അന്‍പത് ശതമാനം വിവിപാറ്റ്; ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്ന് വാദം

ഓരോ മണ്ഡലത്തിലെയും അന്‍പത് ശതമാനം വിവിപാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിശദമായി വാദം കേള്‍ക്കും. ചന്ദ്ര ബാബു നായിഡു, അരവിന്ദ് കെജ്രിവാള്‍, ടികെ രംഗരാജന്‍ തുടങ്ങി 21 പ്രതിപക്ഷ നേതാക്കളാണ്സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

മാര്‍ച്ച് 15ന് ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ മാനദണ്ഡ പ്രകാരം നിയമസഭാ തെരെഞ്ഞെടുപ്പ് ആണെങ്കില്‍ ഒരു മണ്ഡലത്തിലെ ഒരു ബൂത്തിലെ വി വി പാറ്റ് രസീതുകള്‍ മാത്രമേ എണ്ണുകയുള്ളൂ.

ലോക്സഭാ തെരെഞ്ഞെടുപ്പ് ആണെങ്കില്‍ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വി വി പാറ്റ് രസീതുകള്‍ എണ്ണും.

യാദൃശ്ചികം ആയി തെരഞ്ഞെടുക്കുന്നത് ആണ് ഈ ബൂത്തുകള്‍. ശരാശരി 0.44 % വി വി പാറ്റ് രസീതുകള്‍ മാത്രമാണ് എണ്ണുന്നത്. ഇത് 50 ശതമാനം ആയി ഉയര്‍ത്തണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മാനദണ്ഡം ചോദ്യം ചെയ്താണ് 21 പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ടികെ രംഗരാജന്‍, എസ് സുധാകര്‍ റെഡി, ചന്ദ്ര ബാബു നായിഡു, അരവിന്ദ് കെജ്രിവാള്‍, കെസി വേണുഗോപാല്‍ തുടങ്ങി 21 പ്രതിപക്ഷ നേതാക്കളാണ് ഹര്‍ജിക്കാര്‍.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്. ഓരോ ലോക്‌സഭാ മണ്ഡലത്തിലെയും എത്ര വി വി പാറ്റ് രസീതുകള്‍ എണ്ണണം എന്നതിനെ കുറിച്ച് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ തീരുമാനം എടുക്കും. 50 ശതമാനം വിവിപാറ്റ് എണ്ണുന്നതിലൂടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തി തെരെഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്ന ആശങ്ക തീര്‍ക്കാം.

അതോടൊപ്പം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കൃത്യവും കാര്യക്ഷമവും ആയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താം എന്നൊക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here