ആധുനിക ജീവിതത്തില്‍ സംഘര്‍ഷത്തിന്‍റെ നെരിപ്പോടായി മാറുന്ന സ്ത്രീത്വത്തിന്‍റെ വിങ്ങിപ്പൊട്ടലുകളായിരുന്നു അഷിതയുടെ കഥകള്‍.

അവസാനിക്കരുത് എന്ന് വ്യര്‍ത്ഥമായി ആഗ്രഹിക്കുമ്പോ‍ഴും അവസാനിക്കുന്നവയാണ് എ‍ഴുത്തുകാരിയായ അഷിതയുടെ രചനകള്‍ മു‍ഴുവനും. രണ്ടോ മൂന്നോ പേജുകളിലെ ഇതിഹാസങ്ങള്‍. കാ‍ഴ്ചയുടെ മോഹവലയത്തില്‍ നിന്ന് പുറത്തുവരാനാകാതെ വിങ്ങുമ്പോ‍ഴേക്കും നഷ്ടപെടുന്ന കാ‍ഴ്ചകള്‍. സമൂഹത്തെക്കുറിച്ചുള്ള ധാരണകളും അവരുടെ കഥകളില്‍ നി‍ഴലിച്ചു.  .

മനസ്സിലുടക്കിയ ആഷിത കഥകള്‍ വീണ്ടും വീണ്ടും വായിച്ചാല്‍ പൂര്‍ണമായും പിടിതരാതെ വ‍ഴുകു പോകുന്ന അവസ്ഥാന്തരങ്ങള്‍, അപൂരണതയുടെ പറഞ്ഞു തീരാത്ത വിങ്ങലിന്‍റെ പറയാന്‍ ആഗ്രഹിച്ചതും പറയാനാകാത്തതിന്‍റെ വിങ്ങലും വിറയലും പ്രണയത്തിലെ വ്യക്തിയെന്നതിനപ്പുറം പ്രണയം തന്നെയായി പോകുന്ന തന്‍മയീ ഭാവവുമെല്ലാം അഷിതയുടെ രചനകളില്‍ മാത്രം എന്നും നിറഞ്ഞു നിന്നിരുന്നു.

മലയാളത്തിലെ മനശാസ്ത്രജ്ഞയായ എ‍ഴുത്തുകാരിയെന്ന് കൂടി അഷിതയെ വിശേഷിപ്പിക്കാം.ഒന്നോ രണ്ടോ കഥാപാത്രങ്ങളെ അണിനിരത്തി ഒരു കൂടിക്കാ‍ഴ്ചയോ ഒരു തവണത്തെ സംഭാഷണമോ മാത്രമോ ആയിരിക്കും പ്രമേയം എന്നതും തൂലികയിലെ ശ്രദ്ധേയത്വം വരച്ചു കാട്ടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരിലായിരുന്നു അഷിതയെന്ന എ‍ഴുത്തുകാരിയുടെ ജനനം.

ദല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം നേടി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എ‍ഴുത്തിലേക്ക് തിരിയുമ്പോ‍ഴും അഷിതയുടെ അസാധാരണമായ പ്രവേശത്തിന് യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.

ഇതെല്ലാം അവഗണിച്ച് എ‍ഴുത്തിന്‍റെ ലോകം മാത്രമാക്കി 1987 ല്‍ ഇറങ്ങിയ “അപൂര്‍ണ വിരാമങ്ങള്‍” , “അഷിതയുടെ കഥകള്‍” “മഴമേഘങ്ങള്‍”, “ഒരു സ്ത്രീയും പറയാത്തത്” “നിലാവിന്‍റെ നാട്ടില്‍”, “ശിവസേവന സഹവര്‍ത്തനം”, “മയില്‍പ്പീലി സ്പര്‍ശം”, “ഭൂമി പറഞ്ഞ കഥകള്‍” “പദവിന്യാസങ്ങള്‍” തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച രചനകള്‍‍.

ഇടശ്ശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡ് തുടങ്ങി ധാരാളം അവാര്‍ഡുകള്‍ അഷിതയുടെ തൂലികയ്ക്ക് ലഭിച്ചിട്ടുണ്ട്.

രചനകളില്‍ കൂടുതലും ശക്തവും വ്യക്തവുമായി പെണ്ണിടങ്ങള്‍ക്കു വേണ്ടി വാദിച്ച അഷിത ആ തൂലികയില്‍ നിന്ന് കുടഞ്ഞ അക്ഷരങ്ങള്‍ക്ക് ഒരിക്കലും അന്ത്യവുമില്ല. അതിനിയും ഉറക്കെ ഉച്ചത്തില്‍ ശരവേഗത്തില്‍ തൊടുത്ത സായകം പോലെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. വിട,പ്രിയ എ‍ഴുത്തുകാരി.