41 ഡിഗ്രി, മുംബൈയില്‍ ചൂട് റെക്കോഡിലേക്ക്; വെന്തുരുകി മഹാനഗരം

മുംബൈ – തിരഞ്ഞെടുപ്പിന്റെ ചൂടിനോടൊപ്പം താപനിലയും കുത്തനെ ഉയര്‍ന്നത് മുംബൈയിലെ നഗരവാസികളെ സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. നഗരത്തിന് അപൂര്‍വമായ ഉഷ്ണക്കാറ്റുമൂലമാണ് അന്തരീക്ഷത്തിന്റെ പെട്ടെന്നുള്ള ഭാവമാറ്റമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

ഞായറാഴ്ചയും തിങ്കളാഴ്ചയും ചൂട് 40.3 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയതോടെ തണൽ മരങ്ങൾ പോലും വിരളമായ നഗരത്തിലെ കോൺക്രീറ്റ് സൗധങ്ങൾക്ക് നടുവിൽ ജനം വെന്തുരുകകയായിരുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടെ മാര്‍ച്ച് മാസത്തില്‍ മുംബൈയില്‍ അനുഭവപ്പെടുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ താപനിലയാണിത്.

മുംബൈയില്‍ മാര്‍ച്ച് മാസത്തിലെ ശരാശരി ഉയര്‍ന്ന ചൂട് 32.8 ഡിഗ്രിയാണ്. ഇതിലും 7.5 ഡിഗ്രി കൂടുതലാണ് കഴിഞ്ഞ രണ്ടു ദിവസമായി നഗരം രേഖപ്പെടുത്തിയിരിക്കുന്നത്.

മുംബൈയുടെ ചരിത്രത്തിൽ ഏറ്റവും അധികം ചൂട് 41.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 1956 മാര്‍ച്ച് 28നായിരുന്നു ഈ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത് .

പിന്നീട് 2011ലെ മാർച്ച് മാസത്തിലാണ് ഈ ദശകത്തിലെ ഏറ്റവുമുയര്‍ന്ന ചൂടുണ്ടായത്. 41.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്നത്തെ താപനില. കഴിഞ്ഞയാഴ്ച ശരാശരി 32 ഡിഗ്രി ചൂട് അനുഭവപ്പെട്ട സ്ഥാനത്തുനിന്നാണ് രണ്ടു ദിവസം കൊണ്ട് താപനില കുതിച്ചുയര്‍ന്നത്.

അന്തരീക്ഷ മര്‍ദം കൂടുകയും ചൂടുകാറ്റ് താഴേക്ക് ഇറങ്ങിവരികയും ചെയ്യുന്ന പ്രതിഭാസമാണ് പെട്ടെന്നുള്ള മാറ്റത്തിന് കാരണമെന്നാണ് മുംബൈ റീജണല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഗുജറാത്തിനും രാജസ്ഥാനും മുകളിലുള്ള ചൂടുവായു സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് മുംബൈയില്‍ ചൂട് കൂടിയത്. മുംബൈയിലും പരിസരങ്ങളിലും ഇനിയുള്ള നാലഞ്ച് ദിവസങ്ങളിലും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here