ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

പുലര്‍ച്ചെ നാലരയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അതേസമയം സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ രണ്ടു തവണയായി ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സൈനികനും ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സിആര്‍പിഎഫ് ക്യാമ്പിന് നേരെആക്രമണമുണ്ടായത്. അതേസമയം ദില്ലിയിലെ പാക് ഹൈക്കമ്മീഷനില്‍ നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു.

ദിനാചരണത്തിന് ജമ്മുകശ്മീരില്‍ നിന്നുള്ള വിഘടനവാദി നേതാക്കളെ പാക് അധികൃതര്‍ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാത്രി നടക്കുന്ന പരിപാടിയില്‍ ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.