അതിജീവനത്തിന്റെ ചുവടുകളുമായി മുംബൈയിൽ ചവിട്ടുനാടകം അരങ്ങേറി

മുംബൈ: രാജ്യത്തെ പ്രശസ്ത സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്ട്സിൽ കേരളത്തിലെ തീരദേശത്ത് നിന്നെത്തിയ കലാകാരന്മാർ ചവിട്ടുനാടകത്തിനായി ചുവടുകൾ വച്ചപ്പോൾ കേരളീയ സംഗീത നാടക അക്കാദമി മുംബൈ ഘടകത്തിന് ചാരിതാർഥ്യത്തിന്റെ നിമിഷങ്ങൾ.

പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടപ്പോൾ തങ്ങളെ കൈപിടിച്ചുയർത്തിയവർക്കുള്ള പ്രണാമം കൂടിയായിരുന്നു NCPA അങ്കണത്തിൽ തിരുത്തിപ്പുറം നവരത്ന കലാസാംസ്കാരിക വേദി സമർപ്പിച്ച ചവിട്ടു നാടകം.

രാജാവ്, മന്ത്രി, രാക്ഷസന്മാര്‍, ഭടന്മാരുമൊക്കെയായി അരങ്ങു നിറയുന്ന വേഷങ്ങളുടെ നിറ കാഴ്ചയില്‍ ചവിട്ടുനാടകം മറുനാട്ടിലെ കലാസ്വാദകർക്ക് കൌതുക കാഴ്ചയായി.

വര്‍ണ്ണാഭമായ ആടയാഭരണങ്ങള്‍ അണിഞ്ഞ് താടിയും തലപ്പാലവും വച്ച കഥാപാത്രങ്ങളില്‍ ചിലര്‍ വാളുമേന്തി ചടുലതാളത്തില്‍ ചുവടുവച്ചപ്പോള്‍ അരങ്ങൊഴിഞ്ഞു പോയ കലാരൂപത്തിന്റെ വീണ്ടെടുക്കലിനാണ് നഗരം സാക്ഷ്യം വഹിച്ചത്.

പ്രളയ നഷ്ടങ്ങൾക്ക് ശേഷമുള്ള ചവിട്ട് നാടക കലാകാരന്മാരുടെ അരങ്ങേറ്റം കൂടിയായിരുന്നു മുംബൈയിൽ കേരളീയ സംഗീത നാടക അക്കാദമി ഒരുക്കിയ വേദി.

പ്രളയ ദുരിതത്തിൽ ജീവിതം തകിടം മറിഞ്ഞപ്പോൾ കൈപിടിച്ചുയർത്തിയ കെ എസ് എൻ എ മുംബൈ ഘടകത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടാണ് ചവിട്ടു നാടകത്തിന്റെ തിരശീല ഉയർന്നത്.

പുനരുദ്ധാരണത്തിന് ശേഷമുള്ള ആദ്യ വേദിക്ക് കേരള സംഗീത നാടക അക്കാദമിക്കും എൻ സി പി എ അധികൃതർക്കും നവരത്ന കലാസാംസ്കാരിക വേദി കൃതജ്ഞത രേഖപ്പെടുത്തി.

കൃസ്തീയ കലാരൂപമായ ചവിട്ടു നാടകത്തെ മത മേലധ്യക്ഷന്മാർ പോലും പ്രോത്സാഹിപ്പിച്ചില്ല – റാഫേൽ ആശാൻ

എൺപതുകളിൽ ടെലിവിഷന്റെ കടന്നു കയറ്റത്തോടെയാണ് ഈ കലാരൂപത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതെന്നാണ് തിരുത്തിപ്പുറം നവരത്ന കലാസാംസ്കാരിക വേദിയിൽ നിന്നെത്തിയ റാഫേൽ ആശാൻ പറയുന്നത്.

സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും ഈ കലയെ തളർത്തുകയായിരുന്നുവെന്ന് പറയുമ്പോൾ ആശാന്റെ വാക്കുകളിൽ കടുത്ത നിരാശ.

അരങ്ങിലെ ആർഭാടവും വേഷങ്ങളുടെ ധാരാളിത്തവും അവഗണിക്കാനാകാത്ത ചിലവുകളായപ്പോൾ സംഘാടകർ ജനപ്രീതിയുള്ള ചെലവ് കുറഞ്ഞ പരിപാടികളിലേക് ചുവടു മാറി.

ആശ്രയിക്കാൻ പറ്റാത്ത കലയെ പിന്നീട് പലരും കൈയ്യൊഴിഞ്ഞതോടെ ഉപജീവനത്തിനായി ഇതര മാർഗങ്ങൾ തേടുവാൻ തുടങ്ങി അവശേഷിക്കുന്നവരും.

അങ്ങിനെ ഒഴിവു വേളകളിലെ വിനോദമായി ചുരുങ്ങുകയായിരുന്നു ചവിട്ടു നാടകം. എന്നാൽ പ്രതാപ കാലങ്ങളിൽ ഉത്സവ പറമ്പുകളെയും പള്ളി പെരുന്നാളുകളെയും സമ്പന്നമാക്കിയിരുന്ന കലയാണ് ചവിട്ടുനാടകമെന്നും ആശാൻ ഓർമിപ്പിച്ചു.

കൃസ്തീയ കലാരൂപമായ ചവിട്ടു നാടകത്തെ മതമേലധ്യക്ഷന്മാർ പോലും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് പറയാൻ തനിക്കൊരു മടിയുമില്ലെന്ന് റാഫേൽ തുറന്നടിച്ചു.

മുഖമില്ലാത്ത കലാകാരന്മാർ

അരങ്ങിൽ വേഷഭൂഷാധികളോടെ കിരീടവും, നീണ്ട മുടിയും, പിരിച്ചു വച്ച മീശയുമായി ചമയത്തിന്റെ അതിപ്രസരത്തോടെ എത്തിയിരുന്ന കലാകാരന്മാരെ കുടുംബക്കാർക്ക് പോലും തിരിച്ചറിയാൻ കഴിയില്ല.

കാഥികനും നാടക നടനും മിമിക്രിക്കാർക്കും കിട്ടി കൊണ്ടിരുന്ന അംഗീകാരം അത് കൊണ്ട് തന്നെ ചവിട്ടു നാടകത്തിലെ കലാകാരന്മാരെ തേടിയെത്തിയതുമില്ല.

അവഗണിക്കപ്പെട്ട ഒരു കലാ വിഭാഗത്തിലെ മുഖമില്ലാത്ത കലാകാരന്മാരായി അതിജീവനത്തിന്റെ പാതയായിരുന്നു അവർക്കെന്നും.

ഗോതുരുത്തും തിരുത്തപുറത്തും ഈ കലാരൂപം നിലനിൽക്കുന്നത് യുവജന കലാസമിതി പോലുള്ള പരിശീലന കളരികളുടെ സാന്നിധ്യം കൊണ്ടാണെന്നാണ് രാജാവായി വേഷമിട്ട കലാകാരൻ പറഞ്ഞത്.

ജന്മസിദ്ധമായി കിട്ടുന്ന കഴിവാണ് കലാകാരന്മാരുടെ ഊർജമെന്നും ഇവരെല്ലാം പറയുന്നു. സ്‌കൂൾ കലോത്സവങ്ങൾ ഈ കലക്ക് പുതു ജീവൻ നൽകിയിട്ടുണ്ടെന്നും ധാരാളം ചെറുപ്പക്കാർ ഈ രംഗത്തേക്ക് കടന്നു വരുവാൻ തുടങ്ങിയെന്നുമാണ് ഇവർ പ്രത്യാശയോടെ പങ്കു വച്ചത് .

ദൗത്യം പൂർത്തിയായ ചാരിതാർഥ്യത്തിൽ കേരള സംഗീത നാടക അക്കാദമി

കെ എസ് എൻ എ പശ്ചിമ മേഖലയുടെ നേതൃത്വത്തിലായിരുന്നു കലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. KSNA കൈ പിടിച്ചുയർത്തിയ 6 ചവിട്ടുനാടക സംഘങ്ങളിലൊന്നാണ് തിരുത്തിപ്പുറം നവരത്ന കലാസാംസ്കാരിക വേദി.

സർവ്വതും നഷ്ടപ്പെട്ട ചവിട്ടുനാടകം എന്ന കലാരൂപത്തിനെ വീണ്ടെടുക്കാൻ നടത്തിയ ഉദ്യമത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് മുംബൈയിൽ രണ്ടിടങ്ങളിലായി അരങ്ങേറുന്ന ചവിട്ടു നാടകങ്ങൾ.

കെ എസ് എൻ എ പശ്ചിമ മേഖല ചെയർപേഴ്‌സൺ പ്രിയാ വർഗീസ്, കേളി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

കലയോടുള്ള ഇവരുടെ ആസക്തിയും കലാകാരന്മാരുടെ ഊര്‍ജ്ജസ്വലതയുമെല്ലാം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് NCPA ഡയറക്ടർ പ്രശാന്ത് കർക്കേറെ അഭിപ്രായപ്പെട്ടു.

ഈ കല ഇവരുടെ ജീവിതമാർഗമാണെന്ന് കൂടി തിരിച്ചറിയുമ്പോഴാണ് ഇവരെയെല്ലാം വീണ്ടും സ്റ്റേജിൽ എത്തിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പോര്‍ച്ചുഗീസ് അധിനിവേശക്കാലത്താണ് ഈ ക്രിസ്തീയ കലാരൂപം കേരളത്തില്‍ ജനകീയമാകുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വളരെയധികം ജനശ്രദ്ധയാര്‍ജ്ജിച്ച ക്രിസ്ത്യന്‍ അത്ഭുത നാടകങ്ങളുടെ മാതൃകയിലാണ് ചവിട്ടു നാടകങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പാശ്ചാത്യ രീതിയിലുള്ള വേഷവിധാനങ്ങള്‍-പ്രത്യേകിച്ചും യവന-റോമന്‍ ശൈലിയിലുള്ളവയാണ് ഇതിലുപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News