സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കില്ലേ? പിസി ജോര്‍ജിനോട് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയതിനും അവരെ കുറിച്ച് മോശമായി സംസാരിച്ചതിനും റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പിസി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം താങ്ങാനാവാതെ പി സി ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.

ആരെക്കുറിച്ചും എന്തു പറയാമെന്നാണോ പ്രതി കരുതുന്നതെന്ന് ഹര്‍ജി പരിഗണിച്ചയുടന്‍ കോടതി ചോദിച്ചു.

പൈശാചികമായ കുറ്റകൃത്യത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും മാനസികമായി ആക്രമിക്കുന്നത് എന്തിനാണ്. വീട്ടിലിക്കുന്ന സ്ത്രീകളെ കുറിച്ച് പ്രതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ. പാഞ്ചാലിയുടെയും ദ്രൗപതിയുടെയുമെല്ലാം കാലമല്ല ഇത്. പുരുഷ മേധാവിത്വത്തിന്റെ കാലം കഴിഞ്ഞു. പീഡനത്തിന് ഇരയായ സ്ത്രീകളെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത് എന്തിനാണ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കില്‍ നടി അടുത്ത ദിവസം എങ്ങനെയാണ് ഷൂട്ടിംഗിനു പോയത് എന്നാണ് പ്രതി പറഞ്ഞത്. അവര്‍ ധൈര്യശാലിയായതിനാലായിരിക്കും പോയിട്ടുണ്ടാവുക. സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും കോടതി ചോദിച്ചു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കി വെച്ചിരിക്കുന്നത് യുവനടിയേയാണെന്ന് പൊലീസിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ചൂണ്ടിക്കാട്ടി.

പിസി ജോര്‍ജ് യുവനടിയുടെ പേരും വിലാസവും വരെ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇരയെ ഏതെങ്കിലും തരത്തില്‍ തിരിച്ചറിയാവുന്ന പ്രസ്താവനയോ പ്രചരണമോ ആരും നടത്തരുതെന്ന നിപുന്‍ സക്സേന-യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ സുപ്രിംകോടതി വിധിയുടെ ലംഘനമാണ് നടന്നിരിക്കുന്നത്. ഈ ഹര്‍ജി തന്നെ ഒരു കുറ്റമാണെന്നും സുമന്‍ ചക്രവര്‍ത്തി ചൂണ്ടിക്കാട്ടി.

ഇരയെ അപകീര്‍ത്തിപ്പെടും വിധത്തിലുള്ള പ്രവൃത്തികള്‍ കുറ്റം ആവര്‍ത്തിക്കുന്നതിന് തുല്യമാണെന്ന് കോടതി വീണ്ടും വിമര്‍ശിച്ചു. തുടര്‍ന്ന് പിസി ജോര്‍ജ് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News