‘ഗരീബി ഹഠാവോ’യ്ക്ക് നാല്‍പ്പത്തിയെട്ട് വര്‍ഷം വീണ്ടും ‘കര്‍ഷക രക്ഷയ്ക്ക്’ വാഗ്ദാനവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: ദാരിദ്ര്യം അപ്പാടെ ഇല്ലാതാക്കുമെന്ന,ഇനിയും നടപ്പായിട്ടില്ലാത്ത, ‘ഗരീബി ഹഠാവോ’ മുദ്രാവാക്യത്തിന്റെ നാല്‍പ്പത്തി എട്ടാം വാര്‍ഷികത്തിലാണ് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.

രാജ്യത്ത്‌ പാവപ്പെട്ടവരായിട്ടുള്ള 5 കോടി കുടുംബങ്ങളിലെ 25 കോടി ആളുകളെ കണ്ടെത്തി മിനിമം വരുമാനം ഉറപ്പാക്കുമെന്നാണ്‌ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽഗാന്ധി തിങ്കളാഴ്‌ച വാർത്താസമ്മേളനത്തിൽ വാഗ്‌ദാനം നൽകിയത്‌.

എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും പിന്നീട്‌ പ്രധാനമന്ത്രിയായ രാജീവ്‌ ഗാന്ധിയും വാഗ്‌ദാനം ചെയ്‌ത ‘ ഗരീബീ ഹഠാവോ’ യുടെ ഗതിതന്നെയാകുമോ ഈ വാഗ്ദാനത്തിനുമെന്നു സംശയമുയരുന്നു.

ഇന്ത്യയിലെ ദാരിദ്രരേഖയ്‌ക്ക്‌ താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും മാസം 12000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്നാണ്‌ രാഹുൽ പുതിയതായി പറഞ്ഞത്‌.

രാജ്യത്തെ 20ശതമാനം വരുന്ന പാവപ്പെട്ട ജനങ്ങൾക്ക്‌ മാസംത്തോറും 6000 മുതൽ 12000 വരെ ലഭിക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ പറയുന്നു. ഇതനുസരിച്ച് 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാനപരിധി.

12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസസഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,0000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ കൂടുതല്‍ കാലവും കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ചിട്ടും ജീവിക്കാന്‍ മിനിമം വരുമാനം പോലുമില്ലാത്ത 25 കോടി ജനങ്ങള്‍ ബാക്കിയായി എന്ന കുറ്റസമ്മതം കൂടിയല്ലേ ഈ വാഗ്ദാനം എന്ന ചോദ്യവും ഉയരുന്നു.

1971ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയാണ്‌ ഗരീബി ഹഠാവോ (ദാരിദ്ര്യം തുടച്ചുനീക്കൂ) മുദ്രാവാക്യം മുന്നോട്ടുവച്ചത്‌.

അക്കാലത്ത്‌ ഇന്ദിര പ്രസംഗം അവസാനിപ്പിച്ചിരുന്നത്‌ ഈ മുദ്രാവാക്യത്തോടെയാണ്‌. കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ റാലികളിലും ‘ഗരീബീ ഹഠാവോ’ ആവർത്തിച്ചു. പിന്നീട്‌ രാജീവ്‌ ഗാന്ധിയും തെരഞ്ഞെടുപ്പുകളിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചു.

ദരിദ്രരായ വലിയ വിഭാഗം ജനങ്ങൾക്ക്‌ പ്രതീക്ഷ നൽകുന്നതായിരുന്നു മുദ്രാവാക്യമെങ്കിലും ദരിദ്രരെ കൂടുതൽ ദരിദ്രരും സമ്പന്നരെ കൂടുതൽ സമ്പന്നരുമാക്കുന്ന നയങ്ങളാണ്‌ പിൽക്കാല കോൺഗ്രസ്‌ സർക്കാരുകൾ സ്വീകരിച്ചത്‌.

അതിനു മുമ്പ് 1965ല്‍ ജയ്‌ ജവാൻ ജയ്‌ കിസാൻ ‘സൈനികർ ജയിക്കട്ടെ കർഷകർ ജയിക്കട്ടെ’ എന്നർഥമുള്ള മുദ്രാവാക്യം കോൺഗ്രസ്‌ നേതാവും പ്രധാനമന്ത്രിയുമായിരുന്ന ലാൽ ബഹാദൂർ ശാസ്‌ത്രി ഉയര്‍ത്തി.

ഇന്ത്യയുടെ ഭാവി സൈനികരുടെയും കർഷരുടെയും കൈയിലാണ്‌ എന്ന സന്ദേശമാണ്‌ ഇതിലൂടെ ജനങ്ങൾക്ക്‌ നൽകിയത്‌.

ശാസ്‌ത്രിയുടെ മരണശേഷം 1967ലും കോൺഗ്രസ്‌ ഇതേ ഈ മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടു.എന്നാല്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല.

2004ൽ ജനവിധി തേടവെ എൻഡിഎ സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ ഫലമായി ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണമാണ്‌ ബിജെപി നടത്തിയത്‌.

ഗ്രേ വേൾഡ്‌ വൈഡ്‌ കമ്പനിയാണ്‌ ബിജെപിക്കായി പരസ്യങ്ങൾ തയ്യാറാക്കിയത്‌. പത്ര–-ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായി 500 കോടി സർക്കാർ ഖജനാവിൽനിന്ന്‌ ചെലവഴിച്ചു.

വിവിധ മേഖലകളിലെ ശോചനീയാവസ്ഥ ഉയർത്തിക്കാട്ടി പ്രതിപക്ഷം ‘ഇന്ത്യ തിളങ്ങുന്നു’ പരസ്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയതോടെ ബിജെപി പ്രചാരണം തിരിച്ചടിച്ചു. തോൽവി ഏറ്റുവാങ്ങി ഭരണത്തിൽനിന്ന്‌ പുറത്തായി.

ബിജെപിയുടെ ഇന്ത്യ തിളങ്ങുന്നു പ്രചരണത്തെ നേരിടാൻ 2004ൽ കോൺഗ്രസ്‌ ഉപയോഗിച്ച മുദ്രാവാക്യമാണ് ‘കോൺഗ്രസ്‌ കാ ഹാഥ്‌, ഗരീബോം കീ സാഥ്‌’(കോൺഗ്രസിന്റെ കൈ പാവപ്പെട്ടവർക്കൊപ്പം).

എന്നത്. അതും വെറും വാക്കായി.ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച കാലയളവില്‍ തൊഴിലുറപ്പ് പദ്ധതി പോലെ ചില നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായി എന്നുമാത്രം

2014 തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബിജെപി ഉയർത്തിയ മുദ്രാവാക്യമാണ് അബ്‌ കി ബാർ മോഡി സർക്കാർ(ഇത്തവണ മോഡി സർക്കാർ).

ഇതിനൊപ്പം മോഹനവാഗ്ദാനങ്ങളും നൽകി. കോടിക്കണക്കിനു രൂപ ചെലവഴിച്ചായിരുന്നു പരസ്യതന്ത്രങ്ങൾ മെനഞ്ഞത്‌. ഏറ്റവും റേറ്റിങ‌് ഉള്ള സമയങ്ങളിൽത്തന്നെ ടെലിവിഷനിലും പത്രങ്ങളിലെ മുൻ പേജുകളിലും മോഡിപ്പരസ്യം നിറഞ്ഞു.

ഇന്ന്‌ മുൻ സർക്കാരുകളെ പഴി പറയാനാണ്‌ മോഡിയും ബിജെപി നേതാക്കളും അധികസമയവും ചെലവഴിക്കുന്നത്‌, പഴയ മുദ്രാവാക്യങ്ങളെപ്പറ്റി മിണ്ടാട്ടമേയില്ല.

പാവങ്ങൾക്ക‌് അടിസ്ഥാന വേതനം ഉറപ്പുവരുത്തുന്ന സൗജന്യശമ്പള പദ്ധതി ലോകത്ത‌് പല രാജ്യങ്ങളും ഉപേക്ഷിക്കുന്ന ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം.

വികസിത യൂറോപ്യൻ രാജ്യങ്ങളിലാണ‌് ഈ പദ്ധതി ആരംഭിച്ചത‌്. വർഷങ്ങൾക്കുമുമ്പ‌് ആരംഭിച്ച പദ്ധതികളിൽനിന്ന‌് സമ്പന്നമായ രാജ്യങ്ങൾപോലും പിൻമാറുന്ന പ്രവണതയാണ‌് ഇപ്പോൾ.

സാമ്പത്തികമായി ഏറെ മുന്നിലുള്ളതും ലോകത്തിലെ ഏറ്റവും സംതൃപ‌്തരായ ജനങ്ങൾ അധിവസിക്കുന്നതുമായ സ‌്കാൻഡിനേവിയൻ രാജ്യങ്ങൾപോലൂം ഇത്തരം പദ്ധതികളിൽ നിന്നും പിൻമാറുമ്പോൾ 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയിൽ തികച്ചും അപ്രായോഗികമായി പദ്ധതി വെറും തെരഞ്ഞെടുപ്പ‌് തട്ടിപ്പ‌് മാത്രമാകുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ദ്ധര്‍ ഉന്നയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News