എറണാകുളം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ തന്നെ ഏറെ ശ്രദ്ധ നേടിയ മണ്ഡലമാണ് മധ്യകേരളത്തിലെ എറണാകുളം ലോക്‌സഭാ മണ്ഡലം.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവിന്റെ മൂന്നാംഘട്ട പ്രചരണം പുരോഗമിക്കെ, ഒന്നാം ഘട്ട പ്രചരണവുമായി ഹൈബി ഈഡനും പിന്നാലെയുണ്ട്. ഒടുവില്‍ വന്നിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം മണ്ഡലം മാറിയാണ് വോട്ടഭ്യര്‍ത്ഥന തുടങ്ങിയതെങ്കിലും ഇപ്പോള്‍ സ്വന്തം മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കി കഴിഞ്ഞു.

വര്‍ഗ്ഗീയത വീഴും, വികസനം വാഴും എന്ന മുദ്രാവാക്യം പോസ്റ്ററുകളില്‍ എഴുതിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ് വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.

അങ്കത്തട്ടിലേക്ക് ആദ്യമിറങ്ങിയ അദ്ദേഹം പ്രചരണ രംഗത്ത് ഏറെ മുന്നിലാണ്. മൂന്നാംഘട്ട പ്രചരണവുമായി മണ്ഡലത്തിലുടനീളം തുറന്ന വാഹനത്തില്‍ സ്വീകരണം ഏറ്റുവാങ്ങുകയാണ് സ്ഥാനാര്‍ത്ഥി. വികസന രാഷ്ട്രീയം തന്നെയാണ് തന്റെ പ്രചരണ ആയുധമെന്ന് പി രാജീവ് പറഞ്ഞു.

ഒരു വിഭാഗം പ്രവര്‍ത്തകരുടെയും നിലവിലെ എംപിയുടെയും അനുഗ്രഹാശിസ്സുകള്‍ ഇല്ലെങ്കിലും യുഡിഎഫിന്റെ ഉറച്ച മണ്ഡലത്തില്‍ അടിതെറ്റില്ലെന്ന വിശ്വാസത്തിലാണ് വലതുപക്ഷ സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍.

സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിനാല്‍ ഡല്‍ഹിയില്‍ പിണങ്ങിയിരിക്കുന്ന തന്റെ ഗുരുതുല്യനായ കെവി തോമസ് മാഷ് എത്തുന്നതോടെ പ്രചരണം ശക്തിപ്പെടുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാമ്പ്.

മണ്ഡലം മാറി വോട്ട് ചോദിച്ചതിന്റെ നാണക്കേടുണ്ടെങ്കിലും സ്വന്തം മണ്ഡലം തിരിച്ചറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനവും പ്രചരണത്തില്‍ സജീവമായിക്കഴിഞ്ഞു. എറണാകുളം മണ്ഡലത്തിന് ഒരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനവുമായാണ് ബിജെപി ഇവിടെ വോട്ടഭ്യര്‍ത്ഥിക്കുന്നതും.