സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്; ഇന്ത്യയെ രക്ഷിക്കാനും ജനോന്മുഖമായ നയംമാറ്റത്തിലേക്ക് നയിക്കാനുമുള്ള തെരഞ്ഞെടുപ്പ്; സീതാറാം യെച്ചൂരി

രാജ്യം പതിനേഴാമത് പൊതുതെരഞ്ഞെടുപ്പു പോരാട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു കാലത്ത് ഭരണകക്ഷി നല്‍കിയ വാഗ്ദാനങ്ങള്‍ എത്രമാത്രം നിറവേറ്റി എന്നതിനെ മുന്‍നിര്‍ത്തിമാത്രം അതിനെ വിലയിരുത്താനാകുന്ന ഒരുസാധാരണ തെരഞ്ഞെടുപ്പല്ല ഇത്.

പലപ്പോഴും സര്‍ക്കാരിന്റെ വഞ്ചനകളുടെ ബാക്കിപത്രമാണ് തെരഞ്ഞെടുപ്പ് സംവാദത്തിലെ മുഖ്യപ്രശ്‌നമായി ഉയരാറുള്ളത്.

എന്തൊക്കെയായാലും, സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. എന്തുകൊണ്ടാണ് ഇതിങ്ങനെ പറയുന്നതെന്നോ? നമ്മുടെ ഭരണഘടന പാവനമായി പ്രതിഷ്ഠിച്ച മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഭാവി തന്നെയാണ് അപകടത്തിലായിട്ടുള്ളത്.

പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ എന്‍ഡിഎ മുന്നണി കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട്, ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ക്കും നേരെ വലിയരീതിയിലുള്ള ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്.

അതിന്നും തുടരുകയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബിജെപി തുടരുന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനപരമായ മൗലികസ്തംഭങ്ങളെ തുരങ്കം വയ്ക്കുന്നതിലേക്കാണ് നയിക്കുക.

അതുകൊണ്ടുതന്നെ, ഇന്ത്യന്‍ സമ്മതിദായകരുടെ പ്രാഥമിക കടമ ഈ സര്‍ക്കാരിന്റെ തോല്‍വി ഉറപ്പാക്കുകയും നമ്മുടെ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള വഴി ഒരുക്കുകയും അതിനെ ബലപ്പെടുത്തുന്നതിലേക്ക് നീങ്ങുകയും ചെയ്യുക എന്നതാണ്. ഇത് വിജയിക്കണമെങ്കില്‍, നിലവിലുള്ള മോഡി സര്‍ക്കാരിന്റെ നയങ്ങളുടെ ദിശതന്നെ മൗലികമായി മാറ്റി അതിനെ ജനാനുകൂലമാക്കേണ്ടതുണ്ട്.

ഇത് സാധ്യമാകണമെങ്കില്‍, സിപിഐ എമ്മിനും ഇടതുപക്ഷ കക്ഷികള്‍ക്കും ഇന്ത്യയുടെ പതിനേഴാം പാര്‍ലമെന്റില്‍ ശക്തമായ സാന്നിധ്യം ഉണ്ടാക്കാന്‍ കഴിയണം.കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട്, നമ്മുടെ ഭരണഘടനയുടെ നാല് മൗലികസ്തംഭം – – മതനിരപേക്ഷ ജനാധിപത്യം, സാമ്പത്തിക സ്വാശ്രയത്വം, സാമൂഹ്യനീതി, ഫെഡറലിസം എന്നിവയെല്ലാം യഥാക്രമം തകര്‍ക്കപ്പെട്ടിരിക്കുന്നു.

മതനിരപേക്ഷ ജനാധിപത്യം
മതനിരപേക്ഷതയും ജനാധിപത്യവും ഗുരുതരമായ ആക്രമണങ്ങളാണ് നേരിടുന്നത്. വര്‍ഗീയധ്രുവീകരണത്തിന്റെ അപകടകരമായ വളര്‍ച്ചയും ഗോരക്ഷയുടെയും സദാചാര പൊലീസിങ്ങിന്റെയും പേരിലുള്ള ക്രൂരമായ ആക്രമണങ്ങളും ഉന്നമിടുന്നത് ദളിതരെയും മുസ്ലിങ്ങളെയുമാണ്.

വര്‍ഗീയ ധ്രുവീകരണത്തിന്റെ തീവ്രത വര്‍ധിക്കുന്നത് വഴി രാജ്യത്തുടനീളം വെറുപ്പിന്റെയും ആക്രമണത്തിന്റെയും അന്തരീക്ഷം പടരുകയാണ്. എല്ലാ പൊതുഇടങ്ങളും വര്‍ഗീയവല്‍ക്കരിക്കപ്പെടുകയാണ്. അതുവഴി ജനങ്ങള്‍ക്കിടയിലുള്ള സാമൂഹ്യഐക്യം തകര്‍ക്കപ്പെടുകയാണ്.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാനശിലകള്‍ തകര്‍ത്തെറിയുകയും, മതന്യൂനപക്ഷങ്ങളുടെയും മറ്റ് ന്യുനപക്ഷങ്ങളുടെയും ജീവനോപാധികള്‍ക്കു നേരെ വലിയരീതിയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും അവരില്‍ അരക്ഷിതബോധം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന് ഗുരുതരമായ അപകടമാണ് വരുത്തിവയ്ക്കുക. സ്വതന്ത്രഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ അടിസ്ഥാനശിലകള്‍ക്ക് നേരെയുള്ള ആക്രമണമാണിത്.

സാമ്പത്തിക സ്വാശ്രയത്വം

സാമ്പത്തിക സ്വാശ്രയത്വത്തെക്കുറിച്ചാണെങ്കില്‍, മോഡി സര്‍ക്കാര്‍ ആ ലക്ഷ്യം നേടുന്നതില്‍നിന്ന് ഇന്ത്യയെ ബഹുദൂരം പിറകോട്ടെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം, അന്താരാഷ്ട്ര ധനമൂലധനത്തിന്റെയും നാടന്‍ വന്‍കിട ബിസിനസുകാരുടെയും ലാഭം വര്‍ധിപ്പിക്കത്തക്കവിധം നമ്മുടെ സമ്പദ് വ്യവസ്ഥ മുമ്പൊന്നുമില്ലാത്ത തരത്തില്‍ തുറന്നിട്ടുകൊടുത്തത് നാം കണ്ടതാണ്. നോട്ടു റദ്ദാക്കലും ജിഎസ്ടിയും വഴിയുള്ള ഇരട്ട ആക്രമണം നമ്മുടെ സമ്പദ് മേഖലയിലെ വലിയൊരു വിഭാഗത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ഇത് നമ്മെ സാമ്പത്തികമായി പിറകോട്ടാണ് നയിച്ചത്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോള്‍. കാര്‍ഷിക ദുരിതം അഗാധമായി തുടരുകയാണ്, അതാകട്ടെ കര്‍ഷക ആത്മഹത്യയിലേക്കാണ് നയിക്കുന്നത്.

സാമ്പത്തിക പ്രവര്‍ത്തനത്തിലുണ്ടായ മൊത്തം മാന്ദ്യത്തോടൊപ്പം അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കൂടിയായപ്പോള്‍, ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതം ദുരിതമയമായിരിക്കുന്നു. നവലിബറല്‍ നയങ്ങളുടെ അക്രമാസക്തമായ രീതിയിലുള്ള നടപ്പാക്കലും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും സാമ്പത്തിക അസമത്വം അതിവേഗം വളരാനിടയാക്കി.

മോഡിയുടെ സ്വാശ്രയത്വം

സ്വയവും ആശ്രയവും എന്ന അര്‍ഥം കല്‍പ്പിച്ചുകൊണ്ട് സ്വാശ്രയത്വത്തിന് മോഡി ഒരു പുതിയ വ്യാഖ്യാനമാണ് നല്‍കുന്നത്. ശിങ്കിടി മുതലാളിത്തത്തിന്റെ നിലവാരം മുമ്പൊരിക്കലും കാണാത്ത രീതിയില്‍ ഉയര്‍ന്നിരിക്കുന്നു. മോഡിയുടെ പ്രിയങ്കരരായ കോര്‍പറേറ്റുകള്‍ റഫേല്‍ യുദ്ധവിമാന ഇടപാടുപോലുള്ള ഒട്ടനവധി കരാറുകള്‍ തട്ടിയെടുത്ത് വലിയ കുംഭകോണങ്ങള്‍ നടത്തുകയാണ്.

ഇത്തരം ശിങ്കിടി മുതലാളിത്തത്തിന്റെ നേട്ടങ്ങള്‍ എവിടേക്കെല്ലാമാണ് ചെന്നെത്തുന്നത് എന്ന കാര്യം മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയകക്ഷികള്‍ക്ക് സംഭാവന നല്‍കുന്ന കാര്യത്തില്‍ മോഡി സര്‍ക്കാര്‍ ഒരു പുതിയ നിയമം പാസാക്കിയത്.

മറ്റു പല കാര്യങ്ങള്‍ക്കുമൊപ്പം, ‘തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ‘ എന്ന ഒരു സംവിധാനത്തിന് അനുമതി നല്‍കി. ബാങ്കുകളില്‍നിന്ന് ഇത്തരം ബോണ്ടുകള്‍ ആരെല്ലാമാണ് വാങ്ങിച്ചതെന്നോ, ഏതെല്ലാം രാഷ്ട്രീയ പാര്‍ടികള്‍ക്കാണ് അത് നല്‍കിയതെന്നോ, പാര്‍ടി ഫണ്ടുകളാക്കിത്തീര്‍ക്കാനായി ആരെല്ലാമാണ് അത് കാശാക്കി മാറ്റിയതെന്നോ ഉള്ള വിവരം ഒരാള്‍ക്കുമറിയില്ല.

ഇത്തരത്തിലുള്ള രഹസ്യസ്വഭാവം ഉറപ്പാക്കിക്കൊണ്ട് ചങ്ങാത്ത മുതലാളിത്തത്തിന്റെ അസുഖകരമായ പ്രത്യാഘാതങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനാകും എന്നാണ് മോഡി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ആദ്യവിതരണത്തില്‍ 95 ശതമാനവും ബിജെപിയിലാണ് ചെന്നുചേര്‍ന്നത് എന്ന കാര്യം പുറത്തായി. രാഷ്ട്രീയ അഴിമതി നിയമാനുസൃതമാക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ഫെഡറലിസം

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ഫെഡറലിസം കടുത്ത ആക്രമണങ്ങളാണ് നേരിടുന്നത്. കേന്ദ്ര- – സംസ്ഥാന ബന്ധങ്ങള്‍ വഷളാക്കുന്നതിനൊപ്പം (ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത സ്വജനപക്ഷപാതവും പ്രതിപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളോട് ശത്രുതയും കാട്ടുകയാണ് ) ആസൂത്രണ കമീഷന്‍ വേണ്ടെന്ന് വയ്ക്കുക കൂടി ചെയ്തുകൊണ്ട്, തങ്ങള്‍ക്ക് ന്യായമായും കിട്ടേണ്ട അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവസരം നിഷേധിക്കുകയുമാണ്.

ദേശീയ ദുരന്തങ്ങള്‍ക്കോ തങ്ങളുടെ സവിശേഷ പദ്ധതികള്‍ക്കോ ഉള്ള കാശ് കിട്ടുന്നതിന് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ദയാദാക്ഷിണ്യത്തിന് കാത്തു നില്‍ക്കേണ്ടിവരികയാണ്. അതുവഴി ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്താന്‍ കഴിയാതാവുകയാണ്. ദേശീയ വികസന കൗണ്‍സില്‍ നിലവിലില്ലാതെയായി. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും മതിയായ ഫണ്ടുകള്‍ നേടിയെടുക്കാനും ഉള്ള അവസരമാണ് ഇതുവഴി ഇല്ലാതായത്.

ജിഎസ്ടി നടപ്പായതോടെ, റവന്യു ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു സ്രോതസ്സും സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതെയായി. ജിഎസ്ടി നടപ്പാക്കിയ രീതി സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ റവന്യുവിന്റെ ഗണ്യമായ ഭാഗവും നഷ്ടപ്പെടുന്നതിന് ഇടയാക്കി.

ചുരുക്കിപ്പറഞ്ഞാല്‍, ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ഘടനയ്ക്കുപകരം ബിജെപി ഒരു യൂണിറ്ററി ഭരണകൂടവ്യവസ്ഥയ്ക്ക് രൂപം കൊടുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതാകട്ടെ, ആര്‍എസ്എസ് മുന്നോട്ടു വയ്ക്കുന്ന ഫാസിസ്റ്റിക് പ്രത്യയശാസ്ത്രപദ്ധതിക്ക് അനുയോജ്യമായ ഒന്നാണുതാനും.

സാമൂഹ്യ നീതി

ഭരണഘടന ജനങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുന്നു. പക്ഷേ, കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടത്, എല്ലാ മേഖലകളിലും കൂടുതല്‍ അനീതി വളരുന്നതാണ്.

സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളും ലൈംഗികാക്രമണങ്ങളും അപായകരമാംവിധം പെരുകുകയാണ്. ചെറിയ കുട്ടികളെയും ബാലികമാരെയുമടക്കം കൂട്ടബലാത്സംഗം ചെയ്യുന്ന നീചകൃത്യങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ അപമാനവീകരണത്തിന്റെ അടയാളങ്ങളാണ്. ഇത്തരം വന്‍തോതിലുള്ള അപമാനവീകരണ സംഭവങ്ങള്‍ക്ക് ഇതിനു മുമ്പൊരിക്കലും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടില്ല.

വളരുന്ന പ്രക്ഷോഭങ്ങള്‍

സമീപകാലത്തായി മോഡി സര്‍ക്കാരിനും നയങ്ങള്‍ക്കുമെതിരായി വന്‍തോതിലുള്ള ജനകീയസമരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വന്‍ പണിമുടക്ക് സമരങ്ങള്‍ നടന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഒരു യുദ്ധമുഖത്തായിരുന്നു. വളര്‍ന്നുവരുന്ന ഈ പ്രതിഷേധങ്ങളെ വര്‍ഗീയവികാരങ്ങള്‍ ഉയര്‍ത്തി ഗതിമാറ്റി വിടാനും ജനങ്ങളില്‍ ശത്രുതാപരമായ ധ്രുവീകരണം ഉണ്ടാക്കിയെടുക്കാനുമാണ് ഭരണവര്‍ഗം പരിശ്രമിക്കുന്നത്.

ദേശസുരക്ഷ

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയ്ക്ക്, ജമ്മു കശ്മീരിനോടുള്ള മോഡി സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി സംസ്ഥാനത്തെ ജനങ്ങളെയാകെ അന്യവല്‍ക്കരിച്ചിരിക്കുന്നു. ഭീകരാക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്.

2009- -14 കാലത്ത് 109 ആക്രമണമായിരുന്നുവെങ്കില്‍, 2014 -19 കാലത്ത് അത് 626 ആയി കുതിച്ചുയര്‍ന്നു. വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം ഇക്കാലയളവില്‍ 139 ല്‍നിന്ന് 483 ആയി വര്‍ധിച്ചു. കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം 12 ല്‍നിന്ന് 210 ആയി.

വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനം 563 ല്‍നിന്ന് 5596 ആയി പെരുകി. മോഡി സര്‍ക്കാരിന്റെ കശ്മീര്‍നയം യുവാക്കളെ വന്‍തോതില്‍ തീവ്രവാദ ഗ്രൂപ്പുകളിലെത്തിക്കുന്നതിലേക്കാണ് നയിച്ചത്.

എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തി അവരുടെ വിശ്വാസം നേടാനുള്ള നടപടികള്‍ ഉപേക്ഷിക്കപ്പെട്ടു. പാകിസ്ഥാനുമായുള്ള സംഭാഷണം പെന്‍ഡുലത്തിന്റേതുപോലുള്ള ചാഞ്ചാട്ടങ്ങളിലേക്കാണ് ചെന്നെത്തിയത്.

ഉറിയിലെ ഭീകരാക്രമണത്തിനുശേഷം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കോടെ ഈ ശാപത്തിന് അറുതിയാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷേ, ഭീകരാക്രമണങ്ങള്‍ തുടര്‍ന്നു.

രാജ്യം ഭീകരാക്രമണ ഭീഷണിയെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി യോജിച്ചുനിന്നു. പക്ഷേ, സര്‍ക്കാരും ബിജെ പിയും പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും കടുത്ത അപകടമാണ് വരുത്തിവയ്ക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തങ്ങളനുഭവിച്ച അസംഖ്യം പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ ഈ പരിശ്രമങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ദൃഢനിശ്ചയം ജനങ്ങള്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യും.

ഈ സര്‍ക്കാരിനെ നിരാകരിച്ചുകൊണ്ട് തങ്ങളുടെ ജീവിതം തകര്‍ത്തെറിഞ്ഞ ശക്തികളോട് അവര്‍ കണക്കുതീര്‍ക്കും. ജനങ്ങളുടെ ഈ രോഷത്തില്‍നിന്ന് രക്ഷപ്പെടാനായി ആര്‍എസ്എസും ബിജെപിയും വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തി യുദ്ധജ്വരവും അതിസങ്കുചിത ദേശീയതയും ഉണര്‍ത്തിവിടാനുള്ള അപകട സാധ്യതയുണ്ട്. ഈ പരിശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഭാവിയിലേക്കായി പതിയിരിക്കുന്ന അപകടം, ഈ ശക്തികള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടനാ വ്യവസ്ഥ തന്നെ നിലനില്‍ക്കുമോ എന്നതാണ്.

പ്രമുഖ ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജ് ഈയിടെ പറഞ്ഞതുപോലെ 2019ലെ തെരഞ്ഞെടുപ്പായിരിക്കും ഇന്ത്യയിലെ അവസാനത്തെ പൊതുതെരഞ്ഞെടുപ്പ്. ആ ബിജെപി എംപിയോ പ്രധാനമന്ത്രിയോ ഇത് നിഷേധിച്ചിട്ടില്ല.

ഈ മുന്നറിയിപ്പിനെ മുന്നൊരുക്കമാക്കി മാറ്റി ഇത്തരം ശക്തികളെ തറപറ്റിച്ച് ഇന്നത്തെ ഇന്ത്യയെ രക്ഷിക്കാനും അതിനെ ജനോന്മുഖമായ നയംമാറ്റത്തിലേക്ക് നയിച്ച് ഭാവിയിലെ ഇന്ത്യയെ കൂടുതല്‍ ശക്തവും സാമ്പത്തിക പരമാധികാരവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതുമായ ഒന്നാക്കി മാറ്റിത്തീര്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാകണം.

വരുന്ന തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ നിറവേറ്റിയെടുക്കാനായി സിപിഐ എമ്മും ഇടതുപക്ഷവും പ്രതിജ്ഞാബദ്ധമായി നിലയുറപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here