ഐപിഎല്‍ 12ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ മുംബൈക്ക് 37 റണ്‍സ് തോല്‍വി. റിഷഭ് പന്തിന്‍റെ മിന്നുന്ന ഇന്നിംഗ്സിന്‍റെ ബലത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 176 റണ്‍സില്‍ പോരാട്ടം അവസാനിച്ചു.

ക്വിന്‍റന്‍ ഡികോക്ക് അക്രമണോത്സുകത കാട്ടിയെങ്കുിലും മുംബൈ ഇന്ത്യന്‍സിന് തുടക്കം ശോഭനമായിരുന്നില്ല. നാലാം ഓവറില്‍ രോഹിതിനെ(14) ഇശാന്ത് പുറത്താക്കി. ഇശാന്തിന്‍റെ തന്നെ ആറാം ഓവറിലെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവ്(2) റണ്‍‌ഔട്ട്.

അഞ്ചാം പന്തില്‍ ഡികോക്ക്(27) പുറത്ത്. പൊള്ളാര്‍ഡിനെ(13 പന്തില്‍ 21) വിന്‍ഡീസ് സഹതാരം കീമോ പോള്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ ഹര്‍ദികിനെ(0) അക്ഷാര്‍ റിട്ടേണ്‍ ക്യാച്ചില്‍ പറഞ്ഞയച്ചു.

എന്നാല്‍ യുവ്‌രാജ് സിംഗിനെ കുട്ടുപിടിച്ച് ക്രുനാല്‍ പാണ്ഡ്യ തകര്‍ത്തടിച്ചു. 15-ാം ഓവറില്‍ ബൗള്‍ട്ട് പുറത്താക്കുമ്പോള്‍ ക്രുനാല്‍ 15 പന്തില്‍ 32 റണ്‍സെടുത്തിരുന്നു.

ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന യുവ്‌രാജ് സിംഗ് 33 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. എന്നാല്‍ യുവി(53) പുറത്തായ ശേഷം മുംബൈ പരാജയം സമ്മതിച്ചു. മക‌്‌ലെനാഗന്‍ 10 റണ്ണെടുത്തപ്പോള്‍ പരിക്കേറ്റ ബുംറ ബാറ്റിംഗിനിറങ്ങിയില്ല.