ലോക്സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍; അവസാന തിയ്യതി ഏപ്രില്‍ നാല്

17ാം ലോകസഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രിക ഇന്ന് മുതല്‍ നല്‍കാം. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്താനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്.

പത്രികകകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടുമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ വരണാധികാരിയായ ജില്ലാ കളക്ടർക്കാണ് സമർപ്പിക്കേണ്ടത്.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയിലാണ് പത്രികകൾ സ്വീകരിക്കുന്നത്. ദേശീയ സംസ്ഥാന പാർട്ടികളുടെ സ്ഥാനാർഥിക്ക് ഒരു നാമനിർദേശകൻ മതിയാകും.

എന്നാൽ, അംഗീകാരമില്ലാത്ത പാർട്ടികളുടെ സ്ഥാനാർഥിക്കും സ്വതന്ത്ര സ്ഥാനാർഥികൾക്കും പത്തു നാമനിർദേശകർ വേണം.

സ്ഥാനാർഥിയടക്കം അഞ്ചു പേരെ മാത്രമേ പത്രികാ സമർപ്പണത്തിനായി വരണാധികാരിയുടെ ഓഫിസിലേക്കു പ്രവേശിപ്പിക്കൂ.

ഒരു സ്ഥാനാർഥിക്ക് പരമാവധി നാലു സെറ്റ് നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികയ്‌ക്കൊപ്പം ഫോം 26ൽ സത്യവാങ്മൂലവും നൽകണം.

സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പാ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കുടിശികയുടെ വിവരങ്ങൾ തുടങ്ങിയവ ഇതിൽ രേഖപ്പെടുത്തണം.

പത്രിക സമർപ്പിക്കുന്നയാളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെങ്കിൽ അവ സംബന്ധിച്ച എഫ്.ഐ.ആർ. അടക്കമുള്ള പൂർണ വിവരങ്ങളും ഫോം 26ൽ പരാമർശിക്കണം.

25000 രൂപയാണ് സ്ഥാനാർഥികൾ കെട്ടിവയ്‌ക്കേണ്ട തുക. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ 12500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News