രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ല ? ; സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്ന് തീരുമാനമായതായി സൂചന. കര്‍ണാടകയില്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി ഇന്ന് നടത്തിയ പ്രസ്ഥാവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവണമെന്നും രാഹുല്‍ രണ്ടിലൊന്ന് ഇന്ന് തന്നെ തീരുമാനിക്കണമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

ഇനി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് മത്സരത്തിന് വന്നില്ലെങ്കില്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് വയനാട് ഡിസിസി പ്രസിഡണ്ട് ഐസി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി മത്സരത്തിന് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന ടി സിദ്ദിഖും പ്രതികരിച്ചു.

തന്നോട് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ ഇതുവരെ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടില്ല അതുകൊണ്ട് തന്നെ രാഹുല്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നുമാണ് ടി സിദ്ദിഖ് പറഞ്ഞത്.

നേരത്തെ ഗ്രൂപ്പ് വ‍ഴക്ക് ശക്തമായതിനെ തുടര്‍ന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പോലും മാറ്റിവയ്ക്കേണ്ടിവരുമെന്ന അവസരത്തിലാണ് പെട്ടന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന രീതിയില്‍ ഉമ്മന്‍ ചാണ്ടി പ്രതികരണം നടത്തിയത്.

തുടര്‍ന്ന് കേരളത്തിലെ മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം മാധ്യമങ്ങളെ അറിയിച്ചുവെങ്കിലും കേന്ദ്ര നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും ഇതുവരെ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു പ്രതികരണം ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി തന്‍റെ മുന്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here