വീണയെന്ന ജനനായികയ്ക്കായി പത്തനംതിട്ട മഷിയണിയും

വര്‍ഷങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് തഴക്കം വന്ന ഒരു ജനപ്രതിനിധിയുടെ കാര്യബോധവും കൃത്യതയുമാണ് പൊതുപ്രവര്‍ത്തനരംഗത്ത് തുടക്കക്കാരിയായിരുന്ന വീണ ജോര്‍ജില്‍ കഴിഞ്ഞ പ്രളയകാലത്ത് ആറന്മുളക്കാര്‍ കണ്ടത്.
ജനപ്രതിനിധി എന്ന നിലയില്‍ ആറന്മുളക്കാര്‍ അവരില്‍ അര്‍പ്പിച്ച വിശ്വാസത്തെ ശരിവയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചാണ് പാര്‍ലമെന്റിലേക്കുള്ള കന്നിയംഗത്തിന് ആറന്മുളയുടെ എംഎല്‍എ വീണ ജോര്‍ജ് ഒരുങ്ങുന്നത്.

മാധ്യമ രംഗത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തന പരിചയവുമായാണ് വീണ ജോര്‍ജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ നിന്ന് മത്സരിച്ചത്.

തുടക്കക്കാരിയായ വീണയ്ക്ക് നേരിടേണ്ടിയിരുന്നത് 2006 ലും 2011 ലും ആറന്മുളയില്‍ നിന്ന് നിയമസഭയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയോടായിരുന്നു. കഴിഞ്ഞ 2 തവണയും യുഡിഎഫിനെ തുണച്ച മണ്ഡലം വീണ എന്ന ജനപ്രതിയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

7646 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വീണ ആറന്മുളയില്‍ വിജയച്ചത്. വാക്കു പോലെ ഉറച്ച പ്രവര്‍ത്തനങ്ങള്‍.. ആറന്മുളക്കാരുടെ മനസ്സറിഞ്ഞ പദ്ധതികള്‍.. ആറന്മുളയുടെ ഓരോ കോണിന്റെയും സ്പന്ദനം അറിഞ്ഞുള്ള സേവനം.. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ആറന്മുള ജനപക്ഷ വികസനത്തിന്റെ നേര്‍ക്കാഴ്ചയുമായി. മണ്ഡലത്തിന്റെ ഓരോ കോണിലും എത്തിയ വികസനം.

പ്രളയത്തിലും ഉറച്ച കൈത്താങ്ങായി വീണ ജോര്‍ജ് എന്ന ജനപ്രതിനിധി അവര്‍ക്കിടയില്‍ സജീവമായിരുന്നു. വീണാ ജോര്‍ജ്ജ് എംഎല്‍എയുടെ ദീര്‍ഘവീക്ഷണവും യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതി നിര്‍വഹണവുമാണ് ആറന്‍മുളയില്‍ രണ്ടര വര്‍ഷം കൊണ്ട് വികസനത്തിന്റെ പുതിയ ചരിത്രം രചിക്കാന്‍ സഹായിച്ചത്.ഇവിടെ നിര്‍മിച്ച വെയിറ്റിംഗ് ഷെഡ്ഡുകള്‍ മാത്രം മതി ഒരു എംഎല്‍എയുടെ ദര്‍ശനങ്ങളെ വിലയിരുത്താന്‍ .

കാറ്റും മഴയും വെയിലുമേറ്റ് വാഹനങ്ങള്‍ കാത്തു നില്‍ക്കുന്ന സാധാരണക്കാരന്റെ ദുരന്തമുഖം നേരില്‍ കണ്ടതോടെയാണ് പ്രധാന കേന്ദ്രങ്ങളില്‍ കാത്തിരിപ്പു കേന്ദ്രങ്ങള്‍ പണിയാന്‍ വീണാ ജോര്‍ജ്ജിന് പ്രേരണയായത്.കുമ്പഴ ,പുത്തന്‍പീടിക, ഓമല്ലൂര്‍, ഇലന്തൂര്‍ ,കോഴഞ്ചേരി ,ആറന്‍മുള, കിടങ്ങന്നുര്‍ ,ആറാട്ടുപുഴ, വള്ളംകളം, മാന്തുക എന്നിവിടങ്ങളിലാണ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ അനുവദിച്ചത്.

ആയിരങ്ങള്‍ക്കാണ് ഈ കാത്തിരിപ്പൂ കേന്ദ്രങ്ങള്‍ ആശ്രയമായത്. കാത്തിരപ്പിന്റെ മുഷിപ്പ് അകറ്റാന്‍ സംഗീതവും, രാത്രി കാലത്ത് വെളിച്ചവും മാത്രമല്ല മൊബൈലുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സംവിധാനവും വൈഫൈ ലഭ്യതയും ഇവിടെയുണ്ട്.

29 ലക്ഷം എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഈ പദ്ധതിക്കാവശ്യമായ വൈദ്യുതി സോളാര്‍ പാനല്‍ സ്ഥാപിച്ച് അതില്‍ നിന്നുമാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന വൈദ്യുതി സുരക്ഷാ ഗ്രാമം പദ്ധതി ആറന്മുള പഞ്ചായത്തില്‍ തുടക്കം കുറിക്കുന്നത് വീണയുടെ നേതൃത്വത്തിലാണ്.

പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും എംഎല്‍എ എന്ന നിലയിലുള്ള ഭേദപ്പെട്ട പ്രവര്‍ത്തനവും വീണ ജോര്‍ജിനെ കൂടുതല്‍ ജനകീയയാക്കി. 2 വര്‍ഷം കൊണ്ട് 350 കോടിയുടെ റോഡ് വികസനമാണ് ആറന്മുളയില്‍ നടന്നത്.

2 വര്‍ഷത്തിനിടെ ആറന്മുളയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വീണ അക്കമിട്ടു നിരത്തുമ്പോള്‍ ഒരു ദശാബ്ദക്കാലം കൊണ്ട് ആറന്മുള ഭരിച്ച എതിരാളികള്‍ പോലും അതിശയിക്കും.

വിവാദങ്ങള്‍ കൊണ്ട് ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് പത്തനംതിട്ട. എതിരാളികള്‍ ആരാണെങ്കിലും പത്തനംതിട്ടക്കാര്‍ ഇക്കുറിയും വീണയെന്ന ജനനായികയ്ക്കായി മഷിയണിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here