ആരോഗ്യമുളള കുട്ടികളെ സൃഷ്ടിച്ചെടുക്കുക ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറെ ബുദ്ധിമുട്ടാണ്. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും സന്ദേശങ്ങള്‍ എങ്ങനെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും ഫലം കാണണമെന്നില്ല. അന്ധവിശ്വാസങ്ങള്‍ തന്നെയാണ് ഇന്നും വലിയൊരുവിഭാഗം ജനങ്ങളുടെ ആരോഗ്യ നയം തീരുമാനിക്കുന്നത്.
വയറ്റാട്ടിമാര്‍ പ്രസവമെടുക്കും. കുട്ടികള്‍ക്ക് പ്രതിരോധമരുന്നുകളോ പോഷകാഹാരമോ ലഭിക്കില്ല. നാട്ടുവൈദ്യന്‍മാര്‍ പറയുന്നത് അച്ഛനമ്മാര്‍ അനുസരിക്കും. അശാസ്ത്രീയമായ ചികിത്സാരീതികള്‍ ശിശുമരണങ്ങളും വൈകല്യങ്ങളും സൃഷ്ടിക്കുന്നു.
ശിശുക്കളെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ എന്ത് ചെയ്യും? തല്ലിപഴുപ്പിച്ച് കാര്യമില്ലെന്ന് സത്യം തിരിച്ചറളഞ്ഞ് ബുദ്ധി പ്രയോഗിച്ചത് ഘാന ആരോഗ്യവകുപ്പാണ്.
ഘാനയിലെ ആതുരസേവകയും പൊതുജനാരോഗ്യപ്രവര്‍ത്തകയുമായ മൊറാ ബാറ ആക്ര നഗരത്തില്‍ പരീക്ഷിച്ച് വിജയിച്ച ആരോഗ്യ തന്ത്രത്തെ വിശേഷിപ്പിച്ചതിങ്ങനെ ‘ പോകേണ്ട വഴിയില്‍ അവര്‍ പോയില്ലെങ്കില്‍ അവര്‍ പോകുന്നതിന്റെ പിന്നാലെ പോവുക’
കുട്ടികളുടെ പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അമ്മമാര്‍ക്ക് വലിയ ധാരണയില്ല. എന്നാല്‍ കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് അവരെല്ലാം ബോധവാന്‍മാരാണ്.
റെഡിമെയ്ഡ് വസ്ത്രങ്ങളില്‍ ആര്‍ക്കും താല്പര്യമില്ല. ആഴ്ച്ചചന്തകളില്‍ നിന്ന് തുണികള്‍ വാങ്ങും.തൊട്ടടുത്ത തയ്യല്‍ കടകളില്‍ തയ്ക്കാന്‍ കൊടുക്കും.മിക്ക നാട്ടുചന്തകളും കൂടുന്നത് വ്യാഴാഴ്ച്ചകളിലായിരിക്കും. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആദ്യം സമീപിച്ചത് തിരക്കേറിയ തയ്യല്‍ കടകളെ ആയിരുന്നു.
നാട്ടുചന്ത കഴിഞ്ഞ് തുണികള്‍ തയ്ക്കുന്നതനാായി കുട്ടികളെയെടുത്ത് അമ്മമാര്‍ എത്തുന്ന സമയത്ത്, കടയിലോ കടയോട് ചേര്‍ന്നോ കടമുറ്റത്തോ സഞ്ചരിക്കുന്ന ശിശു ആരോഗ്യ കേന്ദ്രം എത്തും.അമ്മമാരുടെ ഒക്കത്തുളള കുട്ടികളെ ആതുരസേവകര്‍ പരിശോധിക്കും.പ്രതിരോധ
മരുന്നും ചികിത്സയും നല്കും.
ഈ ഇടപാടില്‍ തയ്യല്‍ കട ഉടമയ്ക്കും നേട്ടങ്ങള്‍ ഏറെയുണ്ട്.തയ്യല്‍ക്കാരി അലീന പറയുന്നതിങ്ങനെ;
‘ വെളളിയാഴ്ച്ചകളില്‍ കുഞ്ഞുങ്ങളുടെ ഉടുപ്പുകള്‍ തയ്ക്കാനായി ഇവിടെ എത്തുന്ന അമ്മമാര്‍ കുട്ടികളെ ആതുരസേവകരുടെ പരിശോധനകള്‍ക്ക് വിധേയരാക്കുന്നു.കുട്ടികളുടെ ചികിത്സക്കായി ഇവിടെ എത്തുന്ന അമ്മമാരാകട്ടെ മറ്റ് കുഞ്ഞുങ്ങളേക്കാള്‍ മോശക്കാരാവേണ്ടെന്ന് കരുതി സ്വന്തം കുട്ടികള്‍ക്കായി ഉടുപ്പുകള്‍ തൈപ്പിക്കാന്‍ കൊണ്ടുവരുന്നു.
ഞങ്ങള്‍ക്കും സന്തോഷം,അമ്മമാര്‍ക്കും സന്തോഷം, കുഞ്ഞുങ്ങള്‍ക്കും സന്തോഷം,ആരോഗ്യ വകുപ്പിനും സന്തോഷം’
തയ്യല്‍ കടയിലെ ശിശുക്ഷേമ വിപ്‌ളവം തുടങ്ങിയിട്ട് മാസം ആറായിട്ടേ ഉളളൂ. ഇതിനകം തന്നെ ആക്ര നഗരപ്രാന്തത്തിലെ തൊണ്ണൂറ് ശതമാനത്തിലധികം കുട്ടികള്‍ക്ക് ശൈശവകാല പ്രതിരോധ ഔഷധങ്ങള്‍ ലഭ്യമായികഴിഞ്ഞു.
ഒപ്പം അലീനയെ പോലുളള തയ്യല്‍ക്കാരികളുടെ വരുമാനത്തില്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.മാമൂലുകളെ തോല്പിച്ച ഈ ആഫ്രിക്കന്‍ ബുദ്ധി പഠിക്കാനും പകര്‍ത്താനുമായി ലോക രാജ്യങ്ങളില്‍ നിന്നുളള പഠന സംഘങ്ങള്‍ ഇപ്പോള്‍ ഘാനയിലെ തയ്യല്‍ കടകളിലേയ്ക്ക് ഒഴുകിയെത്തുകയാണ്.

Get real time update about this post categories directly on your device, subscribe now.