കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം കാവിപ്പട; തൃശൂരിലും യുഡിഎഫ്- ബിജെപി ബന്ധം പുറത്ത്

തൃശൂർ> കോൺഗ്രസ്–ബിജെപി ബന്ധം തൃശൂരിൽ മറനീക്കി പുറത്തായി. കോൺഗ്രസിന്റെ തൃശൂർ ലോക‌്സഭാ സ്ഥാനാർഥിക്ക് പരസ്യമായ പിന്തുണയുമായി ബിജെപി, ബിഎംഎസ് കാവിപ്പട രംഗത്ത്.

കാവി യൂണിഫോമിൽ ബിഎംഎസ് പ്രവർത്തകർ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെ കൈകൊടുത്ത് സ്വീകരിച്ചു. ഒന്നിച്ച് ഫോട്ടോയുമെടുത്തു.

ഈ ഫോട്ടോ പ്രതാപന്റെ തെരഞ്ഞെടുപ്പു വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെ കോൺഗ്രസ്–-ബിജെപി ബന്ധം പരസ്യമാവുകയായിരുന്നു.

ഒല്ലൂർ മണ്ഡലത്തിലെ മുടിക്കോടുള്ള ബിജെപി പ്രവർത്തകരാണ് കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പമുള്ളത്. പാണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് മെമ്പർ വിനീതയുടെ ഭർത്താവും ബിഎംഎസ് പഞ്ചായത്ത് സെക്രട്ടറിയുമായ സന്തോഷ്, ബിജെപി പ്രവർത്തകരായ അനീഷ്, പാണ്ടാത്ത് സുധി, ബിജു തുടങ്ങിയവരാണ് യുഡിഎഫ‌് സ്ഥാനാർഥിക്കൊപ്പമുള്ളത്.

സ്ഥാനാർഥിയെത്തുമ്പോൾ യാദൃശ്ചികമായി ഫോട്ടോയിൽ ഉൾപ്പെട്ടതല്ലെന്ന് ചിത്രം വ്യക്തമാക്കുന്നു. കഴുത്തിലെ കാവിമാലയ‌്ക്കും കൈയിലെ കാവിക്കെട്ടിനും പുറമെ തലയിലും കാവിത്തുണി കെട്ടി എല്ലാവരും ഒന്നിച്ച് പ്രതാപന് കൈകൊടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതായി വ്യക്തമായി കാണാം. ഇവരെല്ലാം സജീവ ബിജെപി പ്രവർത്തകരുമാണ‌്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ കണക്കുപ്രകാരം തൃശൂർ ലോക‌്സഭാ മണ്ഡലത്തിൽ രണ്ടുലക്ഷത്തിൽപ്പരം വോട്ട് ബിജെപിയുൾപ്പെടുന്ന എൻഡിഎക്ക‌് ലഭിച്ചിട്ടുണ്ട‌്.

ഈ സീറ്റിൽ ബിജെപി മത്സരിക്കാതെ ഘടകകക്ഷിയായ ബിഡിജെഎസിന് നൽകിയത‌ുതന്നെ കോൺഗ്രസ്–-ബിജെപി അവിശുദ്ധബന്ധത്തിനാണെന്ന് സൂചനയുണ്ടായിരുന്നു.

തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും ബിഡിജെസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ജില്ലയിലെ ബിജെപി നേതാക്കളെല്ലാം ബിജെപി മത്സരിക്കുന്ന സമീപത്തെ മണ്ഡലങ്ങളിലേക്ക് മാറി പ്രവർത്തിക്കുകയാണ്.

താഴെത്തട്ടിലുള്ള പ്രവർത്തകരെല്ലാം നിർജീവമായി. ചുമരിൽ വരച്ച താമരയെല്ലാം മായ്ക്കുകയാണ്. ഇതെല്ലാം അവിശുദ്ധബന്ധത്തിന്റെ സൂചനകളാണ്.

സുധീരൻ ഗ്രൂപ്പുകാരനായ ടി എൻ പ്രതാപൻ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ കൈവിട്ടതോടെ അങ്കലാപ്പിലാണ്. ഇതോടെയാണ് ആർഎസ്എസ് ഉൾപ്പെടെയുള്ള വർഗീയ ശക്തികളുമായി പരസ്യമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നത്.

ഒല്ലൂർ മണ്ഡലത്തിൽ കോൺഗ്രസ് നയങ്ങളിൽ പ്രതിഷേധിച്ച് വാണിയമ്പാറയിൽ നൂറിൽപ്പരം ഐഎൻടിയുസി തൊഴിലാളികൾ രാജിവച്ച് തിങ്കളാഴ്ച സിഐടിയുവിൽ ചേർന്നു. എൽഡിഎഫിന്റെ വിജയത്തിനായി രംഗത്തിറങ്ങാനും തീരുമാനിച്ചു.

ഇതോടെ കോൺഗ്രസ് വിഭ്രാന്തിയിലാണ്. തൃശൂർ ജില്ലയിൽ മുമ്പും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് –- ബിജെപി പരസ്യബന്ധം സ്ഥാപിച്ചിട്ടുണ്ട്.

2010ലെ പഞ്ചായത്തുതെരഞ്ഞെടുപ്പിൽ വല്ലച്ചിറ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും സംയുക്ത സ്ഥാനാർഥികളെ നിർത്തി ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച് ഭരണം നേടിയിരുന്നു.

ആലത്തൂർ മണ്ഡലത്തിലെ വരവൂർ പഞ്ചായത്തിൽ മാങ്ങ ചിഹ്നത്തിലും കോൺഗ്രസ്–ബിജെപി സംയുക്ത സ്ഥാനാർഥികളെ നിർത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News