പ്രതിഭകളുടെ അപൂര്‍വ്വ സംഗമം ആയിരുന്നു കൈരളി ടി വി ദുബായില്‍ സംഘടിപ്പിച്ച ഇശല്‍ ലൈല

പ്രവാസലോകത്തെ ഏറ്റവും ശ്രദ്ധേയമായ മെഗാ ഷോ ആയി കൈരളി ടി വി ഇശല്‍ ലൈല. മലയാള ചലച്ചിത്ര രംഗത്തെ പ്രതിഭകളുടെ അപൂര്‍വ്വ സംഗമം കൂടിയായിരുന്നു കൈരളി ടി വി ദുബായില്‍ സംഘടിപ്പിച്ച ഇശല്‍ ലൈല. മാപ്പിളപ്പാട്ടുകളുടെ ചരിത്രത്തില്‍ ഇടം പിടിച്ച കൈരളി ടിവി ഇശല്‍ ലൈല അവാര്‍ഡ് നിശയുടെ അഞ്ചാമത് പതിപ്പാണ് ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ നടന്നത്.

മലയാളത്തിന്റെ മഹാ നടനും മലയാളം കമ്മ്യൂണിക്കെഷന്‍സ് ചെയര്‍മാനുമായ മമ്മുട്ടിയുടെ സാന്നിധ്യം അവാര്‍ഡ് നിശയെ ശ്രദ്ധേയമാക്കി. മലയാള ചലച്ചിത്ര രംഗത്തെ വലിയൊരു താര നിര തന്നെ ഇശല്‍ ലൈല വേദിയില്‍ എത്തിയിരുന്നു.

മോഹന്‍ലാല്‍, പൃഥിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, മുരളി ഗോപി, ആശാ ശരത്, തുടങ്ങിയവരുടെ സാന്നിധ്യവും ഇശല്‍ ലൈലയെ വേറിട്ടതാക്കി. സംഗീത രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ ഗന്ധര്‍വ ഗായിക കെ എസ് ചിത്ര, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, അഫ്‌സല്‍, അന്‍ഷി ഫാത്തിമ എന്നിവര്‍ക്ക് മമ്മുട്ടി അവാര്‍ഡുകള്‍ സമ്മാനിച്ചു.

മാപ്പിളപ്പാട്ട് പരിപോഷിപ്പിക്കാന്‍ കൈരളി ടിവി നടത്തുന്ന ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ ഏറെ സ്വാഗതം ചെയ്യുന്നുവെന്നു മമ്മൂട്ടി പറഞ്ഞു. മമ്മുട്ടിക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ കെ എസ് ചിത്ര ആലപിച്ചത് ഏവരുടെയും മനം കവര്‍ന്നു.


മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ഡയറക്ടര്‍ വി കെ അഷറഫ് , എം കെ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, കൈരളി ടിവി മിഡില്‍ ഈസ്റ്റ് ന്യൂസ് ആന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍ ഇ എം അഷറഫ്, എന്നിവര്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ട്രെയിലറിന്റെ അവതരണവും ഇശല്‍ ലൈല വേദിയില്‍ നടന്നു. ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വേദിയിലെത്തി. മമ്മുട്ടിയാണ് ലൂസിഫറിന്റെ ട്രെയിലര്‍ അവതരിപ്പിച്ചത്. ഒരു അടാര്‍ ലവ് നായികാ നൂറിന്‍ ശരീഫ് , നടി മിയ ജോര്‍ജ് എന്നിവര്‍ നൃത്ത ചുവടുകളുമായി ഇശല്‍ ലൈല വേദിയെ ആവേശത്തിലാക്കി.

ഗായകരായ അഫ്‌സല്‍, റിമി ടോമി , എന്നിവര്‍ ഇശല്‍ ലൈലയില്‍ സംഗീത മഴയൊരുക്കി . കാര്യം നിസാരം സീരിയല്‍ താരങ്ങളുടെ പ്രകടനങ്ങളും ഇശല്‍ ലൈല വേദിയുടെ മാറ്റ് കൂട്ടി. യു എ ഇ യിലെ ഭിന്ന ശേഷിക്കരായ വിദ്യാര്‍ഥികള്‍ ഫാഷന്‍ ഷോയുമായി ഇശല്‍ ലൈല വേദിയില്‍ എത്തിയത് ഏറെ ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here