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാര്‍ന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എ കെ ജിയുടേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനസമരം, സാമുദായിക അനാചാരങ്ങള്‍ക്കെതിരെയുള്ള സമരം ഇങ്ങനെ, ദേശീയ സ്വാതന്ത്ര്യസമ്പാദനത്തിനുമാത്രമല്ല, നവോത്ഥാനപ്രവര്‍ത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി.

കോണ്‍ഗ്രസില്‍നിന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിവഴി കമ്യൂണിസ്റ്റ് പാര്‍ടിയില്‍ സമുന്നതനേതാവായി. ജനസമരങ്ങള്‍ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങള്‍ നയിക്കുകയും ആ കൊടുങ്കാറ്റില്‍ പല ജനവിരുദ്ധശക്തികളും തറപറ്റുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടാണ് എ കെ ജിയുടെ വേഷവും ശൈലിയുംപോലും ആളുകള്‍ അംഗീകരിച്ചത്. പാര്‍ലമെന്റ് അംഗമായിരിക്കെ വിവാഹത്തിനുമുമ്പ്, എ കെ ജി കുറച്ചുകാലം ഹാഫ് മീശ വച്ചിരുന്നു. അന്ന് അത് അനുകരിച്ച് വടക്കേ മലബാറില്‍ വ്യാപകമായി ഹാഫ് മീശക്കാരുണ്ടായി.

കേരളത്തിന്റെ അയിത്തോച്ചാടന പോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമാണ് ഗുരുവായൂര്‍ സത്യഗ്രഹം. അതിന്റെ വളന്റിയര്‍ ക്യാപ്റ്റനായിരുന്ന എ കെ ജിക്ക് കടുത്ത മര്‍ദനം ഏല്‍ക്കേണ്ടിവന്നു. പിന്നീട് നാടിന്റെ പലഭാഗത്തുനിന്നും അയിത്തോച്ചാടന സമരങ്ങളും പന്തീഭോജന പ്രക്ഷോഭങ്ങളും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങളുമുണ്ടായി.

ഇതിലെല്ലാം എ കെ ജിയുടെ നേതൃത്വമോ പങ്കാളിത്തമോ ഉണ്ടായി. ദളിത് ജനവിഭാഗങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത് എ കെ ജി നടത്തിയത്. അന്ന് എതിരാളികള്‍ എ കെ ജിയെ ബോധംകെടുംവരെ ക്രൂരമായി മര്‍ദിച്ചു. അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇത്രയേറെ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന നേതാക്കള്‍ അപൂര്‍വമാണ്.
രാജ്യത്ത് എവിടെ ജനങ്ങളെ ഭരണകൂടവും ജന്മി മുതലാളിത്തശക്തികളും പീഡിപ്പിക്കുന്നുവോ, അവിടങ്ങളിലെല്ലാം പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി ഓടിയെത്തുമായിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകസമരങ്ങളില്‍ എ കെ ജി ആവേശകരമായ സാന്നിധ്യമായി.

തെലങ്കാനയിലെ കര്‍ഷകപ്പോരാളികളെ കൊന്നൊടുക്കുന്ന ഭരണകൂടഭീകരതയ്‌ക്കെതിരെ കൊടുങ്കാറ്റായി ആന്ധ്രയിലെ ഗ്രാമങ്ങളില്‍ എ കെ ജി നടത്തിയ പര്യടനവും അമരാവതിയിലെ കര്‍ഷകരെ കുടിയൊഴിപ്പിച്ച സര്‍ക്കാര്‍നടപടിക്കെതിരെ എ കെ ജി നടത്തിയ നിരാഹാരസമരവും മുടവന്‍മുകളില്‍ മതില്‍ചാടിയ മിച്ചഭൂമിസമരവും കര്‍ഷകസമരങ്ങളിലെ സുപ്രധാന ഏടുകളാണ്.

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മൊറാര്‍ജി ദേശായി ഭരണം നടത്തുമ്പോള്‍, ബോംബെയില്‍ മറാത്തി ജനത നടത്തിയ സമരത്തെ സര്‍ക്കാര്‍ നേരിട്ടത് ലാത്തിയും വെടിയുണ്ടയും കൊണ്ടായിരുന്നു. ഒരുഡസനിലേറെപ്പേരെ വെടിവച്ചുകൊന്നു.

നിശാനിയമവും പ്രഖ്യാപിച്ചു. ഈ ഭീകരാവസ്ഥയ്ക്ക് അന്ത്യംകുറിക്കാന്‍ എ കെ ജി നടത്തിയ പോരാട്ടം ഉപകരിച്ചു. എ കെ ജിയുടെ സമരപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിന്റെ വിജയം.

എ കെ ജി പ്രസിഡന്റ് സ്ഥാനം വഹിച്ച സംഘടനയാണ് അഖിലേന്ത്യാ കിസാന്‍സഭ. അതിന്റെ നേതൃത്വത്തിലായിരുന്നു നാസിക്കില്‍നിന്ന് 200 കിലോമീറ്റര്‍ താണ്ടി ചെങ്കൊടിയുമായി പരമദരിദ്രരായ മനുഷ്യര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്. ആര്‍എസ്എസ് നയിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കേറ്റ പ്രഹരമായിരുന്നു വിജയകരമായ ലോങ് മാര്‍ച്ച്.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ കെ ജി സജീവമായി. അമിതാധികാരവാഴ്ച നടത്തിയ ഇന്ദിരാഗാന്ധിയെ ജനങ്ങള്‍ താഴെയിറക്കിയ ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടുപിരിഞ്ഞത്.

പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം സവിശേഷമായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന വര്‍ഗീയശക്തികളെ പുറത്താക്കാനുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായകഘട്ടത്തിലാണ് ഇക്കുറി എ കെ ജി യുടെ സ്മരണ പുതുക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അഞ്ചുവര്‍ഷവും സമ്പൂര്‍ണ പരാജയമായിരുന്നു.

ഓരോ വര്‍ഷവും 2 കോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തില്‍വന്നവര്‍ യുവതയെ വഞ്ചിച്ചു. തൊഴിലില്ലായ്മനിരക്ക് കുത്തനെ കൂടി. നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണക്കാരുടെ നട്ടെല്ലൊടിച്ചു. രാജ്യത്ത് കര്‍ഷകപ്രക്ഷോഭങ്ങള്‍ വര്‍ധിച്ചു. അദാനിമാരും അംബാനിമാരുമാണ് മോഡിയുടെ സുഹൃത്തുക്കള്‍.

സാധാരണക്കാരെ അദ്ദേഹം തിരിഞ്ഞുനോക്കുന്നില്ല. ബാങ്കുകളെ പറ്റിച്ച് രാജ്യസമ്പത്ത് കൊള്ളയടിച്ച് വിദേശത്തേക്ക് കടന്ന വിജയ്മല്യ, നീരവ് മോഡി തുടങ്ങിയവര്‍ക്കെല്ലാം മോഡി ഭരണം തുണയായി. ഭരണഘടനയെയും ഫെഡറലിസത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്ന മോഡിഭരണം അവസാനിപ്പിക്കേണ്ടത് ഇന്ത്യയെന്ന മതനിരപേക്ഷരാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.

ബിജെപി ഭരണം തൂത്തെറിയാനും പകരം മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തിലേറ്റാനും ഇടതുപക്ഷത്തിന്റെ കരുത്ത് പാര്‍ലമെന്റില്‍ വര്‍ധിപ്പിക്കണം.

ബിജെപിയില്‍നിന്ന് വിഭിന്നമല്ല കോണ്‍ഗ്രസിന്റെ കാര്യവും. തീവ്ര ഹിന്ദുത്വത്തിന് മൃദു ഹിന്ദുത്വ നിലപാടുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെപേരില്‍ ദേശീയസുരക്ഷാ നിയമപ്രകാരം നിരവധി പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.

കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിമാരും മുന്‍ മുഖ്യമന്ത്രിമാരും എംപിമാരും എംഎല്‍എമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ് അഞ്ചുവര്‍ഷത്തിനിടയില്‍ ബിജെപി യിലേക്ക് ചേക്കേറിയത്. ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഓഫീസുകളായി കോണ്‍ഗ്രസ് ഓഫീസുകള്‍ മാറി.

ടോം വടക്കനും കെ എസ് രാധാകൃഷ്ണനും ബിജെപിയിലേക്ക് ചാടിയ പ്രമുഖ മലയാളികളാണ്. ഈ നിര ഇവിടെ അവസാനിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുന്നണികളെ ഒറ്റപ്പെടുത്തി എല്‍ഡിഎഫിന്റെ വിജയം ഉറപ്പാക്കണം.

അതിനായുള്ള അക്ഷീണപരിശ്രമങ്ങളില്‍ ഏര്‍പ്പെടാന്‍ എ കെ ജി സ്മരണ കരുത്തേകുന്നതാണ്. രാജ്യത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്‍ഡിഎഫ് വിജയം അനിവാര്യമാണ്. മതനിരപേക്ഷ ഇന്ത്യക്കുവേണ്ടി പോരാടിയ നേതാവായിരുന്നു എ കെ ജി . സമരതീക്ഷ്ണമായ യൗവനമായിരുന്നു എന്നും എ കെ ജി . ആ ജീവിതം നമുക്കെന്നും പ്രചോദനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News