നെടുമ്പാശ്ശേരിയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാ മദ്ധ്യേ ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ ആലുവയില്‍ ഇറങ്ങിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടഭ്യര്‍ഥിച്ചത്.

കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലം മാറിയെന്ന് അറിയിച്ചപ്പോ‍ഴാണ് തനിക്ക് അബദ്ധം പറ്റിയെന്ന് കണ്ണന്താനത്തിന് മനസ്സിലായത്.

അമളി തിരിച്ചറിഞ്ഞ കണ്ണന്താനം പിന്നീടുള്ള വോട്ടഭ്യര്‍ഥന ചാലക്കുടിയിലെ ബി ജെ പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനു വേണ്ടിയാക്കി.

ദില്ലിയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയ കണ്ണന്താനം കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിലാണ് എറണാകുളത്തേക്ക് യാത്ര തിരിച്ചത്.

എറണാകുളം ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കളമശ്ശേരിയില്‍ ബസ് ഇറങ്ങിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണമേറ്റുവാങ്ങി നഗരത്തിലേക്ക് പ്രവേശിക്കാനായിരുന്നു പദ്ധതി.

എന്നാല്‍ ആലുവ പറവൂര്‍ കവലയില്‍ ബസ് നിര്‍ത്തിയതോടെ കണ്ണന്താനവും ബി ഗോപാലകൃഷ്ണനുള്‍പ്പടെയുള്ള നേതാക്കളും പ്രവര്‍ത്തകരും ഇവിടെയിറങ്ങി.

തുടര്‍ന്ന് കാറില്‍ കയറാന്‍ പ്രവര്‍ത്തകര്‍ ക്ഷണിച്ചപ്പോള്‍ അതിനു മുതിരാതെ കവലയിലുണ്ടായിരുന്ന വോട്ടര്‍മാര്‍ക്ക് നേരെ കണ്ണന്താനം കുതിച്ചു.

തുടര്‍ന്ന് വോട്ടഭ്യര്‍ഥന മണ്ഡലം മാറിയെന്ന് പ്രവര്‍ത്തകര്‍ അടക്കം പറഞ്ഞെങ്കിലും കണ്ണന്താനം അത് കേട്ടിരുന്നില്ല. എന്നാല്‍ ഇതു കേട്ട ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തകരെ ശാസിച്ചു.

എതു മണ്ഡലമാണെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൂടെ എന്നായി ഗോപാലകൃണ്ന്‍. ഇതോടെ തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞ കണ്ണന്താനം തുടര്‍ന്നുള്ള വോട്ടഭ്യര്‍ഥന ചാലക്കുടി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി രാധാകൃഷ്ണനു വേണ്ടിയാക്കി മാറ്റി തടിതപ്പുകയായിരുന്നു.