ശ്രീധരന്‍ പിള്ളയെ വെട്ടി പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ സ്ഥാനാര്‍ഥി

തര്‍ക്കങ്ങള്‍ക്കൊടുവില്‍ പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍പിള്ളയെ വെട്ടി കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി. ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ വി മുരളീധരപക്ഷത്തിന്റെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ കെ സുരേന്ദ്രന് ഗുണം ചെയ്തു.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായതോടെ തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നും ഏറെക്കുറെ ഉറപ്പായി.

തര്‍ക്കങ്ങള്‍ക്കും തമ്മിലടിക്കും താല്‍ക്കാലികമായെങ്കിലും വിരാമം കുറിച്ചുകൊണ്ടാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചത്.

രാവിലെ പുറത്തുവിട്ട പട്ടികയിലും പത്തനംതിട്ട ഇല്ലായിരുന്നു. ഇതോടെ പ്രഖ്യാപനം ഇനിയും വൈകുമെന്നായിരുന്നു കണക്കുകൂട്ടല്‍.

സീറ്റിനായി കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍പിള്ളയും ഒരു മാസത്തോളം നടത്തിയ കരുനീക്കങ്ങള്‍ക്ക് ഒടുവിലാണ് കെ സുരേന്ദ്രന് നറുക്ക് വീണത്.

കേരളത്തിന്റെ കാര്യം ചര്‍ച്ച ചെയ്ത ഒടുവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും കെ സുരേന്ദ്രനും പി എസ് ശ്രീധരന്‍പിള്ളയും കടുപിടുത്തം തുടര്‍ന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം

പ്രതിസന്ധിയിലായിരുന്നു. ആര്‍എസ്എസും ദേശീയ നേതൃത്വവും ഒരു പോലെ കയ്യൊഴിഞ്ഞതോടെയാണ് പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള പി എസ് ശ്രീധരന്‍ പിള്ളയുടെ മോഹത്തിന് അന്ത്യമായത്.

എന്‍എസ്എസ് പിന്തുണയുണ്ടെന്ന ശ്രീധരന്‍ പിള്ളയുടെ അവകാശവാദവും ആര്‍എസ്എസ് വിലയ്‌ക്കെടുത്തില്ല. എന്‍എസ്എസ് പിന്തുണ വകവയ്ക്കാതെ ശ്രീധരന്‍ പിള്ളയ്ക്ക് പകരം കെ സുരേന്ദ്രന് സീറ്റ് നല്‍കിയത് എന്‍എസ്എസിനും തിരിച്ചടിയായി.

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയതാണ് കെ സുരേന്ദന് ആര്‍എസ്എസ് പിന്തുണ ലഭിക്കാന്‍ ഇടയാക്കിയത്. പത്തനംതിട്ടയിലെ പ്രഖ്യാപനത്തോടെ തൃശ്ശൂര്‍ സീറ്റില്‍ തുഷാര്‍ മത്സരിക്കുമെന്നും ഏകദേശം ഉറപ്പായി.

തുഷാര്‍ മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് ഏറ്റെടുത്ത് കെ സുരേന്ദ്രനെ ഇവിടെ ബിജെപി നീക്കം നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദങ്ങള്‍ ബിജെപിയില്‍ അവസാനിക്കില്ല.

സീറ്റ് തര്‍ക്കം തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ വിവാദങ്ങള്‍ക്ക് വഴികൊളുത്തും. ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ ആയുധമായി മറുപക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദങ്ങള്‍ മാറ്റും.

ഇത് കൂടാതെ അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനും ബിജെപിക്ക് മറുപടി പറയേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here