ഇശല്‍ ലൈലയിലെ താരങ്ങളായി ഈ കുട്ടികള്‍; എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സദസ്

കൈരളി ടിവി ദുബായില്‍ സംഘടിപ്പിച്ച ഇശല്‍ ലൈല മെഗാ ഷോയില്‍ താരങ്ങളായി മാറി യുഎഇയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍.

ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ നടന്ന ഇശല്‍ ലൈലയില്‍ ഫാഷന്‍ഷോ ഒരുക്കിയാണ് യുഎഇയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ സദസിന്റെ മനം കവര്‍ന്നത്.

വിധിയുടെ വൈപരീത്യങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്ന ആത്മവിശ്വാസവുമായാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇശല്‍ ലൈല അവാര്‍ഡ് വേദിയില്‍ എത്തിയത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കേണ്ടവരല്ല, മറിച്ച് തങ്ങളുടെ ഉള്ളിലെ പ്രതിഭയെ മിനുക്കി എടുക്കുക എന്ന് നിശ്ചയദാര്‍ഢ്യം കൂടിയാണ് ഈ കുട്ടികള്‍ പ്രകടിപ്പിച്ചത്.

മനം കവരുന്ന ഫഹന്‍ ഷോ ആണ് കുട്ടികള്‍ ഒരുക്കിയത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്ന യുഎഇയിലെ ഹെവന്‍ലി ഏഞ്ചല്‍സ് എന്ന കൂട്ടായ്മയാണ് കൈരളി ടിവി ഇശല്‍ ലൈലയുമായി സഹകരിച്ചത്.

പതിനായിരങ്ങള്‍ ഒഴുകിയെത്തിയ ഇശല്‍ ലൈല അവാര്‍ഡ് വേദിയില്‍ ഈ കുട്ടികള്‍ തങ്ങളുടെ സര്‍ഗവൈഭവം പ്രകടിപ്പിച്ചു. ഹെവന്‍ലി ഏഞ്ചല്‍സ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന സിന്ദുവിന്റെ മേല്‍നോട്ടത്തില്‍ ദുബായ് ഖിസൈസിലെ വിന്നേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് കുട്ടികളുടെ ഫാഷന്‍ഷോ അവതരിപ്പിച്ചത്. സദസ് മുഴുവന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് കുട്ടികളെ പ്രോത്സാഹിപ്പിച്ചത്.

ശാരീരികവും മാനസികവുമായ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടാണ് കുട്ടികള്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്ക് ഉജ്ജ്വലമായ ഒരു വേദി ഒരുക്കിയതിലൂടെ ഉദാത്തമായ ഒരു സന്ദേശം കൂടിയാണ് കൈരളി ടിവി ഒരുക്കിയ അവാര്‍ഡ് നിശ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here