അഗ്ബോഗ്ളോഷിയിലേയ്ക്ക് അധികമാരും അടുക്കാറില്ല. അവിടെ എപ്പോഴും വിഷപ്പുകയാണ്. ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ തലസ്ഥാനമായ അക്രയോട് ചേര്‍ന്നുളള ആ ചെറുപട്ടണം.
മാഫിയകള്‍ക്കും മാലിന്യകച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കും ജീവന്‍ പണയം വെച്ച് ഇ മാലിന്യങ്ങള്‍ വേര്‍തിരിക്കുകയും കത്തിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്കും മാത്രമുളളതാണ് ഈ നഗരം. ഇടയ്ക്കിവിടെ ശാസ്ത്രഞ്ജരും ആരോഗ്യപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമെത്തും.
റോഡരികില്‍ നിന്നാല്‍ വിഷപ്പുകയില്‍ എരിഞ്ഞടങ്ങുന്ന കൊച്ചുനഗരം കാണാം. വിഷപ്പുകയുടെ പ്രഭവ കേന്ദ്രങ്ങള്‍ കാണണമെങ്കില്‍ സ്വന്തം രാജ്യം ശുചീകരിക്കുന്നതിനായി വിദേശീയര്‍ തളളിയ ഉപയോഗശൂന്യമായ കമ്പ്യൂട്ടര്‍,മൊബൈല്‍ ഫോണ്‍,മിക്സി,വാഹനഭാഗങ്ങള്‍ എന്നിങ്ങനെ പരിഷ്കൃത ലോകം
“ഇ വേസ്റ്റ്” എന്ന സംജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കുറച്ച് ദൂരം നടക്കണം.മറിച്ച് വില്ക്കാനോ പുനര്‍ നിര്‍മിക്കനോ ആകാത്ത ഈ വേസ്റ്റുകള്‍ കൂട്ടിയിട്ട് കത്തിക്കും.അങ്ങോട്ട് വെറുതെ ആരെയും കടത്തിവിടില്ല.
100 സേഡി മുതല്‍ 200 സേഡി വരെയാണ് മാഫിയാകൂലി. സംഘത്തിലെ സന്ദര്‍ശകരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂലി ഉയര്‍ന്നുകൊണ്ടിരിക്കും.
പുറം നാട്ടുകാര്‍ക്ക് അധികനേരം വിഷപ്പുക ശ്വസിച്ച് നില്കാനാകില്ല.മുഖപടം കൊണ്ട് മൂക്കും വായും മറയ്ക്കണം. മാലിന്യ കൂമ്പാരങ്ങള്‍ക്കപ്പുറത്ത് സ്തീകളും കുട്ടികളും ചെറുപ്പക്കാരും അടങ്ങുന്ന ഒരു സംഘം വിപണിയില്‍ മറിച്ചു വില്ക്കാനാകാത്ത മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. അവിടെ ഉയരുന്ന പുക സമീപത്തെ ചേരികളില്‍ മാറാവ്യാധികള്‍ വിതയ്ക്കുന്നു. വിഷപ്പുക ശ്വസിക്കുന്നവര്‍ക്കെല്ലാം തങ്ങള്‍ എരിഞ്ഞടങ്ങുകയാമെന്ന സത്യം നന്നായി അറിയാം. എന്നീട്ടും എന്തിന് ഈ തൊഴിലെടുക്കുന്നു? എല്ലാവരുടേയും മറുപടി മറുചോദ്യമായിരുന്നു
“സുരക്ഷിതമായ മറ്റൊരു തൊഴില്‍ തരാന്‍ നിങ്ങള്‍ക്കാവുമോ?”
മുലപ്പാലില്‍ വിഷാംശം
—————————
അഗ്ബോഗ്ളോഷില്‍ പണിയെടുക്കുന്നവര്‍ക്കും സമീപത്ത് താമസിക്കുന്നവര്‍ക്കുമിടയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുളള രോഗങ്ങള്‍ വ്യാപകമാണ്. പ്രശ്നത്തിന്‍റെ തീവ്രത മനസ്സിലാക്കാനായി അടുത്തിടെ ഘാന അറ്റോമിക് എനര്‍ജി കമ്മീഷനുവേണ്ടി അനിഡ അസാമോഹ് എന്ന ഗവേഷകയുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തിയിരുന്നു.
അഗ്ബോഗ്ളോഷിലെ ചേരി പ്രദേശത്ത് താമസിക്കുന്ന 128 അമ്മമാരുടേയും ഇ മാലിന്യങ്ങളുടെ സാന്നിധ്യം തെല്ലും ഇല്ലാത്ത മറ്റൊരു പ്രദേശമായ കവാബെന്‍യയിലെ 128 അമ്മമാരുടേയും മുലപ്പാലുകള്‍ ശേഖരിച്ചു കൊണ്ടായിരുന്നു അനിഡയുടെ പഠനം.
അഗ്ബോഗ്ളോഷിലെ അമ്മമാരുടെ മുലപ്പാലില്‍ മാരകമാം വിധം പോളി ക്ളോറിനേറ്റഡ് ബൈഫൈനുകളും പോളി സൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബനുകളും കണ്ടെത്തി. എന്നാല്‍ കവാബെന്‍യയിലെ അമ്മമാരില്‍ ഇവയുടെ സാന്നിധ്യം പരിധിക്ക് അകത്തായിരുന്നു.
അഗ്ബോഗ്ളോഷിലെ വെളളത്തിലും മണ്ണിലും വായുവിലും നിറയെ വിഷാംശമാണ്.ഇവിടെ ജീവിക്കുന്ന അമ്മമാരുടെ മുലപ്പാലില്‍ മാരകമായ അളവിലുളുളള പി സി ബി ,.പി സി എച്ച് സംയുക്തങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്.
ഇമാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും ആരോഗ്യപ്രസ്നങ്ങളെക്കുറിച്ചും
അഗ്ബോഗ്ളോഷിലെ അമ്മമാര്‍ ബോധവാന്‍മാരാണ്. നിയമ വിരുദ്ധമായ ഈ തൊഴില്‍ ചെയ്യാന്‍
അധികമാരും തയ്യാറാവില്ല.
അതുകൊണ്ടുതന്നെ ഇവര്‍ക്ക് താരതമ്യേന മെച്ചപ്പെട്ട കൂലി ലഭിക്കും. തൊഴിലില്ലായ്മ രൂക്ഷമായ നാട്ടില്‍ ഇവരുടെ മുന്‍ഗണന താല്ക്കാലിക ആശ്വാസത്തിനാണ്.
രണ്ടോ മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ രോഗം ബാധിച്ച് മിക്ക സ്ത്രീകളും കിടപ്പിലാകും. അപൂര്‍വ്വം ചിലര്‍ ആരോഗ്യപ്രശ്നങ്ങള്‍ മുന്‍കൂട്ടികണ്ട് തൊഴിലും താമസവും മാറ്റും.
പക്ഷെ അതിനകം തന്നെ അവരുടെ ശരീരത്തില്‍ അപകടകരമാംവിധം വിഷമാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടാകും മുലപ്പാലിലൂടെ വിഷാംശം അവര്‍ അടുത്ത തലമുറയിലേയ്ക്ക് കൈമാറുന്നു.
പ്രശ്നത്തിന്‍റെ ഗുതുതരാവസ്ഥ അനിഡ വിശദീകരിക്കുന്നു: “മുലപ്പാലാണ് കുട്ടികള്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല പോഷകാഹാരം. എന്നാല്‍ ഇവിടെ അമ്മമാര്‍ അവര്‍ അറിയാതെ മുലപ്പാലിലൂടെ കുഞ്ഞുങ്ങള്‍ക്ക് കൈമാറുന്നത്
മാരമായ അളവിലുളള പി സി ബി,പി സി എച്ച് തന്‍മാത്രകളാണ്. ഇവ ഉളളിലെത്തുന്ന ശിശുക്കള്‍ക്ക് കാന്‍സര്‍ ബാധിക്കാനുളള സാധ്യത വളരെ കൂടുതലാണ്”
“പരിഹാരം ബേബിഫുഡല്ല”
———————————
മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന വിഷാശത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ അമ്മമാര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നുണ്ട്. പകരം കുഞ്ഞുങ്ങള്‍ക്ക് എന്ത് നല്കും? അഗ്ബോഗ്ളോഷിലൂടെ നിരവധി കന്നുകാലികള്‍ അലഞ്ഞുതിരിയുന്നുണ്ട്.
പശുവിന്‍ പാലോ ആട്ടിന്‍ പാലോ നല്‍കിക്കൂടേ? വിഷം കലര്‍ന്ന ഇതേ മണ്ണില്‍ തന്നെയാണ് കന്നുകാലികളും ജീവിക്കുന്നത്.അവ വിഷം കലര്‍ന്ന വായു ശ്വസിക്കുന്നു. വിഷം കലര്‍ന്ന വെളളം കുടിക്കുന്നു.അവ ഉല്പാദിപ്പിക്കുന്ന പാലിലും വിഷാംശമാണ്.
ഇവിടുത്തെ കന്നുകാലികളുടെ ഇറച്ചിയിലും വിഷാംശമാണ്. മുലപ്പാലും പശുവിന്‍ പാലും ആട്ടിന്‍ പാലും എല്ലാം അപകടകരമാവുമ്പോള്‍ അമ്മമാരുടെ അവസാനത്തെ ആശ്രയം ബഹുരാഷ്ട്രകമ്പനികള്‍ വിപണിയില്‍ തളളുന്ന കൃതൃമപാല്‍തന്നെയാണ്.
ഒരു വശത്തിലൂടെ ഇ മാലിന്യങ്ങള്‍ കയറ്റി അയച്ച് അഗ്ബോഗ്ളോഷിനെ മലിനമാക്കുന്ന
വികസിത രാജ്യങ്ങളിലെ ബഹുരാഷ്ട്രകമ്പനികള്‍ തന്നെ ഈ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നത്തിന്‍റെ ഗുണഭോക്താക്കളായിമാറുന്നു.
എന്നാല്‍ അമ്മമാര്‍ മുലപ്പാല്‍ ഉപേക്ഷിക്കരുതെന്ന ഉറച്ച നിലപാടിലാണ് അനിത. ഗവേഷത്തിന്‍റെ ഭാഗമായി മുന്നോട്ട് വെക്കുന്ന പരിഹാര നിര്‍ദ്ദശങ്ങള്‍ സര്‍ക്കരിനെക്കൊണ്ട് നടപ്പിലാക്കാനുളള പരിശ്രമത്തിലാണ് അനിഡ
“പാര്സ്ഥിതിക,ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാത്ത വിധം അഗ്ബോഗ്ളോഷിനെ പുനര്‍നിര്‍മ്മിക്കണം. സുരക്ഷിതമായ വിധത്തിലായിരിക്കണം പാഴ്വസ്തുക്കളില്‍ നിന്ന് പുനര്‍ നിര്‍മ്മാണം നടത്തേണ്ടത്. കാരണം മുലപ്പാലിന് പകരംവെക്കാന്‍ മറ്റൊന്നില്ല”
തന്‍റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ കൃതൃമപ്പാലും ബേബിഫുഡും ഉല്‍പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ആയിരിക്കരുതെന്ന് അനിതയ്ക്ക് നിര്‍മ്പന്ധമുണ്ട്. അനിഡ അസാമോഹ് തന്‍റെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്ന ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Get real time update about this post categories directly on your device, subscribe now.