തൃശൂർ നടത്തറ കെടിഎം ന്റെ സർവ്വീസ് സെന്ററിൽ സർവീസിനായി ഉടമ നൽകിയ ആഡംബര ബൈക്ക് ഡ്യൂക്കിന്റെ RC മോഡൽ ആണ് അപകടം വിതച്ചത്.

സർവീസ് സെന്റർ ജീവനക്കാരൻ സർവ്വീസ് കഴിഞ്ഞ ബൈക്കുമായി അമിത വേഗതയിൽ എതിർ ദിശയിൽ വന്ന മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയേറ്റ് വീണ ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു.ഡ്യൂക്ക് ബൈക്ക് ഓടിച്ചിരുന്ന സർവ്വീസ്‌ സെന്റർ ജീവനക്കാരൻ അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് നടത്തറയിലെ ഡ്യൂക്കിന്റെ ഷോറൂം ജീവനക്കാർ പൂട്ടി.

തൃശൂർ നടത്തറ ഹൈവേയോട് ചേർന്ന സർവീസ് റോഡിലാണ് അപകടം നടന്നത്.നടത്തറ ജെപി നഗർ മഠത്തിൽപറബിൽ സന്തോഷിന്റെ മകൻ മിഥുൻ( 21 വയസ്) ആണ് മരിച്ചത്.

ഡി വൈ എഫ് ഐ നടത്തറ മുൻ മേഖല കമ്മിറ്റി അംഗവും ,ജെ പി നഗർ യൂണിറ്റ് വൈസ് പ്രസിഡന്റുമാണ് മരണപ്പെട്ട മിഥുൻ സന്തോഷ്.

ഏറെ നാളുകളായി ഈ സർവീസ് റോഡിൽ ആഡംബര ബൈക്കുകളുടെ അഭ്യാസ പ്രകടനവും മത്സര ഓട്ടവും നടക്കുന്നുണ്ട്,കാൽനട യാത്രകാർക്ക് അടക്കം പരിക്ക് ഏൽക്കുന്നത് നിത്യ സംഭവം ആവുകയാണ്.