കളമശേരി കങ്ങരപ്പടിയിലാണ് പി രാജീവിന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവാക്കള്‍ കുളം വൃത്തിയാക്കിയത്. ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിക്കുന്പോള്‍ തന്നെ നടപ്പാക്കി വന്ന പദ്ധതിയുടെ വികസന തുടര്‍ച്ച ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പി രാജീവ് പറഞ്ഞു.

ചുട്ടുപൊളളുന്ന വെയില്‍ വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ കാണാന്‍ നെട്ടോട്ടം ഓടുന്പോള്‍ എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് കുളം വൃത്തിയാക്കുന്ന തിരക്കിലാണ്.

പ്രളയം ഏറെ നഷ്ടമുണ്ടാക്കിയ തന്‍റെ മണ്ഡലത്തില്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളിലെത്തിക്കുകയാണ് ലോകജലജിനത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം.

കളമശേരിയിലെ കങ്ങരപ്പടിയില്‍ നശിച്ചുകിടന്ന മുനിസിപ്പല്‍ കുളമാണ് ഒരുകൂട്ടം യുവാക്കള്‍ക്കൊപ്പം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി വൃത്തിയാക്കിയത്.

എറണാകു‍ളത്ത് പാര്‍ട്ടിയുടെ അമരക്കാരനായിരിക്കെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 60ഓളം കുളങ്ങള്‍ വൃത്തിയാക്കുകയും 50,000 മ‍ഴക്കു‍ഴികളും ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന്‍റ തുടര്‍ച്ചയായാണ് പ്രചരണ പരിപാടിക്കിടെ എത്തിയതെന്ന് പി രാജീവ്.

ജില്ലാ സെക്രട്ടറിയായിരിക്കെ പി രാജീവ് നടപ്പാക്കിയ ജൈവക്കൃഷിയും വിഷുരഹിത പച്ചക്കറി വിപണനവുമെല്ലാം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ജനപ്രതിനിധിയെന്ന നിലയില്‍ കൂടുതല്‍ വികസന തുടര്‍ച്ച നല്‍കാനാകുമെന്ന പ്രതീക്ഷയാണുളളതെന്നും അദ്ദേഹം പറഞ്ഞു.