മൃദുഹിന്ദുത്വ നിലപാട് കോണ്‍ഗ്രസിനെ ശിഥിലമാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്ന സാഹചര്യം സൃഷ്ടിച്ചത് ശബരില വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കും കെപിസിസി നേതാക്കള്‍ക്കും ക്ലാസെടുക്കുന്ന ഡോ. കെ എസ് രാധാകൃഷ്ണനാണ് ബിജെപി പട്ടികയിലെ ഒരു സ്ഥാനാര്‍ഥി.

മൃദുഹിന്ദുത്വം മൂലം കോണ്‍ഗ്രസ് ശിഥിലമാകും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തവരാണ് കോണ്‍ഗ്രസും ആര്‍എസ്എസും. പിന്നീട് ആര്‍എസ്എസ് നിലപാട് മാറ്റിയപ്പോള്‍ കോണ്‍ഗ്രസും മാറ്റി. ആര്‍എസ്എസിന്റെ നാമജപഘോഷയാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അനുവാദംനല്‍കി.

അതോടെ ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്കുണ്ടായി. കെപിസിസി അംഗം കെ രാമന്‍നായരും വനിതാകമീഷന്‍ അംഗമായ ജെ പ്രമീളാദേവിയും എഐസിസി വക്താവ് ടോം വടക്കനുമൊക്കെ ബിജെപിയിലേക്കുപോയി.

അഞ്ചു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് ആര്‍എസ്എസ് നിര്‍ത്തിയത്. കൊല്ലത്തെ അവരുടെ സ്ഥാനാര്‍ഥിയെ ബിജെപിക്കാര്‍ക്കുപോലും അറിയില്ല.

വടകരയില്‍ ബിജെപിക്ക് തൃപ്തിയില്ലാത്ത സ്ഥാനാര്‍ഥിയാണ്. കോഴിക്കോട്ടും വോട്ടു സമാഹരിക്കാന്‍ കഴിയുന്നയാളല്ല സ്ഥാനാര്‍ഥി. കണ്ണൂരില്‍ എക്കാലത്തും വോട്ട് കെ സുധാകരനു ചെയ്യുകയാണ് ബിജെപിയുടെ പതിവ്. എറണാകുളത്തെ അല്‍ഫോണ്‍സ് ബിജെപിക്കാര്‍ക്ക് അനഭിമതനാണ്.

ആര്‍എസ്എസ്സുകാരുമായി തങ്ങള്‍ ഒരിക്കലും കൂട്ടുകൂടിയിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. 1980ല്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ അന്നത്തെ ജനതാപാര്‍ട്ടിയിലെ ഒ രാജഗോപാലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായത്. പെരിങ്ങളം നിയമസഭാ മണ്ഡലത്തില്‍ കെ ജി മാരാരായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

ഇപ്പോഴത്തെ മന്ത്രി എ കെ ശശീന്ദ്രനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. വടകരയിലും ബേപ്പൂരിലും കോ–ലീ–ബി സഖ്യത്തിന്റെ പ്രചാരകനായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ കരുണാകരന്റെ നേതൃത്വത്തില്‍ ആ സഖ്യമുണ്ടാക്കുമ്പോള്‍ എ കെ ആന്റണിയായിരിന്നു കെപിസിസി പ്രസിഡന്റ്.

സംശയമുള്ളവര്‍ കെ ജി മാരാരുടെ ആത്മകഥ വായിക്കണം. അഭിമന്യുവിനെ കൊന്ന എസ്ഡിപിയുടെ വോട്ട് വേണ്ടെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. ഉമ്മന്‍ചാണ്ടി അതുപറയാന്‍ തയ്യാറാകുമോ? അഭിമന്യു ചുവരില്‍ എഴുതിയ വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യമാണ് തങ്ങള്‍ പ്രചരിപ്പിക്കുന്നത്.

എന്‍എസ്എസ് തങ്ങളുടെ ശത്രുവല്ല. അവര്‍ സമദൂരത്തില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്. വെള്ളാപ്പള്ളിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. നവോത്ഥാനമൂല്യ സംരക്ഷണസമിതിയില്‍ ഉള്ളവര്‍ക്കും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാമെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. പത്തനംതിട്ടയില്‍ ഒരു സമുദായ സംഘടനയുടെ അംഗീകാരം കിട്ടാത്തതുകൊണ്ടാണ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ പ്രതിയാകുന്നവര്‍ കൊലയാളികളാണെങ്കില്‍ കരുണാകരനെപ്പറ്റിയും അങ്ങനെ പറയാമോയെന്ന് കെ മുരളീധരനോട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

കെ കരുണാകരനും കേസില്‍ പ്രതിയായിരുന്നല്ലോ. കരുണാകരന്‍ ശിക്ഷിക്കപ്പെടാത്തുകൊണ്ട് അങ്ങനെ വിളിക്കാനാകില്ല. പി ജയരാജനും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പി ജയരാജന് വടകരയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് കിട്ടും. അദ്ദേഹത്തിനെതിരെ ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടാകുമെന്ന് കണക്കുകൂട്ടിത്തന്നെയാണ് സ്ഥാനാര്‍ഥിയാക്കിയത്.

പാര്‍ടി ഓഫീസിലെ പീഡനം എന്നു പ്രചരിപ്പിക്കുന്ന സംഭവത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കോ അടുപ്പമുള്ളവര്‍ക്കോ ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ പാര്‍ടിതല അന്വേഷണമില്ല. പൊലീസ് അന്വേഷിച്ച് നടപടിയെടുക്കട്ടെ. ഒരാള്‍ക്കും പാര്‍ടി സംരക്ഷണം കൊടുക്കുന്നില്ല.

ഒരു വിരല്‍ പാര്‍ട്ടിക്കെതിരെ ചൂണ്ടുമ്പോള്‍ നാലുവിരല്‍ തങ്ങള്‍ക്കെതിരെ ചൂണ്ടുന്നുവെന്നു ആരോപണകര്‍ത്താക്കള്‍ മനസ്സിലാക്കണം. നിലമ്പൂരില്‍ പാര്‍ടി ഓഫീസില്‍ രാധയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കോണ്‍ഗ്രസിന്റെ നേതാവായ ചെന്നിത്തല സ്വയം ചികിത്സ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News