കിഫ്ബിയുടെ മസാല ബോണ്ടില്‍ വിദേശ നിക്ഷേപകരുടെ വക 2150 കോടി; നന്ദി അറിയിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചാലകശക്തിയായ കിഫ്ബിയില്‍ 2150 കോടിയുടെ വിദേശ നിക്ഷേപം. മസാല ബോണ്ട് (ഇന്ത്യന്‍ രൂപയിലുള്ള കടപ്പത്രം) വഴിയാണ് വിദേശ നിക്ഷേപകരില്‍നിന്ന് കിഫ്ബി ധനം സമാഹരിച്ചത്.

ഈ തുക അക്കൗണ്ടില്‍ വെള്ളിയാഴ്ച വൈകിട്ടോടെ എത്തി. ഇതോടെ കിഫ്ബിയുടെ കൈവശമുള്ള പണം 9927 കോടി രൂപയായി ഉയര്‍ന്നു. പദ്ധതികള്‍ക്ക് ധനസമാഹരണത്തിനുള്ള വിവിധ ശ്രമങ്ങള്‍ക്ക് ആവേശം പകരുന്നതാണ് മസാല ബോണ്ടിന് ലഭിച്ച സ്വീകാര്യത.

ഒപ്പം മറ്റ് മേഖലകളിലും കൂടുതല്‍ വിദേശനിക്ഷേപം കേരളത്തിലേക്ക് ഒഴുകിയെത്തും.

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനത്തിന്റെ വികസനാവശ്യത്തിന് മസാല ബോണ്ടുവഴി ധനശേഖരണം നടത്തുന്നത്.

ബജറ്റിന് പുറത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ധനശേഖരണം നടത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാനാകുന്നുവെന്നതിന്റെ തെളിവായി മസാല ബോണ്ട് മാറി.

നിക്ഷേപകരുടെ താല്‍പ്പര്യം മാനിച്ച് അന്താരാഷ്ട്ര ഓഹരി വിപണിയില്‍ ഏപ്രില്‍ ആദ്യവാരം മസാല ബോണ്ട് വീണ്ടും വില്‍പ്പനയ്ക്ക് വയ്ക്കും. ഇതുവഴി മൊത്തം 2650 കോടി സമാഹരിക്കാനാണ് ലക്ഷ്യം.

റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് 2672 കോടി രൂപക്കാണ്. കിഫ്ബിയുടെ പ്രവര്‍ത്തനമികവിനും വിശ്വാസ്യതയ്ക്കുമുള്ള അംഗീകാരമാണ് ഈ ഇടപാട്.

കിഫ്ബി പദ്ധതികള്‍ക്ക് വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കിയ മികച്ച ക്രെഡിറ്റ് റേറ്റിങ്ങിന്റെഅടിസ്ഥാനത്തിലാണ് ലണ്ടന്‍, സിംഗപ്പൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ മാര്‍ച്ച് 26ന് കടപ്പത്രം വില്‍പ്പനയ്ക്ക് വച്ചത്.

29ന് വില്‍പ്പന അവസാനിപ്പിച്ചപ്പോള്‍ 2150 കോടി രൂപയുടെ കടപ്പത്രങ്ങള്‍ വിറ്റുപോയി. രണ്ടുകോടി അംഗങ്ങളുള്ള ക്യാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡാണ് മുഖ്യ നിക്ഷേപകര്‍.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ മസാല ബോണ്ട് ഇടപാടാണിത്. ഒപ്പം, 2016ല്‍ റിസര്‍വ് ബാങ്ക് മസാല ബോണ്ടിന് അംഗീകാരം നല്‍കിയശേഷമുള്ള ഏറ്റവും വലിയ മൂന്നാമത്തെ ധനസമാഹരണവും.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അഭ്യന്തര വിപണിയില്‍നിന്ന് കടമെടുത്തതിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കിലാണ് കിഫ്ബി അന്താരാഷ്ട്ര വിപണിയില്‍നിന്ന് ധനം സമാഹരിച്ചത്. 15 മാസമായി സര്‍ക്കാരും ധനവകുപ്പും നടത്തിയ കഠിനപ്രയത്‌നത്തിന്റെ വിജയമാണിത്. കഴിഞ്ഞവര്‍ഷം മേയിലാണ് വിദേശവിപണിയില്‍ കടപ്പത്രം പുറത്തിറക്കാന്‍ അനുമതിക്കായി റിസര്‍വ് ബാങ്കിനെ സമീപിച്ചത്.

തൊട്ടടുത്തമാസം ആര്‍ബിഐ അനുമതി നല്‍കി. പിന്നീട് ക്രെഡിറ്റ് റേറ്റിങ്ങിനായി വിവിധ അന്താരാഷ്ട്ര ഏജന്‍സികളുമായി ചര്‍ച്ച നടത്തി. റേറ്റിങ് ലഭിച്ചതിനു പിന്നാലെ സെപ്തംബറില്‍ ലണ്ടന്‍, സംഗപ്പൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റുചെയ്തു.

കടപ്പത്രം വാങ്ങാന്‍ താല്‍പ്പര്യമുള്ള വിദേശ നിക്ഷേപകരുടെ പ്രതിനിധികള്‍ കിഫ്ബി ഉദ്യോഗസ്ഥരുമായും ധനമന്ത്രി ടി എം തോമസ് ഐസക്കുമായും ചര്‍ച്ച നടത്തി.

സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടിരൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു.

പതിനഞ്ചു മാസമായി കിഫ്ബി ആഗോള ധനകാര്യ വിപണിയില്‍ നടത്തിയ അതിസങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി ഉഡായിപ്പാണെന്നു പറഞ്ഞവര്‍ക്കും സന്ദേഹവാദികള്‍ക്കുമുള്ള മറുപടിയാണ് മസാലബോണ്ടുവഴിയുള്ള ധനസമാഹരണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കിഫ്ബി ഉഡായിപ്പ് അല്ലായെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.

നിയമസഭയില്‍ കിഫ്ബി നിയമം ചര്‍ച്ച ചെയ്യുമ്പോഴും മറ്റ് അവസരങ്ങളിലും കിഫ്ബി മുന്നോട്ടുവയ്ക്കുന്ന ബിസിനസ് മോഡല്‍ വിശദീകരിച്ചതാണെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News