വർഗീയത വീഴും; വികസനം വാഴും; ഇത് കേരളമാണ്; ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിച്ച് ഇത് നമുക്കു കാണിച്ചുകൊടുക്കണം – കോടിയേരി

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലെ 20 മണ്ഡലത്തിലും നാമനിർദേശപത്രികാ സമർപ്പണം ആരംഭിച്ചു. ബിജെപിയെ അധികാരഭ്രഷ്ടമാക്കി മതനിരപേക്ഷ–ജനപക്ഷ സർക്കാരിനെ കേന്ദ്രത്തിൽ അധികാരത്തിലേറ്റുന്നതിൽ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ പാർലമെന്റിലെ പങ്കാളിത്തം പ്രധാന ഘടകമാണ്.

ഫാസിസ്റ്റ് സ്വഭാവമുള്ള ഹിന്ദുത്വ വർഗീയശക്തിയെ തളയ്ക്കുക, നവ ഉദാരവൽക്കരണ സാമ്പത്തികനയത്തെ തടയുക, ജനപക്ഷഭരണം ഉറപ്പാക്കുക – എന്നീ കാര്യങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാകണം. ബാലറ്റ് അങ്കത്തിലെ ഉൾക്കാമ്പാർന്ന രാഷ്ട്രീയമാണ് ഇത്.

ഇതിനെ വിസ്മരിച്ച‌്, തെരഞ്ഞെടുപ്പ് പോരാട്ടത്തെ വ്യക്തിയധിഷ്ഠിതമോ ജാതി‐മത‐വർഗീയബന്ധിതമോ ആക്കാനാണ് വിവിധ വലതുപക്ഷ രാഷ്ട്രീയശക്തികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പരിശ്രമിക്കുന്നത്.

വലതുപക്ഷ മുന്നണികൾ വർഗീയതയെ താലോലിക്കുന്നു ഇതിനായി കേരളത്തിന്റെ കാര്യത്തിൽ വലതുപക്ഷശക്തികൾ, അത് ആർഎസ്എസ് നയിക്കുന്ന എൻഡിഎ ആകട്ടെ, കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ ആകട്ടെ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയെ തകർക്കുക എന്നതിലാണ് ലക്ഷ്യമിടുന്നത്. ഇത് സംഭവിച്ചെങ്കിലേ ഇരുകൂട്ടർക്കും രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാകൂ.

അതിനുവേണ്ടി വലതുപക്ഷത്തെ രണ്ടു മുന്നണികളും വർഗീയതയെ താലോലിക്കുകയും തീവ്രവാദികൾ അടക്കമുള്ള വർഗീയശക്തികളെ കൂട്ടുപിടിക്കുകയും ചെയ്തിരിക്കുന്നു. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സൃഷ്ടിക്കാൻ നിലകൊള്ളുന്ന ആർഎസ‌്എസ് സ്വയമേവ വിനാശകരമായ വർഗീയസംഘടനയാണ്.

ആർഎസ്എസ് നയിക്കുന്ന ബിജെപിയെ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ആകട്ടെ, ഹിന്ദുത്വ വർഗീയതയെ തുറന്ന‌് എതിർക്കാനല്ല, മൃദുഹിന്ദുത്വം പുൽകാനാണ് വെമ്പൽകൊള്ളുന്നത്. അത്തരം സ്വഭാവമുള്ള കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് കേരളത്തിൽ ജമാഅത്ത് ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വർഗീയസംഘടനകളെ കൂട്ടുപിടിച്ചിരിക്കുന്നു. മാത്രമല്ല, സംസ്ഥാനത്ത് പലയിടത്തും കോ‐ലീ‐ബി സഖ്യത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയുമാണ്.

കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയെ വർഗീയതയുടെ പിക്കാസും കോടാലിയുംകൊണ്ട‌് തകർക്കാനാണ് ഇരുമുന്നണികളുടെയും ലാക്ക്. അത് വിജയകരമായി ചെയ്താലേ എൽഡിഎഫിനെ തോൽപ്പിക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയാണ് ഈ പണിയിൽ ഇക്കൂട്ടർ വ്യാപൃതരായിരിക്കുന്നത്.

സീറ്റിനും വോട്ടിനും വേണ്ടിയുള്ള ആർത്തിയിൽ തകർക്കപ്പെടുന്നത് കേരളത്തിന്റെ ഹൃദയമാണ്. മകൻ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീർ കണ്ടാൽ മതി എന്ന ചിന്താഗതിയിലാണ് ഇരുകൂട്ടരും. വർഗീയത ആളിക്കത്തിച്ചും വിശ്വാസത്തിന്റെപേരിൽ തെറ്റിദ്ധാരണ പരത്തിയും എൽഡിഎഫിനെ തോൽപ്പിക്കാനാകുമോ എന്ന പരീക്ഷണത്തിൽ ബിജെപിയും കോൺഗ്രസും അവരുടെ മുന്നണികളും യോജിപ്പിലാണ്.

എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം മതനിരപേക്ഷ–ജനപക്ഷ ഭരണമുള്ള ഇന്ത്യ ഉണ്ടാകണമെന്നാണ് പ്രബുദ്ധതയുള്ള കേരളമക്കൾ ആഗ്രഹിക്കുന്നത്. അവരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ പാർലമെന്റിലെ കരുത്തുറ്റ സാന്നിധ്യം കൂടിയേ കഴിയൂ. അത് കേരളത്തിലെ ബഹുഭൂരിപക്ഷം വോട്ടർമാർ തിരിച്ചറിയുന്നുണ്ട്. ഇടതുപക്ഷം, വലതുപക്ഷം എന്നത് എന്താണ്? അവയുടെ വേർതിരിവ് എന്താണ്? അതു നല്ലതുപോലെ ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.

അഞ്ചുവർഷത്തെ മോഡിഭരണം, മൂന്നുവർഷത്തെ എൽഡിഎഫ് ഭരണം, അഞ്ചാണ്ടിലെ യുഡിഎഫ് ഭരണം – ഇതിന്റെ അനുഭവങ്ങൾ ബോധ്യമുള്ളവരാണ് ജനങ്ങൾ. ആയിരം ദിവസങ്ങൾക്ക് മുമ്പുള്ള കേരളഭരണം എൽഡിഎഫ് ഏറ്റെടുക്കുമ്പോൾ ബഹുഭൂരിപക്ഷം വലിയ ആശയോടെയും ഒരു ചെറുന്യൂനപക്ഷം ആശങ്കയോടെയുമാണ് വീക്ഷിച്ചത്.

എന്നാൽ, മൂന്നുവർഷത്തോളമാകുന്ന ഭരണത്തിലെ അനുഭവങ്ങൾ ബഹുഭൂരിപക്ഷം പുലർത്തിയ ആശകളെ ശക്തിപ്പെടുത്തുന്നു. നല്ല കാര്യങ്ങൾ ജനതാൽപ്പര്യത്തിന് അനുസൃതമായി നടപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളീയർ ആറുപതിറ്റാണ്ടായി കണ്ടിരുന്ന സ്വപ്നങ്ങൾ പലതും യാഥാർഥ്യമാക്കാനുള്ള വിപുലമായ സാധ്യതകൾ പിണറായി വിജയൻ സർക്കാർ തുറന്നിരിക്കുന്നു. ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് കരുതിയ, റോഡ് വികസനം, ഗെയിൽ പൈപ്പ് ലൈൻ, കോവളം–കോട്ടപ്പുറം ജലപാത തുടങ്ങിയതെല്ലാം നടപ്പാക്കുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കുന്നതിന് സുദൃഢമായ ചുവടുവയ്പ് നടത്തുന്നു. ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുന്നതാണ് എൽഡിഎഫ് ഭരണം.

എന്നാൽ, ഇതിന് നേർവിപരീതമാണ് മോഡി ഭരണവും യുഡിഎഫിന്റെയും കോൺഗ്രസിന്റെയും മുൻ ഭരണങ്ങളും. ജനങ്ങളെ പറ്റിക്കുന്നതിൽ ബിജെപിയും കോൺഗ്രസും മത്സരത്തിലാണ്. ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇടുമെന്ന വാഗ്ദാനം പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി മറന്നു. നോട്ട് നിരോധന പരിഷ്കാരത്തിലൂടെ കള്ളപ്പണം, ഭീകരത, അഴിമതി എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒഴുക്കിക്കളയുമെന്നാണ് മോഡി പറഞ്ഞത്.

ഗുണഫലം 50 ദിവസത്തിനുള്ളിൽ കണ്ടില്ലെങ്കിൽ തന്നെ ജീവനോടെ ചുട്ടുകൊല്ലൂ എന്ന വായ്ത്താരിയും മുഴക്കി. പക്ഷേ, ഒരു ഗുണഫലവും രാജ്യത്തിനുണ്ടായില്ല. നോട്ടില്ലാ ക്രയവിക്രയ സമ്പദ്ഘടന എന്ന മോഡിയുടെ പിന്നീടുള്ള പ്രഖ്യാപനവും പാളി. ഇതെല്ലാം വണ്ടിക്കുപിന്നിൽ കുതിരയെ കെട്ടുംപോലെയായി. കർഷക ആത്മഹത്യ വർധിച്ചു. വ്യവസായ–വാണിജ്യമേഖല തകർന്നു. രണ്ടുകോടി തൊഴിൽ ഓരോ വർഷവും പുതുതായി ഉണ്ടാക്കുമെന്ന‌് പറഞ്ഞതും മോഡി മറന്നു. റഫേൽ വിമാന അഴിമതിയിലൂടെ പ്രധാനമന്ത്രിതന്നെ പ്രതിക്കൂട്ടിലായി. എന്തുകൊണ്ട് ബിജെപി ഭരണത്തിൽ ഭീകരാക്രമണം വർധിക്കുകയും തുടർസംഭവങ്ങളാകുകയും ചെയ്യുന്നു എന്നതിന് വിശദീകരണമില്ല.

വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നു
വോട്ടിനായി പൊതുവാഗ്ദാനങ്ങൾ വിളമ്പി ജനങ്ങളെ കബളിപ്പിക്കുന്നതിൽ ബിജെപിയും കോൺഗ്രസും മാരത്തോൺ മത്സരത്തിലാണ്. പ്രകടനപത്രികയ‌്ക്ക് മുന്നോടിയായി കോൺഗ്രസ് ഇറക്കിയ ദാരിദ്ര്യനിർമാർജനപദ്ധതി വാഗ്ദാനം അതാണ് വിളിച്ചറിയിക്കുന്നത്. പാവങ്ങളെ സഹായിക്കാനുള്ള ഏതു പദ്ധതിയെയും കമ്യൂണിസ്റ്റുകാരും എൽഡിഎഫും പിന്തുണയ്ക്കും. പക്ഷേ, കോൺഗ്രസ് എന്നും ജനങ്ങളെ പറ്റിക്കുന്ന പ്രകടനപത്രികകളാണ് പുറത്തിറക്കിയിട്ടുള്ളത്. 1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഗരീബി ഹഠാവോ’ എന്ന വാഗ്ദാനം നൽകി. അടിയന്തരാവസ്ഥയിൽ 20 ഇന പരിപാടിയിൽ ആദ്യ ഇനം ദാരിദ്ര്യ നിർമാർജനമായിരുന്നു. പക്ഷേ, ദാരിദ്ര്യമല്ല, ദരിദ്രരെയാണ് കോൺഗ്രസ്‐ബിജെപി ഭരണങ്ങൾ തുടച്ചുനീക്കുന്നത്.

അതിസമ്പന്നരുടെ എണ്ണം വർധിപ്പിക്കുന്നു. പ്രസിദ്ധ സാമ്പത്തികശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി ഉൾപ്പെടെയുള്ളവരുമായി ചർച്ചചെയ‌്ത‌് രൂപംനൽകിയതെന്ന് അവകാശപ്പെട്ടാണ് അഞ്ച‌് കോടി ദരിദ്രകുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പരിപാടി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ഇതിന് 5.3 ലക്ഷം കോടിരൂപ വേണം. അത് ചെയ്യണമെങ്കിൽ നിലവിലുള്ള തൊഴിലുറപ്പുപദ്ധതിയോ സമാനമായ മറ്റു പദ്ധതികളോ റദ്ദാക്കണം. വരുമാനസ്രോതസ്സ്് വ്യക്തമാക്കാത്ത പദ്ധതി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ രാജ്യത്തെ ഏറ്റവും ദരിദ്രസംസ്ഥാനമായിരുന്നു കേരളം. എന്നാൽ, ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിശീർഷവരുമാനമുള്ളവരുടെ സംസ്ഥാനമായി കേരളം മാറി. ഈ മാറ്റത്തിന് പ്രധാന കാരണക്കാർ നവോത്ഥാനപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും അവരുടെ പ്രവർത്തനവും സമരങ്ങളും ഭരണത്തിലെ ഇടതുപക്ഷ നേതൃത്വത്തിന്റെ ഇടപെടലുമാണ്. ഭൂപരിഷ്കരണം, അധികാര വികേന്ദ്രീകരണം, സമ്പൂർണസാക്ഷരത, കുടുംബക്ഷേമം, കുടുംബശ്രീ, ജനകീയാസൂത്രണം, സാമൂഹ്യക്ഷേമ പെൻഷൻ, ആരോഗ്യപരിപാലനം തുടങ്ങിയവയിലൂടെ ദാരിദ്ര്യം അകറ്റി കേരളത്തെ പൊതുവിൽ അഭിവൃദ്ധിയിലെത്തിച്ചു. ഇന്നും അവശത അനുഭവിക്കുന്ന ഒരു വിഭാഗം ഉണ്ട്.

അവരെ കരുതലോടെ മുന്നോട്ടു കൊണ്ടുവരാൻ എൽഡിഎഫ് സർക്കാർ ഒപ്പമുണ്ട്. സാമൂഹ്യ മുന്നേറ്റത്തിൽ കേരളം കാട്ടിയ മാതൃക ദാരിദ്ര്യനിർമാർജനപദ്ധതികൾ നടപ്പാക്കുന്നതിലും സ്വീകരിക്കാവുന്നതാണ്. പദ്ധതിപ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാകരുത്. ഭരണത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ നടപ്പാക്കുന്നതിനുള്ള നിയമപരമായ ബാധ്യത കൊണ്ടുവരാനുള്ള നടപടികൾ ആവശ്യമാണ്.

താൻ ഇന്ത്യയുടെ കാവൽക്കാരനാണെന്ന് അവകാശപ്പെട്ട മോഡി തന്റെ പേരിന് മുന്നിൽ ചൗക്കീദാർ എന്ന് ചേർത്തപ്പോൾ മറ്റു ബിജെപി നേതാക്കളും അത് അനുകരിച്ചു. കർണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ ചൗക്കീദാർ എന്ന പേര് ചേർത്തെങ്കിലും ബിജെപിയുടെ മറ്റ് “ചൗക്കീദാർ’ നേതാക്കൾക്ക് വീതംവച്ചുകൊടുത്ത കോഴപ്പണം 1800 കോടിരൂപയാണ്. അഴിമതിപ്പണം പങ്കുവച്ചത് യെദ്യൂരപ്പയുടെ സ്വകാര്യ ഡയറിത്താളിലൂടെ മാധ്യമങ്ങൾ പുറംലോകത്തെ അറിയിക്കുകയായിരുന്നു.

കേന്ദ്രത്തിൽ ഭരണമാറ്റം വരുമ്പോൾ ഇക്കാര്യത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം ഉണ്ടാകും. അഴിമതിയുടെ കാര്യത്തിൽ മാത്രമല്ല, വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലും മോഡിഭരണം വാഗ്ദാനങ്ങൾ ലംഘിച്ചു. പെട്രോൾ–ഡീസൽ വിലവർധനയെപ്പറ്റി ഇപ്പോൾ മോഡിക്ക് മിണ്ടാട്ടമില്ല. ഇന്ധനവില ഒരുരൂപ കൂടിയാൽ സാധനവില അതിനൊപ്പം കയറും. പിടിപ്പുകേടിലും റെക്കോഡാണ് ബിജെപി ഭരണങ്ങൾ.

യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ ഓക്സിജൻ കിട്ടാതെ 71 കുരുന്നുകൾ ശ്വാസംമുട്ടി മരിച്ചു. എന്നാൽ, ‘നിപ’ രോഗം വന്നപ്പോൾ അതിനെ പ്രതിരോധിക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയായി. പകർച്ചവ്യാധി തടയുന്നതടക്കമുള്ള കാര്യങ്ങൾക്കായി ലോകനിലവാരത്തിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എട്ടുമാസത്തിനുള്ളിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചു.

യുഡിഎഫ് ഭരണത്തിന്റെ പിടിപ്പുകേടുകൊണ്ടു വേണ്ടെന്നുവച്ച സ്ഥാപനമാണ് പിണറായി വിജയൻ സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട‌് യാഥാർഥ്യമാക്കിയത്. സാമൂഹ്യപെൻഷനുകൾ യുഡിഎഫ് ഭരണത്തിൽ കുടിശ്ശികയായിരുന്നു. എന്നാൽ, പെൻഷൻ തുക 600 രൂപയിൽനിന്ന് 1200 രൂപയാക്കുകയും അത് ഒരുമാസത്തെ മുൻകൂർ തുക ഉൾപ്പെടെ 5600 രൂപ വിതരണംചെയ്യുന്നു എൽഡിഎഫ് സർക്കാർ.

ഇങ്ങനെ ഭരണനടപടികളിലെ വ്യത്യസ്തത കൊണ്ട‌് ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെയല്ല എന്ന് തെളിയുന്നു. നമുക്കും നാടിനും ആവശ്യം ജനങ്ങളെ മറക്കാത്ത യഥാർഥ വികസനമാണ്. വർഗീയത വാഴാത്ത, വികസനം വാഴുന്ന മണ്ണാണ് കേരളം എന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിച്ച‌് നമുക്ക് കാണിച്ചുകൊടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News