തീ പാറിയ മത്സരം, 1 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം; അന്ന് സംഭവിച്ചത് ഇന്ത്യ കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരാട്ടം

ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും 1947-ല്‍ രാജ്യം സ്വതന്ത്രമായ ശേഷം, ജനാധിപത്യ ഭരണസംവിധാനം സ്വീകരിച്ചുകൊണ്ട് ഇന്ത്യ മുന്നോട്ട് പോയപ്പോള്‍ മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍ ഏറെയായിരുന്നു.

ഭൂരിഭാഗവും നിരക്ഷരാരായ രാജ്യം, നൂറുകണക്കിന് ഭാഷകള്‍, ആയിരക്കണക്കിന് ഗോത്രങ്ങള്‍, വിഭിന്നമയ സംസ്‌കാരങ്ങള്‍ അങ്ങനെ നീണ്ടുപോയിരുന്നു വൈരുദ്ധ്യങ്ങളുടെ ആ വലിയ പട്ടിക.

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം എന്ന ലക്ഷ്യം നിര്‍വ്വഹിക്കാന്‍ ഇന്ത്യ നടപടികള്‍ ആരംഭിച്ചപ്പോള്‍, ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് സമ്പ്രദായം ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ലെന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ വിധി എഴുതി.

എല്ലാ സംശയങ്ങളെയും തെറ്റിദ്ധാരണകളെയും മറികടന്ന് ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം നിലവില്‍ വന്നു.

അന്ന് മുതല്‍ ഇന്ന് വരെയുള്ള ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് പറയാന്‍ രസകരമായ നിരവധി കഥകള്‍ ഉണ്ട്.


രേഷ്മാ സുരേഷ് എഴുതുന്നു: ‘വോട്ട് കഥ’

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വാശിയേറിയ പോരാട്ടം ഏതെന്ന് ചോദിച്ചാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പറയാന്‍ ഒരു ഒറ്റ ഉത്തരമേയുള്ളു. 1962ല്‍ ബോംബെ നോര്‍ത്ത് മണ്ഡലത്തില്‍ നടന്ന തീ പാറിയ തെരഞ്ഞെടുപ്പ് പോരാട്ടം.

കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി നേതാവായ ആചാര്യ കൃപലാനിയും നെഹ്രുവിന്റെ വലംകയ്യായിരുന്നു വി കെ കൃഷ്ണമേനോനും തമ്മിലായിരുന്നു ആ ചരിത്ര പോരാട്ടം നടന്നത്. ഇന്നത്തെപോലെ സുരക്ഷിത മണ്ഡലങ്ങല്‍ക്ക് വേണ്ടി, ഒരേ മുന്നണിയിലെ നേതാക്കള്‍ തമ്മില്‍ പോലും തര്‍ക്കങ്ങളും തമ്മില്‍ തല്ലും നടക്കാറുണ്ട്.

പക്ഷേ ആചാര്യ കൃപലാനി തന്റെ സുരക്ഷിത മണ്ഡലമായ സീതാമാര്‍ഹി ഉപേക്ഷിച്ചു. എന്തിനായിരുന്നെന്നോ? ബോംബെ നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിക്കാന്‍ വേണ്ടി. വി കെ കൃഷ്ണമേനോന്‍ ആയിരുന്നു ബോംബെ നോര്‍ത്ത് മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥി.

കൃഷ്ണമേനോനെ തോല്‍പ്പിച്ചേ തീരു എന്ന കൊടുംവാശിയാണ് ആചാര്യ കൃപലാനിയെ ബോംബെ നോര്‍ത്തില്‍ എത്തിച്ചത്. ചൈനീസ് ആക്രമണ ഭീഷണി നേരിടുന്ന കാലം ആയിരുന്നു അത്.

ചൈനയോട് ഇന്ത്യ അനാവശ്യമായ വിധേയത്വം കാണിക്കുകയാണെന്ന് ആരോപിച്ച് കൊണ്ട് കൃപലാനി ലോകസഭയില്‍ കൃഷ്ണമോനോനെതിരെ ആഞ്ഞടിച്ചിരുന്നു. കൃഷ്ണമോനോന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എവിടെ മത്സരിച്ചാലും അവിടെ താനും മത്സരിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് കൃപലാനി ലോകസഭയില്‍ നടത്തിയ പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസംഗങ്ങളില്‍ ഒന്നാണ്.

പ്രചരണത്തിനായി ഇരുപക്ഷത്തെയും പ്രമുഖ നേതാക്കള്‍ ബോംബെ നോര്‍ത്തില്‍ അണിനിരന്നു. തന്റെ വിശ്വസ്തനായ കൃഷ്ണമോനോന്റെ മാനം കാക്കാന്‍ നെഹ്രു ബോംബെ നോര്‍ത്തില്‍ തന്നെ തമ്പടിച്ചു. സ്വന്തം മണ്ഡലമായ ഫുല്‍പ്പൂരില്‍ പോലും നെഹ്‌റു പ്രചരണത്തിനായി അത്രയും വിയര്‍പ്പൊഴുക്കിയില്ലായിരുന്നു. അന്ന് കൃപലാനിക്ക് വേണ്ടി ബോംബെയില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം ഇതായിരുന്നു.

ചീനി ഹംല ഹോത്തേ ഹൈന്‍
മോനോന്‍ സാബ് സോത്തേ ഹൈന്‍
സോനാ ഹേ തൊ സോനെ ദെ
കൃപലാനിജി തൊ ആതെ ദോ.

(ചൈന ആക്രമിക്കാന്‍ മുന്നേറുമ്പോള്‍, മോനോന്‍ സാര്‍ ഉറങ്ങുകയാണ്,
ഉറങ്ങിയേ തീരുവെങ്കില്‍ ഉറങ്ങട്ടെ, കൃപനാലിജിയെ നമ്മുടെ അടുത്തേക്ക് വിളിക്കൂ)

തീ പാറിയ പോരാട്ടത്തിനൊടുവില്‍ വിജയിച്ചത് വികെ കൃഷ്ണമേനോനായിരുന്നു. ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വി കെ കൃഷ്ണമേനോന്‍ അന്ന് ജയിച്ചത്. പിന്നീട് ഇന്ത്യയുടെ അദ്ദേഹം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി.

1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യന്‍ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുന്നിര്‍ത്തി വി കെ കൃഷ്ണമോനോന് രാജിവെയ്‌ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1969-ല്‍ കൃഷ്ണ മോനോന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

വോട്ടുകഥ തുടരും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News