തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; ചെന്നിത്തല നിയമക്കുരുക്കിൽ

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓദ്യോഗിക വസതിയില്‍ വാര്‍ത്താസമ്മേളനം നടത്തി.

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുമോ ഇല്ലയോ എന്ന അനിശ്ചിതത്ത്വത്തിന് വിരാമമിടാന്‍ ഉടന്‍ തീരുമാനം ഉണ്ടാക്കണമെന്ന് രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെടുന്നതായി അറിയിക്കാനാണ് ഔദ്യോഗിക വസതിയില്‍ ഞായറാഴ്ച പകല്‍ 11ന് വാര്‍ത്താ സമ്മേളനം വിളിച്ചത്.

സര്‍ക്കാര്‍ വസതിയില്‍ രാഷ്ട്രീയ ആവശ്യം ഉയര്‍ത്തി വാര്‍ത്താ സമ്മേളനം വിളിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്.

മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പെരുമാറ്റചട്ടം നിലവിലിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവ് ചട്ടം ലംഘിച്ച് തന്നിഷ്ടപ്രകാരം സര്‍ക്കാര്‍ മന്ദിരം ദുരുപയോഗിച്ചത്.

മുന്‍കാലങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മുഴുനീളെ എഐസിസി പ്രസിഡന്റിനെ വാഴ്ത്താനും മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും ആക്ഷേപിക്കാനുമാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്.

മാതൃകാ പെരുമാറ്റചട്ടം നിലവിലിരിക്കെ സര്‍ക്കാര്‍ മന്ദിരത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് ചട്ടലംഘനമാകില്ലെ എന്ന ചോദ്യത്തിന് അതിന് തനിക്ക് അധികാരമുണ്ടെന്ന വിശദീകരണമാണ് ചെന്നിത്തല നല്‍കിയത്.

പരാതി ലഭിച്ചാല്‍ സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. യുഡിഎഫ് ഭരണകാലത്ത് അഴിമതിയെ ചൊല്ലി നിയമസഭ പ്രക്ഷുബ്ദമായപ്പോള്‍ അവതരിപ്പിക്കാനാകാത്ത ബജറ്റ് അവതരിപ്പിച്ചുവെന്ന് വരുത്താന്‍ ചട്ടം ലംഘിച്ച് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും കൂട്ടരും സഭയ്ക്കകത്ത് മധുരപലഹാരം വിതരണം ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായ ജി കാര്‍ത്തികേയന്‍ മരിച്ച് ദുഖാചരണം തീരും മുമ്പെയാണ് ചെന്നിത്തലയും കൂട്ടരും സഭയില്‍ ലഡുവിതരണം ചെയ്തത്.

സംഭവത്തിനെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് തടിയൂരുകയായിരുന്നു യുഡിഎഫും കോണ്‍ഗ്രസും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here