1991ൽ യുഡിഎഫ‌് ഭരണത്തിലെത്തിയത‌് ബിജെപിയുമായുണ്ടാക്കിയ ധാരണമൂലം; കുപ്രസിദ്ധമായ കോ-ലീ-ബീ സഖ്യത്തെക്കുറിച്ച് ബിജെപി നേതാവ് കെ ജി മാരാരുടെ ജീവചരിത്രത്തിലെ ഈ ഭാഗം സ്വയം സംസാരിക്കുന്നത്

നിര്‍ണായകഘട്ടങ്ങളില്‍ ആർഎസ‌്എസിനൊപ്പം കൂടാന്‍ കോണ്‍ഗ്രസ‌്, ലീഗ‌് നേതാക്കള്‍ക്ക് ഒരുമടിയുമില്ല എന്ന‌് തെളിയിച്ചതാണ‌് വടകരയിലെയും ബേപ്പൂരിലെയും കുപ്രസിദ്ധമായ കോ–ലീ–ബി സഖ്യം. പാഴായിപ്പോയ ആ പരീക്ഷണത്തെ വിജയിപ്പിച്ചെടുക്കാനാകുമോ എന്ന‌് നോക്കുകയാണിപ്പോൾ.

ജന്മഭൂമിയിൽ പത്രപ്രവര്‍ത്തകനായ കെ കുഞ്ഞിക്കണ്ണന്‍ ബിജെപി നേതാവായിരുന്ന കെ ജി മാരാരെക്കുറിച്ച് എഴുതിയ ‘കെ ജി മാരാര്‍: രാഷ്ട്രീയത്തിലെ സ്നേഹസാഗരം’ എന്ന പുസ‌്തകത്തിലും കോ–ലീ–ബി സഖ്യം സത്യമാണെന്ന നിരവധി പരാമർശങ്ങൾ ഉണ്ട‌്. മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.

നിയമസഭാ–ലോക‌്സഭാ തെരഞ്ഞെടുപ്പ് മത്സരങ്ങളിൽ മുറതെറ്റാതെ മത്സരിക്കുന്ന ബിജെപിയെ ജയമെന്ന ഭാഗ്യം കടാക്ഷിച്ചിട്ടേ ഇല്ല. 1991ലെ തെരഞ്ഞെടുപ്പിൽ ജയിച്ചേ തീരൂ എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായി ചേർന്നും ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം.

മാർക്സിസ്റ്റ് ഹുങ്കിനിരയായി ഏറെ കഷ്ടനഷ്ടങ്ങൾ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലയ്ക്ക് ബിജെപി അവരുമായി അടുക്കുന്നതിന് ഒരുസാധ്യതയുമില്ല. പിന്നെയുള്ളത് ഐക്യമുന്നണിയാണ്. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെ ഇല്ലെന്ന് കണക്കുകൂട്ടി നിൽക്കുകയായിരുന്നു.

ബിജെപിയുമായി ബന്ധപ്പെടുന്നതിൽ തെറ്റില്ലെന്ന് അവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന‌് ബിജെപിയും ചിന്തിച്ചു.

ഒരു കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ ആദ്യക്ഷരംപോലും അന്ന് ബിജെപിക്ക് വശമുണ്ടായിരുന്നില്ല. ‘പൂച്ചയ‌്ക്കാര‌് മണികെട്ടും’ എന്ന ശങ്കയ‌്ക്ക് അന്ത്യംകുറിച്ച ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ ബാന്ധവത്തിന‌് കളമൊരുക്കിയത് രണ്ട് പത്രപ്രവർത്തകരാണ്.

കോൺഗ്രസ് മാത്രമല്ല, മുസ്ലിം ലീഗും കേരള കോൺഗ്രസും ബിജെപിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗും ബിജെപിയും തമ്മിൽ അടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലർക്ക്. എന്നാൽ, ലീഗ‌് നേതാക്കളും ബിജെപി പ്രതിനിധികളും നിരവധി തവണ ചർച്ച നടത്തി.

മറ്റു കക്ഷികളേക്കാൾ സഹകരണാത്മക സമീപനം അവരിൽ ഉണ്ടായി. കോൺഗ്രസിൽ ആന്റണിയും മറ്റും ധാരണ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാകുമെന്ന നിലപാടിൽ ആയിരുന്നുവെങ്കിൽ ബിജെപി സഹകരണം ഉറപ്പിക്കുന്നതിൽ കരുണാകരൻ അത്യുത്സാഹം കാട്ടി. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകൾക്ക് വേദിയായി.

ഒടുവിലുണ്ടായ ധാരണപ്രകാരം സ്വതന്ത്ര സ്ഥാനാർഥിയായി ബേപ്പൂരിൽ ഡോ. കെ മാധവൻകുട്ടിയെ നിർത്താനും വടകര ലോക‌്സഭാ മണ്ഡലത്തിൽ അഡ്വ. രത‌്നസിങ്ങിനെ പൊതുസ്ഥാനാർഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.

ധാരണയിലെ പരസ്യമായ ഈ നിലപാടിനു പുറമെ മഞ്ചേശ്വരത്ത് കെ ജി മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻപിള്ള, തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിൽ ഒ രാജഗോപാൽ എന്നിവർക്ക് ഐക്യമുന്നണി പിന്തുണ നൽകാൻ ധാരണയിലെത്തിയിരുന്നു. കെ ജി മാരാർക്ക‌് ജയിക്കാനാവശ്യമായ വോട്ട് കോൺഗ്രസും ലീഗും നൽകുമെന്നുറപ്പുണ്ടായി. അതിനായി ഓരോ മുതിർന്ന നേതാക്കളെത്തന്നെ അവർ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

വൈരം മറന്ന‌് കോൺഗ്രസ‌്, ലീഗ‌് സ്ഥാനാർഥികൾക്ക‌് വോട്ട‌് നൽകി

തിരുവനന്തപുരത്ത് കോൺഗ്രസും എൻഎസ്എസും ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാം എന്നായിരുന്നു ധാരണ. ബിജെപി സ്ഥാനാർഥികൾക്ക് എത്ര സീറ്റിൽ ആണോ യുഡിഎഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റിൽ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബിജെപിയും ഉറപ്പുനൽകി.

അതനുസരിച്ചുള്ള ലിസ്റ്റും കൈമാറി. നേതൃത്വത്തിന്റെ എല്ലാതലത്തിലും ചർച്ച നടത്തി എടുത്ത തീരുമാനം പൂർണമായും നടപ്പാക്കുന്നതിന് ബിജെപിക്ക‌് കഴിഞ്ഞു. പരമ്പരാഗത വൈരംപോലും മറന്ന് നിശ്ചിത ലീഗ്, കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് നൽകാൻ ബിജെപി പ്രവർത്തിച്ചു.

ആ വോട്ട് പാഴാകില്ലെന്ന‌ും ബിജെപി സ്ഥാനാർഥികളായ കെ ജി മാരാർ, ഒ രാജഗോപാൽ, കെ രാമൻപിള്ള എന്നിവർക്ക് യുഡിഎഫ് വോട്ട‌് നൽകി ജയിപ്പിക്കുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. അസ്പൃശ്യതയ‌്ക്ക‌് അന്ത്യംകുറിച്ച മുന്നണിരാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ബിജെപി കടന്ന ആ തന്ത്രം തെരഞ്ഞെടുപ്പുവേളയിൽ ഏറെ പ്രകീർത്തിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പക്ഷേ മറിച്ചായി.

ധാരണയനുസരിച്ച‌് ബിജെപി പ്രവർത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യുഡിഎഫ്, പ്രത്യേകിച്ച് കോൺഗ്രസിൽ നിന്നുണ്ടായില്ല. ബിജെപി സ്ഥാനാർഥികളെ അവസാനനിമിഷം തന്ത്രപൂർവം അവർ തോൽപ്പിച്ചു. ധാരണയനുസരിച്ചുതന്നെ വോട്ട‌് ചെയ്യാൻ എല്ലാ ഏർപ്പാടുകളും ചെയ‌്തിട്ടുണ്ടെന്ന‌് അവസാനനിമിഷംവരെ കോൺഗ്രസ് ഐ വിഭാഗം വിശ്വസിപ്പിച്ചു. മുസ്ലിം ലീഗും ഈ ഉറപ്പ് ആവർത്തിച്ചപ്പോൾ മഞ്ചേശ്വരത്ത് കെ ജി മാരാരുടെ വിജയപ്രതീക്ഷയ‌്ക്ക‌് സംശയത്തിന്റെ നിഴൽപോലും വീണില്ല.

ബേപ്പൂരിൽ ലീഗ‌് കാര്യമായി സഹായിച്ചു

ബേപ്പൂരിൽ ലീഗ് കാര്യമായി സഹകരിച്ചു. ഡോ. മാധവൻകുട്ടിക്ക് 60,413 വോട്ട് നേടാനായത് ആ സഹകരണം വ്യക്തമാക്കുന്നു. അതേ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അഹല്യ ശങ്കറിന‌് ബേപ്പൂർ മണ്ഡലത്തിൽനിന്ന് ലഭിച്ചത് 12,488 വോട്ടാണ് എന്നത് ഓർക്കണം.

ലീഗിന്റെ സ്വന്തം സ്ഥാനാർഥിയെ മത്സരരംഗത്ത് നിർത്തി ബിജെപിയെ ജയിപ്പിക്കാൻ അവർ വോട്ട‌് ചെയ്യുമോ എന്ന് നേരത്തെ മാരാർ സംശയം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വി രവീന്ദ്രനും പി കെ കൃഷ്ണദാസിനും ഈ സംശയം ഉണ്ടായിരുന്നെങ്കിലും വിജയം പ്രതീക്ഷിച്ചു.

തിരുവനന്തപുരത്ത് ചില സ്ഥലങ്ങളിൽ എൻഎസ്എസ് അനുകൂലമായി നിന്നെങ്കിലും പ്രതീക്ഷിച്ച പിന്തുണ അവരിൽനിന്നും ഉണ്ടായില്ല. തിരുവനന്തപുരം ഈസ്റ്റിൽ കോൺഗ്രസ് നാമമാത്ര മത്സരമേ നടത്തുകയുള്ളൂ എന്നും അവസാനനിമിഷം സ്ഥാനാർഥി പിൻവലിക്കുമെന്നും നൽകിയ ഉറപ്പ് പാലിക്കാൻ കരുണാകരനായില്ല.

കരുണാകരന്റെ വിശ്വസ്തനായിരുന്ന സ്ഥാനാർഥി അവസാനം ആന്റണിയോട് കൂറ‌് പ്രഖ്യാപിച്ച‌് മത്സരത്തിൽ ഉറച്ചുനിന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തിൽ രാജീവ് ഗാന്ധിയുടെ വധവുംകൂടിയായപ്പോൾ അതുവരെയുണ്ടായ ധാരണകളിൽ താളപ്പിഴ വന്നു എന്നതും നേരാണ്.

വളരെ പ്രതീക്ഷയോടെ ബിജെപി നടത്തിയ പരീക്ഷണം ഫലവത്തായില്ല എന്ന് വോട്ടെണ്ണിയപ്പോൾ വ്യക്തമായി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ മേലേത്തട്ടിൽ ഉണ്ടാകുന്ന തട്ടിക്കൂട്ടിയ ധാരണകൾ വിജയത്തിലെത്തിക്കാൻ ആവില്ലെന്ന് ബോധ്യമായി. ‘തോളൊപ്പം ഇല്ലാത്തവരോട് ചങ്ങാത്തം പാടില്ലെ’ന്ന ഗുണപാഠവും ബിജെപിക്കുണ്ടായി.

1991ൽ യുഡിഎഫ‌് ഭരണത്തിലെത്തിയത‌് ബിജെപിയുമായുണ്ടാക്കിയ ധാരണമൂലം മഞ്ചേശ്വരത്ത് ആയിരത്തോളം വോട്ടിനാണ് കെ ജി മാരാർ പരാജയപ്പെട്ടത്. ബിജെപിക്ക് ആ തെരഞ്ഞെടുപ്പിലും ജയിക്കാൻ ആയില്ലെങ്കിലും ബിജെപിയുമായി ഉണ്ടാക്കിയ ധാരണ കൊണ്ടുമാത്രമാണ് യുഡിഎഫ് ഭരണത്തിൽ എത്തിയത്. തെരഞ്ഞെടുപ്പ് ഫലം ഇക്കുറിയും കെ ജിയെ നിരാശനാക്കിയില്ലെങ്കിലും ചതി പറ്റിയതിൽ ദുഃഖിതനായി.

തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്തപ്പോൾ അനാവശ്യമായ പരീക്ഷണമെന്ന കുറ്റപ്പെടുത്താനുള്ള പ്രവണത പ്രകടമായി. ‘ജയത്തിന് അല്ലാതെ തോൽവിക്ക് പിതൃത്വം ഉണ്ടാകില്ലെ’ന്ന് പറഞ്ഞതുപോലെ പാളിയ തന്ത്രത്തെ തള്ളിപ്പറയാൻ ചിലരെങ്കിലും മുന്നോട്ടുവന്നു.

എന്നാൽ, അത്തരക്കാർക്ക് ആവേശം നൽകുന്ന സമീപനം നിരുത്സാഹപ്പെടുത്തി സംഘടനയിലെ ഐക്യം ഊട്ടി വളർത്താനുള്ള മാരാരുടെ ശ്രമം വിജയിക്കാൻ അധികം അധ്വാനമൊന്നും വേണ്ടിവന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News