കേരളം പൊ‍ള്ളുന്നു; നിരവധിപ്പേര്‍ക്ക് സൂര്യാതപമേറ്റു; മൂന്നു മരണം

കൊടുംചൂട‌് തുടരുന്ന കേരളത്തിൽ സൂര്യാതപമേറ്റ‌് ഞായറാഴ്ച മൂന്നുപേർ മരിച്ചു. പൊള്ളലേറ്റ പത്തോളം പേർ ചികിത്സ തേടി. തിരുവനന്തപുരം പാറശാല അയിര സ്വദേശി കരുണാകരൻ(44), പത്തനംതിട്ട മാരാമൺ സ്വദേശി ഷാജഹാൻ(60), കണ്ണൂർ വെള്ളോറയിലെ കാടൻ വീട്ടിൽ നാരായണൻ (67)എന്നിവരാണ് മരിച്ചത്. ഇതോ‌‌ടെ സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി

ഞായറാഴ്ച പകൽ 12ഓടെയാണ് പാറശാലയിലെ കരുണാകരൻ കനത്ത ചൂടിൽ കുഴഞ്ഞുവീണ‌് മരിച്ചത്. വീടിനുസമീപത്തെ വയലിൽ കൃഷിചെയ്യുന്നതിനിടെ കുഴഞ്ഞുവീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊള്ളലേറ്റതായി പരിശോധനയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കോടതിയിലെ ബെഞ്ച് ക്ലർക്കാണ്. ഭാര്യ:- സുമി. മക്കൾ: ആശിക്, അഭിഷേക്.

മാരാമൺ റിട്രീറ്റ് സെന്ററിന് സമീപം കൺവൻഷൻ നഗറിലേക്കുള്ള നദീതീര റോഡിലാണ‌് ഷാജഹാനെ മരിച്ചനിലയിൽ കണ്ടെത്തിയത‌്. വർഷങ്ങളായി മാരാമൺ, കോഴഞ്ചേരി പ്രദേശങ്ങളിൽ കൂലിപ്പണിയെടുത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു.

ശരീരത്തിലെ ചിലഭാഗങ്ങളിൽ പൊള്ളലേറ്റതിന്റെ സൂചനയുണ്ട‌്. വെള്ളോറയിലെ കാടൻ വീട്ടിൽ നാരായണ (67)നെ വീടിനുപിറകുവശത്ത‌് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുഖത്തും നെഞ്ചത്തും പൊള്ളലേറ്റിട്ടുണ്ട‌്. ഭാര്യ: കുന്നുമ്മൽ ജാനകി. മക്കൾ: മധുസൂദനൻ (വെള്ളോറ ടാഗോൾ മെമ്മോറിയൽ എച്ച‌്എസ‌്എസ‌് ജീവനക്കാരൻ, സിപിഐ എം ചെക്കിക്കുണ്ട‌് ബ്രാഞ്ചംഗം), ഷാജി. മരുമക്കൾ: ശോഭന (പറവൂർ), സവിത(ചെറുപുഴ).

ശനിയാഴ്ച അങ്കമാലിയിലെ അനില സുഭാഷ്(42), കുട്ടനാട്ടിൽ ഇതര സംസ്ഥാന തൊഴിലാളി പി രവി(60) എന്നിവർ സൂര്യാതപമേറ്റ് മരിച്ചിരുന്നു. വിവിധ ജില്ലകളിൽ ഞായറാഴ‌്ച മാത്രം പത്തുപേർ പൊള്ളലേറ്റ‌് ചികിത്സതേടിയിട്ടുണ്ട‌്. ഇതുവരെ 119പേർക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ആഴ്ച മാത്രം 56 പേർക്ക് സൂര്യാതപമേറ്റുവെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News