ലോക്സഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് പ്രചാരണം കൊ‍ഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍; കിതപ്പ് മാറാതെ യുഡിഎഫും ബിജെപിയും

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എതിരാളികളെ ഏറെ ദൂരം പിന്നിലാക്കി ഇരുപത് മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുകയാണ്.

ഇനിയും സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും പൂര്‍ത്തിയാക്കാന്‍ ക‍ഴിയാതെയും മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ക്ക് പോലും അറുതിവരുത്താന്‍ ക‍ഴിയാതെയും മറ്റ് മുന്നണികള്‍ കിതച്ച് നീങ്ങുമ്പോ‍ഴാണ് ഇടതുപക്ഷത്തിന്‍റെ ഈ കുതിപ്പ്.

എൽഡിഎഫ‌് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി എല്ലാവിഭാഗം ജനങ്ങളുടെയും ആശീർവാദവും പിന്തുണയും തേടിക്കഴിഞ്ഞു. സ്ഥാനാർഥികളുടെ പൊതുപര്യടനം ആരംഭിച്ചതോടെ സംസ്ഥാനത്തെങ്ങും എൽഡിഎഫ‌് മുന്നേറ്റമാണ‌്.

പ്രവർത്തകർക്ക‌് ഊര്‍ജംപകരാനും ആവേശം നിറയ്ക്കാനും ദേശീയ നേതാക്കള്‍ർ കൂടെ സംസ്ഥാനത്ത് എത്തുന്നതോടെ പ്രചാരണം വീണ്ടും കൊഴുക്കും.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ‌് ബ്യൂറോ അംഗങ്ങളായ പ്രകാശ‌് കാരാട്ട‌്, എസ‌് രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട‌്, എം എ ബേബി, സുഭാഷിണി അലി, മുൻ മുഖ്യമന്ത്രി വി എസ‌് അച്യുതാനന്ദൻ, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, അസിസ്റ്റന്റ‌് സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കൾ കേരളത്തിൽ പര്യടനം നടത്തും.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനും പ്രകാശ‌് കാരാട്ടും രണ്ട‌് ഘട്ടത്തിലായി ഏഴുദിവസംവീതം പ്രചാരണം നടത്തും.

യെച്ചൂരി മാർച്ച‌് 31 മുതൽ, കാരാട്ട‌് ഏപ്രിൽ 10മുതൽ

മാർച്ച‌് 31ന‌് രാവിലെ പത്തിന‌് തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിൻകരയിൽ യെച്ചൂരിയുടെ പ്രചാരണത്തിന‌് തുടക്കമാകും.

ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം മണ്ഡലങ്ങളിൽ ഏപ്രിൽ രണ്ട‌ുവരെയാണ‌് യെച്ചൂരിയുടെ ആദ്യഘട്ട പ്രചാരണം.

ഏപ്രിൽ 17 മുതൽ ഇരുപത‌ുവരെ രണ്ടാംഘട്ട പര്യടനം നടക്കും. ഏപ്രിൽ പത്തിന‌് കേരളത്തിലെത്തുന്ന പ്രകാശ‌് കാരാട്ട‌് 12 വരെയും രണ്ടാംഘട്ടത്തിൽ 15 മുതൽ 18 വരെയും വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തും. പത്തിന‌് രാവിലെ 10 ന‌് ആലത്തൂർ മണ്ഡലത്തിലാണ‌് ആദ്യപരിപാടി. 18ന‌് മലപ്പുറത്ത‌് പര്യടനം സമാപിക്കും.

സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട‌് ഏപ്രിൽ എട്ട‌്, ഒമ്പത‌്, പത്ത‌് തിയതികളിൽ ആദ്യഘട്ട പര്യടനം നടത്തും.

രണ്ടാംഘട്ടത്തിൽ ഏപ്രിൽ 16 മുതൽ 19 വരെയാണ‌് ബൃന്ദാ കാരാട്ടിന്റെ പര്യടനം. സുഭാഷിണി അലി ഒമ്പത‌ുദിവസം കേരളത്തിൽ തെരഞ്ഞെടുപ്പ‌് പര്യടനം നടത്തും.

എസ‌് രാമചന്ദ്രൻപിള്ളയുടെ തെരഞ്ഞെടുപ്പ‌് പര്യടനം ഏപ്രിൽ ഒന്നിന‌് കാസർകോട‌് തുടക്കം കുറിക്കും. ഒന്നുമുതൽ 14 വരെ തുടർച്ചയായി എല്ലാ ദിവസവും

എസ‌്ആർപി പ്രചാരണത്തിനെത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ 20 മണ്ഡലത്തിലും പര്യടനം നടത്തും. ഏപ്രിൽ ഒന്നിന‌് രാവിലെ പത്തിന‌് ചാലക്കുടി മണ്ഡലത്തിലാണ‌് മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടി. തൃശൂർ, പൊന്നാനി മണ്ഡലങ്ങളിലാണ‌് തുടർന്നുള്ള പ്രചാരണം. ഏപ്രിൽ 15 വരെ തുടർച്ചയായി മുഖ്യമന്ത്രി പ്രചാരണത്തിനെത്തും.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്റെ ഏപ്രിൽ രണ്ട‌ുമുതൽ എട്ടുവരെയുള്ള വിവിധ മണ്ഡലങ്ങളിലെ പരിപാടികൾക്ക‌ാണ‌് ആദ്യഘട്ടത്തിൽ രൂപം നൽകിയിരിക്കുന്നത‌്.

എം എ ബേബിയുടെ പ്രചാരണത്തിന‌് മാർച്ച‌് 30ന‌് കോഴിക്കോട‌് മണ്ഡലത്തിൽ തുടക്കം കുറിക്കും. ഏപ്രിൽ 17ന‌് കൊല്ലത്ത‌് സമാപിക്കും.

30 മുതൽ 17 വരെ എല്ലാ ദിവസങ്ങളിലും എം എ ബേബിയുടെ പര്യടനത്തിന‌് രൂപം നൽകിയിട്ടുണ്ട‌്. വി എസ‌് അച്യുതാനന്ദൻ ഏപ്രിൽ ഒന്നിന‌് ആറ്റിങ്ങൽ മണ്ഡലത്തിൽ പര്യടനം ആരംഭിക്കും. ഒമ്പത‌് മണ്ഡലത്തിലാണ‌് വി എസിന്റെ പരിപാടി. ഏപ്രിൽ 20 വരെ വി എസ‌് പ്രചാരണ രംഗത്തുണ്ടാകും.

സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രചാരണ പരിപാടികൾ തയ്യാറായി വരുന്നതേയുള്ളൂ. ബുധനാഴ‌്ച ചേരുന്ന സിപിഐ നിർവാഹക സമിതിയോഗം പരിപാടിക്ക‌് അന്തിമരൂപം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News