അമേഠിയില്‍ നിന്നുള്ള എംപിയായി തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

അമേഠിയില്‍ നിന്നുള്ള എംപിയായി തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയില്‍ മത്സരിക്കാനുള്ള ആവശ്യം ന്യായമെന്നും ഒരു ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ രാഹുല്‍ തീരുമാനം പറഞ്ഞില്ല. ഇതോടെ വയനാട്ടില്‍ മത്സരിച്ച് വിജയിച്ചാലും രാഹുല്‍ മണ്ഡലം നിലനിര്‍ത്തില്ലെന്ന് വ്യക്തമായി

രാഹുല്‍ ഗാന്ധി വയനാട്ടിലോ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ മത്സരിക്കുമോ എന്ന ചോദ്യം സജീവമായി നിലനില്‍ക്കവെയാണ് താന്‍ അമേഠിയില്‍ നിന്നുള്ള എംപിയായി തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിയത്.

അമേഠി തന്റെ കര്‍മ്മ ഭൂമിയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് മണ്ഡലം നിലനിര്‍ത്തുമെന്ന് ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കിയത്.

എന്നാല്‍ അതേസമയം ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം ശരിയാണെന്ന് മാത്രമായിരുന്നു രാഹുലിന്റെ പ്രതികരണം. താന്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയരാന്‍ കാരണം മോദിയാണ്. ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയില്‍ സ്‌നേഹത്തിന്റെ പാതയുണ്ടായിരുന്നു.

എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ് താന്‍ അവിടെ മത്സരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു.ഈ ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് വിജയിച്ചാല്‍ മണ്ഡലം നിലനിര്‍ത്തുമെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. അമേഠിയാണ് താന്‍ നിലനിര്‍ത്തുകയെന്ന് രാഹുല്‍ വ്യക്തമാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇതിനും മറുപടി പറയേണ്ട അവസ്ഥയിലായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News