പ്രധാനമന്ത്രിയുടെ വൈകിവന്ന പ്രഖ്യാപനം; മുംബൈയിൽ ഊഹക്കച്ചവടം പൊടിപൊടിച്ചു

പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തുമെന്ന് നാടകീയമായി പ്രധാനമന്ത്രി നടത്തിയ മുന്നറിയിപ്പും തുടർന്നുണ്ടായ കാത്തിരുപ്പുമാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ അസ്വസ്ഥമാക്കിയത്.

യാത്രയിലും ഓഫീസിലുമെല്ലാം ഇന്നത്തെ പ്രധാന ചർച്ചയും പ്രധാനമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടതായിരുന്നു.

വീണ്ടുമൊരു നോട്ടു നിരോധനമാകുമെന്ന അഭ്യൂഹവും പരന്നതോടെ മനോധർമ്മമനുസരിച്ചു കഥകളും പ്രചരിക്കാൻ തുടങ്ങി.

രാഹുൽ ഗാന്ധിയെ പോലെ ഇനി കേരളത്തിലെങ്ങാനും മത്സരിക്കാനുള്ള പ്രഖ്യാപനമാകുമെന്ന് ചില കോൺഗ്രസ് നേതാക്കൾ രഹസ്യമായി ചർച്ച ചെയ്യാനും തുടങ്ങിയെന്ന രീതിയിലാണ് ചില പോസ്റ്റുകൾ ഓടി നടന്നത്.

ഇന്ന് കാലത്ത് 11.45 നും 12 നും ഇടക്കൊരു സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഏകദേശം 11.23 നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

എന്നാൽ പ്രഖ്യാപനം ഉണ്ടായത് 12.24 നും. ഈ സമയങ്ങൾക്കിടയിലാണ് മുംബൈ വാസികളുടെ സ്വസ്ഥത നശിച്ചതും കഥകൾ മെനയാൻ തുടങ്ങിയതും.

ആശങ്കപ്പെടാവുന്ന എന്ത് പ്രഖ്യാപനവും ഉണ്ടായേക്കാമെന്ന നിഗമനങ്ങളിൽ നിന്നാണ് പല അനുമാനങ്ങളും പ്രചരിച്ചത്.

ഈ കാലയളവിൽ മുംബൈയിൽ മാത്രമായി മൊബൈൽ ഡാറ്റ ഉപയോഗം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കാനാണ് സാധ്യതയെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ പറഞ്ഞു.

സമൂഹ മാധ്യമങ്ങളുടെ സ്വാധീനം ഊഹാപോഹങ്ങളുടെ ജനാധിപത്യ സ്വഭാവം വെളിവാക്കുന്നതായിരുന്നു. ഒരു ജനതയുടെ വിവരാവകാശത്തെ പരിഹാസ്യമാക്കുന്ന രീതിയിലാണ് രാജ്യത്തിൻറെ പ്രധാനമന്ത്രി പെരുമാറുന്നതെന്ന ആക്ഷേപവും ഇതിനിടെ ക്ഷമ നശിച്ച ചിലർ പ്രകടിപ്പിച്ചു.

ഓഹരി വിപണിയാണ് ഏറെ ആശങ്കയിലായത്. വാങ്ങി കൂട്ടണോ വിൽക്കണോയെന്ന കാര്യത്തിൽ ഉപദേശം തേടിയുള്ള സംവാദങ്ങളും നിക്ഷേപകർക്കിടയിൽ സജീവമായി.

നിശ്ചയിച്ച സമയത്തിൽ നിന്നും ഒരു മണിക്കൂർ വൈകി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടന്നതിന് ശേഷമാണ് മുംബൈ നഗരം സാധാരണഗതിയിലായത്.

നഗരത്തെ ഏറെ സമ്മർദ്ദത്തിലാക്കിയ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പിന് ശേഷമുള്ള പ്രഖ്യാപനം പക്ഷെ മുംബൈവാസികളെ ആവേശത്തിലാക്കിയില്ല. ശാസ്ത്രജ്ഞന്മാരുടെ നേട്ടത്തെ നാടകീയമാക്കിയതിൽ പലരും അതൃപ്തി പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News